*മകളെ പീഡിപ്പിക്കാൻ കാമുകന് കൂട്ടുനിന്ന അമ്മക്ക് 40 വർഷം തടവ്*

തിരുവനന്തപുരം: ഏഴ് വയസുകാരി മകളെ പീഡിപ്പിക്കാൻ കാമുകന് കൂട്ടുനിന്ന അമ്മക്ക് 40 വർഷം തടവും പിഴയും. പ്രതി മാതൃത്വത്തിന് തന്നെ അപമാനമാണെന്നും യാതൊരു ദയയും അർഹിക്കുന്നില്ലെന്നും തിരുവനന്തപുരം പോക്സോ കോടതി വിമർശിച്ചു. കേസിലെ അതിജീവിതയായ ഏഴ് വയസുകാരിയുടെ ബാല്യം അമ്മ കാരണം തകർന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. കുട്ടിയുടെ രക്ഷകർത്താവും സംരക്ഷകയുമായ അമ്മ കാരണമാണ് കുട്ടിയുടെ ബാല്യം തകർന്നത്. സന്തോഷമായി കഴിയേണ്ട കുട്ടിയുടെ ജീവിതം പ്രതിയുടെ പ്രവൃത്തി മൂലം നശിച്ചുവെന്നും കോടതി വിലയിരുത്തി. 

കാമുകൻ മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അമ്മ കൂട്ടുനിന്നുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ സഹോദരിയാണ് വിവരം പൊലീസിനെ അറിയിച്ചത്. കേസിൽ കുട്ടിയുടെ അമ്മയെയും കാമുകനായ ശിശുപാലനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശിശുപാലനായിരുന്നു കേസിലെ ഒന്നാം പ്രതി. എന്നാൽ വിചാരണ കാലയളവിൽ ഇയാൾ ജീവനൊടുക്കി.

മാനസിക അസ്വാസ്ഥ്യമുള്ള ഭർത്താവിനെ ഉപേക്ഷിച്ചാണ് കേസിലെ പ്രതിയായ സ്ത്രീ കാമുകനുമൊത്ത് താമസം തുടങ്ങിയത്. ഏഴു വയസ്സുകാരിയായ മകള്‍ അമ്മയക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. മൂത്ത കുട്ടി അച്ഛന്റെ അമ്മയ്ക്കൊപ്പമായിരുന്നു താമസം. 2018 മാർച്ച് മുതൽ 2019 സെപ്തംബർ വരെ ഏഴു വയസ്സുകാരിയെ അമ്മയുടെ കാമുകൻ പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയെ കാണാനെത്തിയ മൂത്ത സഹോദരിയെയും ഇയാൾ പീഡിപ്പിച്ചു. അമ്മയ്ക്കൊപ്പം താമസിക്കുന്ന അനുജത്തി നിരന്തരമായി പീഡനം സഹിക്കുകയാണെന്ന കാര്യം മൂത്ത സഹോദരിയാണ് പുറത്ത് പറയുന്നത്. പൊലീസ് ഇടപെട്ട് കുട്ടികളെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റിയ ശേഷം കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് പീഡന വിവരം പറയുന്നത്. പള്ളിക്കൽ പൊലിസ് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. 

പീഡന വിവരം അറിയിച്ചിട്ടും അമ്മ തടഞ്ഞില്ലെന്നും അമ്മയുടെ സാന്നിധ്യത്തിലും പീഡിപ്പിച്ചുവെന്നും ഇളയകുട്ടി മൊഴി നൽകി. ഇളയ കുട്ടിയെ പീഡിപ്പിച്ച കേസിലാണ് അമ്മയെ കൂടി പ്രതിയാക്കിയത്. അഡ്വ. ആർ.എസ് വിജയമോഹനായിരുന്നു സ്പെഷൽ പബ്ലിക് പ്രൊസിക്യൂട്ടർ. ഇപ്പോഴും ചിൽഡ്രൻസ് ഹോമിൽ കഴിയുന്ന രണ്ടുകുട്ടികൾക്കും ജില്ലാ ലീഗൽ സ‍ർവ്വീസ് അതോറിറ്റി നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.