കുട്ടി കയ്യിലുണ്ട്'; 5 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ സന്ദേശം

കൊല്ലം: തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിക്കായി മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ സന്ദേശം. അമ്മയുടെ ഫോണിലേക്കാണ് സന്ദേശമെത്തിയത്. ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയത് ഒരു സ്ത്രീയാണ്. 'കുട്ടി ഞങ്ങളുടെ കയ്യിലുണ്ടെന്നും 5 ലക്ഷം രൂപ കൊടുത്താൽ വിട്ട് നൽകാമെന്നു'മാണ് പറഞ്ഞതെന്നും ബന്ധു അറിയിച്ചു.

കൊല്ലം പൂയപ്പള്ളി കാറ്റാടിയിൽ വച്ചാണ് ഇന്ന് വൈകിട്ട് കുട്ടിയെ കാറിൽ കൊണ്ടുപോയതെന്നാണ് വിവരം. ഒപ്പം ഉണ്ടായിരുന്ന ആൺകുട്ടിയെ തട്ടി മാറ്റി കൊണ്ടുപോയെന്നാണ് പരാതി. സ്വിഫ്റ്റ് ഡിസയർ കാറിൽ ആണ് തട്ടിക്കൊണ്ടുപോയത്. 3176 നമ്പറിലുള്ള കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന് ആൺകുട്ടി പോലീസിനോട് പറഞ്ഞു. കടലാസ് അമ്മയ്ക്ക് കൊടുക്കണമെന്ന് പറഞ്ഞാണ് കാർ അടുത്ത് കൊണ്ട് നിർത്തിയതെന്നും കുട്ടിയെ വലിച്ച് കയറ്റുകയായിരുന്നുവെന്നുമാണ് സഹോദരൻ പറയുന്നത്.