*'വൻ സാമ്പത്തിക പ്രതിസന്ധിയിലെന്ന് സർക്കാർ'; ഹൈക്കോടതിയിൽ സത്യവാങ്മൂലം*

കൊച്ചി: സംസ്ഥാനം വൻ സമ്പത്തിക പ്രതിസന്ധിയിലെന്ന് സർക്കാർ ഹൈക്കോടതിയിൽ. സർക്കാർ കടന്നുപോകുന്നത് സാമ്പത്തിക ഞെരുക്കത്തിലൂടെ ആണെന്നാണ് സത്യവാങ്മൂലത്തില്‍ സംസ്ഥാന സർക്കാർ നിലപാട് അറിയിച്ചത്. കെടിഡിഎഫ്സിയുടെ (കേരളാ ട്രാൻസ്പോർട് ഡവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷന്‍) സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട കേസിലാണ് സർക്കാർ നിലപാട് അറിയിച്ചത്. 

സത്യവാങ്മൂലം കേരളത്തെ അപമാനിക്കുന്നതെന്ന് നിരീക്ഷിച്ച കോടതി കേരളത്തിന് പുറത്ത് നാടിന് മോശം പേരുണ്ടാകില്ലേ എന്ന് ചോദിച്ചു. സാമ്പത്തിക അടിയന്തരാവസ്ഥയാണ് എന്നാണോ നിങ്ങൾ പറയുന്നതെന്നും ഭരണഘടന വായിച്ചിട്ടുണ്ടോ എന്നും സർക്കാരിനോട് കോടതി ചോദിച്ചു. അധിക സത്യവാങ്മൂലം നൽകാൻ സർക്കാരിന് കോടതി നിർദ്ദേശം നല്‍കി. ഹർജി 10 ദിവസം കഴിഞ്ഞ് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിച്ചത്. 

സര്‍ക്കാര്‍ ഗ്യാരന്റിയില്‍ നിക്ഷേപിച്ച പണം തിരികെ നല്‍കുന്നില്ലെന്നായിരുന്നു കേരളാ ട്രാൻസ്പോർട് ഡവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷനെതിരെ ഹൈക്കോടതിയില്‍ എത്തിയ ഹര്‍ജി. കൊല്‍ക്കത്ത ആസ്ഥാനമായ ലക്ഷ്മിനാഥ് ട്രേഡ് ലിങ്ക്സ് ആണ് ഹര്‍ജി നല്‍കിയത്.