‘തൃക്കാർത്തികയിൽ ദീപ പ്രപഞ്ചമാകാൻ സന്നിധാനം’; ശബരിമലയിൽ വൻ ഭക്തജനതിരക്ക്

ശബരിമലയില്‍ ഇന്നും വന്‍ഭക്തജനത്തിരക്ക്. ഇന്ന് തൃക്കാർത്തികയായതിനാൽ ഓണ്‍ലൈനായി ദർശനത്തിന് ബുക്ക് ചെയ്തത് 68,000 പേരാണ്. ഇന്നലെ ദർശനം നടത്തിയത് 52,400 പേരാണ്. ഇന്ന് കാർത്തിക വിളക്കിനോട് അനുബന്ധിച്ച് തന്ത്രിയും മേൽശാന്തിയും ശ്രീകോവിലിന് സമീപം വിളക്കുകൾ തെളിയിക്കും.വൃശ്ചിക മാസത്തിലെ കാർത്തിക നക്ഷത്രവും പൗർണമിയും ഒന്നിച്ചുവരുന്ന ദിനമാണ് തൃക്കാർത്തികയായി ആഘോഷിക്കുന്നത്. അന്നേ ദിവസം നാടും ന​ഗരവും കാർത്തിക വിളക്കാൽ പ്രകാശ പൂരിതമാകും.ജ്ഞാനത്തിന്റെയും ആ​ഗ്രഹ സാഫല്യത്തിന്റെയും പ്രതീകമായി വൈകുന്നേരം ദീപാരാധന വേളയിലാണ് സന്നിധാനത്ത് കർപ്പൂര ദീപങ്ങൾ തെളിക്കുക.ഗണപതി ഹോമം നടക്കുന്ന മണ്ഡപത്തിൽ തന്ത്രി, മേൽശാന്തി എന്നിവരും പതിനെട്ടാംപടിയുടെ ഇരുവശത്തും കൊടിമരത്തിന് മുൻപിലുള്ള വിളക്കിൽ ദേവസ്വം ജീവനക്കാരും ചേർന്ന് ദീപം തെളിക്കും.