ജി പേ ചെയ്യാം ചേട്ടാ’, കെ എസ് ആർ ടി സിയും ഡിജിറ്റലാകുന്നു; ചില്ലറത്തർക്കവും, ബാലൻസ് വാങ്ങാൻ മറക്കലും ഇനി ഉണ്ടാവില്ല

അങ്ങനെ നമ്മുടെ സ്വന്തം കെ എസ് ആർ ടി സിയും ഡിജിറ്റലാവുകയാണ്. ചില്ലറയെ ചൊല്ലിയുള്ള തർക്കവും ബാലൻസ് വാങ്ങാൻ മറക്കലുമെല്ലാം ഇനി ഓർമ്മകളാവും. കെ എസ് ആർ ടി സി ബസിൽ ഡിജിറ്റൽ പണമിടപാടുകൾ ജനുവരിയിൽ തുടക്കമാകുമെന്നാണ് റിപ്പോർട്ടുകൾ വ്യകതമാക്കുന്നത്. ട്രാവൽ ,ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയും ഗൂഗിൾപേ, ക്യൂ ആർ കോഡ് എന്നീ മാർഗങ്ങളിൽ കൂടിയും ടിക്കറ്റ് ചാർജ് ബസിൽ തന്നെ നൽകാനാകും.വലിയ ഒരു മുന്നേറ്റമാണ് ഇതോടെ യാത്രാ രംഗത്ത് കെ എസ് ആർ ടി സി കൈവരിക്കാൻ പോകുന്നത്. ടിക്കറ്റും ഡിജിറ്റലായി ഫോണിൽ ലഭിക്കുന്നതോടെ ടിക്കറ്റിനെ ചൊല്ലിയുള്ള പ്രശ്നങ്ങളും മറ്റും പരിഹരിക്കപ്പെടും. പദ്ധതിക്ക് ‘ചലോ ആപ്’ എന്ന സ്വകാര്യ കമ്പനിയുമായാണ് കരാർ. ബസ് ട്രാക്ക് ചെയ്യാനും ആപ്പിൽ സംവിധാനമുള്ളതിനാൽ വണ്ടി എവിടെയെത്തിയെന്നും യാത്രക്കാർക്കു മനസ്സിലാക്കാൻ സാധിക്കും.എല്ലാ തരത്തിലും പ്രയോജനകരമായ സംവിധാനമുള്ള ആൻഡ്രോയ്ഡ് ടിക്കറ്റ് മെഷീനാണ് ബസുകളിൽ ഉപയോഗിക്കുക. ഒരു ടിക്കറ്റിന് 13 പൈസയാണ് ചലോ ആപ്പിന് കെഎസ്ആർടിസി നൽകേണ്ടി വരിക എന്നാണ് സൂചന. ഏത് ബസിലാണു തിരക്ക് കൂടുതലെന്നു മനസ്സിലാക്കാൻ ഡേറ്റാ അനാലിസിസ് സൗകര്യവും ആപ്പിൽ ലഭ്യമാകും. അതോടൊപ്പം തന്നെ സീസൺ ടിക്കറ്റ്, സൗജന്യ പാസ് എന്നിവയുടെ കൃത്യമായ കണക്കും ഈ ആപ്പയിൽ നിന്ന് കെഎസ്ആർടിസിക്ക് ലഭിക്കും. ഡിസംബർ അവസാനത്തോടെ ചലോ ആപ്പിന്റെ ട്രയൽ റൺ ആരംഭിക്കും.