പ്രഭാതവാർത്തകൾ 2023 | നവംബർ 1 | ബുധൻ |

◾വൈദ്യുതി നിരക്ക് വീണ്ടും വര്‍ദ്ധിപ്പിക്കണമെന്നു കെഎസ്ഇബി. യൂണിറ്റിന് 25 മുതല്‍ 41 വരെ പൈസ കൂട്ടണമെന്നാണ് ആവശ്യം. നിരക്ക് കൂട്ടണമെന്ന ആവശ്യം പരിഗണിക്കാന്‍ ചേര്‍ന്ന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ തീരുമാനമെടുക്കാതെ പിരിഞ്ഞു . ഒരംഗത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാല്‍ യോഗം അവസാനിപ്പിച്ചതാണു കാരണം. അടുത്ത ദിവസം വീണ്ടും യോഗം ചേരും.

◾ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. 150 രാജ്യങ്ങളില്‍ ഐഫോണ്‍ ഇത്തരം മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെന്നും പ്രതിപക്ഷം സര്‍ക്കാരിനെ കരിവാരിത്തേക്കുകയാണെന്നും ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. പ്രതിപക്ഷം അന്വേഷണവുമായി സഹകരിക്കണം. ആപ്പിളിനോടു വിശദീകരണം തേടിയിട്ടുണ്ട്. മന്ത്രി പറഞ്ഞു.

*ഇന്ന് കേരളപിറവി*

◾ഇന്നു കേരളപ്പിറവി. തിരുവനന്തപുരത്തു സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം ആഘോഷ പരിപാടികള്‍ക്കു തുടക്കം. രാവിലെ പത്തിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. യു.എ.ഇ, ദക്ഷിണ കൊറിയ, നോര്‍വേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, ചലച്ചിത്ര താരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍, വ്യവസായപ്രമുഖരായ എം.എ യൂസഫലി, രവി പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും. കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുക.

◾മഞ്ചേശ്വരത്തെ എകെഎം അഷ്റഫ് എംഎല്‍എയ്ക്ക് ഒരു വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസിലാണ് കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2010 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭമുണ്ടായത്. എകെഎം അഷ്റഫിനെ കൂടാതെ ബഷീര്‍, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍ എന്നിവരെയും കോടതി ശിക്ഷിച്ചു.

◾ലാവ്ലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റി. സിബിഐയുടെ മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരാകാതിരുന്നതിനാലാണ് കേസ് മാറ്റിവച്ചത്. കേസ് ഇനി എന്നു പരിഗണിക്കുമെന്നു വ്യക്തമാക്കിയിട്ടില്ല.

◾കരുവന്നൂരില്‍ നിക്ഷേപകര്‍ക്ക് ഇന്നു മുതല്‍ പണം വിതരണം ചെയ്യും. 50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി കഴിഞ്ഞ സ്ഥിര നിക്ഷേപങ്ങള്‍ അവശ്യാനുസരണം പിന്‍വലിക്കാം. ബാങ്കില്‍ പുതുക്കി നിക്ഷേപിക്കാനും അവസരമുണ്ടാകും. ബാങ്കില്‍ 50 കോടി രൂപയുടെ പാക്കേജാണ് നടപ്പാക്കുന്നത്. 17.4 കോടി രൂപ ബാങ്കിലുണ്ട്.

◾കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക്ക് മാര്‍ട്ടിനെ കോടതി റിമാന്‍ഡു ചെയ്ത് ജയിലിലേക്കയച്ചു. കേസ് അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി അടുത്ത മാസം 29 വരെയാണ് റിമാന്‍ഡ് ചെയ്തത്. കേസ് സ്വയം കേസ് വാദിക്കാമെന്നു പ്രതി കോടതിയെ അറിയിച്ചു.

◾രണ്ടു ദീര്‍ഘദൂര ട്രെയിനുകള്‍ വൈകും. ഇന്നു പുറപ്പെടേണ്ടിയിരുന്ന ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ് 22 മണിക്കൂര്‍ വൈകി നാളെ പുലര്‍ച്ചെ നാലിനാകും പുറപ്പെടുക. ഇന്നത്തെ എറണാകുളം ജംഗ്ഷന്‍-ടാറ്റാ നഗര്‍ ബൈ വീക്കിലി എക്പ്രസ് 19 മണിക്കൂര്‍ 45 മിനിറ്റ് വൈകി നാളെ പുലര്‍ച്ചെ മൂന്നിനാകും പുറപ്പെടുക.

◾കളമശേരി വിഷയത്തില്‍ വിദ്വേഷ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ബിജെപി ദേശീയ വക്താവ് അനില്‍ ആന്റണിക്കും ബിജെപി നേതാവ് സന്ദീപ് വാരിയര്‍ക്കുമെതിരേ കേസ്. കുമ്പളയിലെ ബസ് സ്റ്റോപ്പിലെ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മതവിദ്വേഷ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് അനില്‍ ആന്റണിക്കെതിരായ കേസ്.

◾ഐഎസ്എല്‍ മത്സരങ്ങള്‍ക്കുശേഷം പ്ലാസ്റ്റിക് കുപ്പികള്‍ അടക്കമുള്ളവ പൊതുയിടങ്ങളില്‍ വലിച്ചെറിയുന്നതിനെ വിമര്‍ശിച്ച് ഹൈക്കോടതി. ഇത്തരം മാലിന്യങ്ങള്‍ കാനകളില്‍ അടിഞ്ഞാല്‍ നഗരത്തില്‍ വെള്ളക്കെട്ടുണ്ടാകും. യുവ തലമുറയും ഇങ്ങനെയായാല്‍ എന്തു ചെയ്യുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

◾പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ ഏറ്റെടുത്ത് കൂടുതല്‍ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ പ്രസ്ഥാനത്തിന്റേയും നവോത്ഥാന പ്രസ്ഥാനത്തിന്റേയും ആശയങ്ങള്‍ തീര്‍ത്ത അടിത്തറയിലാണ് ആധുനിക കേരളത്തെ പടുത്തുയര്‍ത്തിയത്. കേരളപ്പിറവി ആശംസകള്‍ നേര്‍ന്നുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

◾കോഴിക്കോട് ജാനകിക്കാട് കൂട്ട ബലാല്‍സംഗക്കേസിലെ പ്രതികള്‍ക്കു ജീവപര്യന്തം തടവുശിക്ഷ വിധിച്ച് നാദാപുരം പോക്സോ അതിവേഗ കോടതി. 1, 3, 4 പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയാണ് വിധിച്ചത്. രണ്ടാം പ്രതി ഷിബുവിന് 30 വര്‍ഷം തടവും നാദാപുരം പോക്സോ കോടതി വിധിച്ചു.

◾പലസ്തീനില്‍ വെടിനിര്‍ത്തല്‍ വേണമെന്ന യുഎന്‍ പ്രമേയത്തില്‍നിന്ന് വിട്ടുനിന്ന ഇന്ത്യയുടെ നടപടി ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് നടത്തിയ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

◾നേതാക്കള്‍ പ്രസംഗിക്കുന്നതിനു മുമ്പ് സദസിലുള്ളവര്‍ സ്ഥലംവിടാന്‍ തുടങ്ങിയതിനെതിരേ ക്ഷുഭിതനായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കൊല്ലം ടൗണ്‍ ഹാളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

◾വര്‍ഗീയ ഇടപെടലിന് സ്ഥാനമില്ലെന്ന് കേരളം തെളിയിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കളമശേരി സ്ഫോടനത്തിന്റെ പേരില്‍ വര്‍ഗീയ ധ്രൂവീകരണത്തിന് ചിലര്‍ ശ്രമിച്ചു. കേരളം ഒറ്റക്കെട്ടായി ഇതിനെ ചെറുക്കുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

◾മറുനാടന്‍ മലയാളി യൂടൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ കോട്ടയം കുമരകം പൊലീസ് കേസെടുത്തു. കളമശേരി സ്ഫോടനത്തെത്തുടര്‍ന്ന് മത വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ചെന്ന് ആരോപിച്ച് മലപ്പുറം സ്വദേശിയുടെ പരാതിയിലാണ് കേസ്. മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ എറണാകുളം റൂറല്‍ സൈബര്‍ പൊലീസും കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിന്‍ഷാദിന്റെ പരാതിയിലാണ് കേസ്.

◾മൊകേരി ശ്രീധരന്‍ വധക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. ശ്രീധരന്റെ ഭാര്യ ഗിരിജ, മാതാവ് ദേവി, പശ്ചിമ ബംഗാള്‍ സ്വദേശി പരിമള്‍ ഹല്‍ദാര്‍ എന്നിവരെയാണ് കോഴിക്കോട് അഡിഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. ഭാര്യയും ബംഗാള്‍ സ്വദേശിയായ കാമുകനും ഭാര്യ മാതാവും ചേര്‍ന്ന് ശ്രീധരനെ ശ്വാസം മുട്ടിച്ചു കൊന്നെന്നായിരുന്നു കേസ്.

◾ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച മുന്നറിയിപ്പു സന്ദേശങ്ങള്‍ തെറ്റായ മുന്നറിയിപ്പുകളാകാമെന്ന് ആപ്പിള്‍ പ്രസ്താവനയില്‍ അറിയിച്ചു. സന്ദേശത്തിലെ മുന്നറിയിപ്പുകള്‍ എന്തുകൊണ്ടാണെന്നു കണ്ടെത്താന്‍ പ്രയാസമാണ്. ആപ്പിള്‍ വിശദീകരിച്ചു.

◾പ്രതിപക്ഷ സഖ്യത്തിനെതിരായ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍ ഡല്‍ഹി ഹൈക്കോടതിയില്‍. ഹര്‍ജി തള്ളണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ദേശീയ പതാക സഖ്യം ചിഹ്നമായി ഉപയോഗിക്കുന്നില്ലെന്ന് സഖ്യം ചൂണ്ടിക്കാട്ടി. കേസ് നവംബര്‍ 22 ലേക്കു മാറ്റി.

◾മണിപ്പൂരിലെ മൊറേയില്‍ പൊലീസുകാരനെ വെടിവച്ചുകൊന്നു. ലചിങ് തം ആനന്ദ് എന്ന പൊലീസ് ഓഫീസറാണ് കൊല്ലപ്പെട്ടത്. കുക്കി സായുധ സംഘമാണു കൊലപ്പെടുത്തിയതെന്നാണു റിപ്പോര്‍ട്ട്.

◾ജമ്മു കാഷ്മീരിലെ ബാരമുള്ളയില്‍ പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിന് വീരമൃത്യു. ഗുലാം മുഹമ്മദ് ദറിനെയാണ് ഭീകരര്‍ വെടിവച്ചു കൊന്നത്. പൊലീസുകാരന്റെ വീടിനു സമീപത്തായിരുന്നു വെടിവയ്പ്പ്. പ്രദേശം സൈന്യം വളഞ്ഞ് ഭീകരരെ തെരയുന്നുണ്ട്.

◾തായ്‌ലന്‍ഡ് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്ക് അടുത്ത മേയ് മാസംവരെ വിസ വേണ്ട. നവംബര്‍ പത്ത് മുതല്‍ സന്ദര്‍ശക വിസ ഇല്ലാതെ തന്നെ ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡ് സന്ദര്‍ശിക്കാം. എണ്ണായിരം രൂപയാണ് തായ്‌ലന്‍ഡ് സന്ദര്‍ശക വിസയ്ക്കുള്ള ഫീസ്.  

◾അറബ് ലീഗ് രാജ്യങ്ങള്‍ അടിയന്തരമായി വീണ്ടം ഒത്തുചേരുന്നു. നവംബര്‍ 11 ന് സൗദി അറേബ്യയിലെ റിയാദില്‍ അറബ് ലീഗ് രാജ്യങ്ങള്‍ ഒത്തുചേരും. ഗാസയില്‍ ഇസ്രയേല്‍ സൈനിക നീക്കം നടത്തുന്നതിനിടെയാണ് യോഗം.

◾വടക്കന്‍ ഗാസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ സ്ഫോടനത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നൂറു കണക്കിനു പേര്‍ മരിച്ചെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. അഭയാര്‍ത്ഥി ക്യാമ്പില്‍ ബോംബിട്ടത് ഇസ്രയേലാണെന്ന് ഗാസ ആരോപിച്ചു. ഇസ്രയേലി യുദ്ധടാങ്കുകള്‍ ഗാസ മുനമ്പിന്റെ ഹൃദയ ഭാഗത്തു കരയുദ്ധം ശക്തമാക്കി. മരണം പതിനായിരത്തിലേക്ക് അടുക്കുകയാണ്. ഇസ്രായേലിനെതിരെ ആക്രമണം തുടങ്ങിയെന്ന് യമനിലെ ഹൂതി സായുധസംഘം അവകാശപ്പെട്ടു.

◾ഏകദിന ക്രിക്കറ്റ് ലോക കപ്പില്‍ ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് ഏഴ് വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 45.1 ഓവറില്‍ 204 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. ചെറിയ വിജയലക്ഷ്യവുമായിറങ്ങിയ പാകിസ്ഥാന്‍ 32.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി. ഇതോടെ 7 കളികളില്‍ നിന്ന് 6 പോയിന്റു നേടിയ പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്തും 2 പോയിന്റ് മാത്രമുള്ള ബംഗ്ലാദേശ് ഒമ്പതാം സ്ഥാനത്തുമാണ്.

◾പ്രമുഖ നിക്ഷേപ സേവനസ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് നടപ്പുവര്‍ഷത്തെ (2023-24) സെപ്റ്റംബര്‍പാദത്തില്‍ 57.68 ശതമാനം വളര്‍ച്ചയോടെ 37 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദ ലാഭം 24 കോടി രൂപയായിരുന്നു.മൊത്ത വരുമാനം 112 കോടി രൂപയില്‍ നിന്ന് 29.69 ശതമാനം ഉയര്‍ന്ന് 146 കോടി രൂപയുമായി. നടപ്പുവര്‍ഷത്തെ ആദ്യപാദമായ ഏപ്രില്‍-ജൂണിലെ 116 കോടി രൂപയേക്കാള്‍ 25.46 ശതമാനം അധികമാണ് കഴിഞ്ഞപാദ വരുമാനം. ലാഭം ജൂണ്‍പാദത്തിലെ 22 കോടി രൂപയില്‍ നിന്ന് 69.75 ശതമാനവും വര്‍ധിച്ചു. ജിയോജിത്തിന്റെ കഴിഞ്ഞപാദ വരുമാനത്തില്‍ 92.60 കോടി രൂപയും ഓഹരി, ഓഹരി അധിഷ്ഠിത വിഭാഗത്തില്‍ നിന്നാണ്. മ്യൂച്വല്‍ഫണ്ടുകളും ഇന്‍ഷ്വറന്‍സും ഉള്‍പ്പെടുന്ന ധനകാര്യ ഉത്പന്ന വിതരണ വിഭാഗത്തില്‍ നിന്ന് 31.19 കോടി രൂപയും സോഫ്റ്റ് വെയര്‍ വിഭാഗത്തില്‍ നിന്ന് 2.35 കോടി രൂപയും ലഭിച്ചു. നികുതി, പലിശ തുടങ്ങിയ ബാധ്യതകള്‍ക്ക് ശേഷമുള്ള ലാഭം സെപ്റ്റംബര്‍പാദത്തില്‍ 60 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷത്തെ സമാനപാദത്തില്‍ ഇത് 41 കോടി രൂപയായിരുന്നു. സെപ്റ്റംബര്‍ 30ലെ കണക്കുപ്രകാരം 79,240 കോടി രൂപയുടെ ആസ്തികളാണ് ജിയോജിത് കൈകാര്യം ചെയ്യുന്നത്. 13.3 ലക്ഷം ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്.

◾ജയിലറിലെ കാവാലയ്യ സോങ്ങിനു ശേഷം മറ്റൊരു ഗാനത്തിന് തകര്‍പ്പന്‍ ഡാന്‍സുമായി എത്തിയിരിക്കുകയാണ് തമന്ന. മലയാള ചിത്രം 'ബാന്ദ്ര'യില്‍. ദിലീപ് നായകനായി എത്തുന്ന ചിത്രമാണ് ബാന്ദ്ര. ഇതിലെ ആദ്യ ഗാനം റിലീസ് ചെയ്തു. 'റക്കാ..റക്കാ..'എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. നക്ഷത്രയും ശങ്കര്‍ മഹാദേവനും ചേര്‍ന്നാണ് ഗാനാലാപനം. വിനായക് ശശി കുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സാം സി എസ് ആണ്. ഗംഭീര നൃത്ത ചുവടുകളുമായി എത്തുന്ന ദിലീപിനെയും തമന്നയെയും ഗാനരംഗത്ത് കാണാവുന്നതാണ്. ചിത്രം നവംബര്‍ 10ന് തിയറ്ററുകളില്‍ എത്തും. തമന്ന ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത് ബാന്ദ്ര. ദിനോ മോറിയ, ലെന, രാജ്വീര്‍ അങ്കൂര്‍ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരിദിനോ മോറിയ, ലെന, രാജ്വീര്‍ അങ്കൂര്‍ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരി, മംമ്ത തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആലന്‍ അലക്സാണ്ടര്‍ ഡൊമനിക്ആലന്‍ അലക്സാണ്ടര്‍ ഡൊമനിക് എന്ന കഥാപാത്രത്തെ ആണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നത്. ഉദയ കൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ നിര്‍മാണം വിനായക അജിത്ത് ആണ്.

◾സംഗീതജ്ഞനായ ഇളയരാജയുടെ ഇതിഹാസ ജീവിതം സിനിമയായി ഒരുങ്ങുന്നു. തമിഴ് നടന്‍ ധനുഷായിരിക്കും ഇളയരാജയായി ചിത്രത്തില്‍ വേഷമിടുക എന്ന് റിപ്പോര്‍ട്ടുണ്ട്. ബയോപ്പിക്കില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്തായാലും ധനുഷ് ഇളയരാജയായി ഒരു ചിത്രത്തില്‍ എത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ വലുതായിരിക്കും. ധനുഷ് നായകനായി വേഷമിടുന്നവയില്‍ റിലീസിനൊരുങ്ങിയ ചിത്രം ക്യാപ്റ്റന്‍ മില്ലെറാണ്. സംവിധാനം അരുണ്‍ മതേശ്വരനാണ്. വാത്തിയാണ് ധനുഷ് നായകനായി വേഷമിട്ടവയില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വെങ്കി അറ്റ്ലൂരിയായിരുന്നു വാത്തി തിരക്കഥയെഴുതി സംവിധാനം ചെയ്തത്. മലയാളി നടി സംയുക്തയായിരുന്നു നായികയായത്.

◾ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ അന്താരാഷ്ട്ര പ്രശസ്തി നേടിയ അഡ്വഞ്ചര്‍ ടൂറര്‍ ആയ എക്‌സ്എല്‍750 ട്രാന്‍സല്‍പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 1980കളിലെ യഥാര്‍ഥ ട്രാന്‍സല്‍പില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഹോണ്ടയുടെ ഏറ്റവും പുതിയ പ്രീമിയം അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളായ എക്‌സ്എല്‍750 ട്രാന്‍സല്‍പും രൂപകല്‍പന ചെയ്തിരിക്കുന്നത്. പൂര്‍ണമായും ജപ്പാനില്‍ നിര്‍മിച്ചാണ് ഇത് ഇന്ത്യയിലേക്ക് എത്തുന്നത്. 10.99 ലക്ഷം രൂപയാണ് പുതിയ മോഡസലിന്റെ വില (എക്‌സ്‌ഷോറൂം, ഗുരുഗ്രാം). റോസ് വൈറ്റ്, മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ ഇത് ലഭ്യമാകും. കൊച്ചി (കേരളം), ഗുരുഗ്രാം (ഹരിയാന), മുംബൈ (മഹാരാഷ്ട്ര), ബെംഗളൂരു (കര്‍ണാടക), ഇന്‍ഡോര്‍ (മധ്യപ്രദേശ്), ഹൈദരാബാദ് (തെലങ്കാന), ചെന്നൈ (തമിഴ്‌നാട്), കൊല്‍ക്കത്ത (പശ്ചിമ ബംഗാള്‍) എന്നിവിടങ്ങളിലെ എച്ച്എംഎസ്‌ഐയുടെ എക്‌സ്‌ക്ലൂസീവ് ബിഗ്വിംഗ് ടോപ്ലൈന്‍ ഡീലര്‍ഷിപ്പുകളില്‍ ഇപ്പോള്‍ ബുക്ക് ചെയ്യാം. ആദ്യത്തെ 100 ബുക്കിങുകളാണ് സ്വീകരിക്കുക.  

◾ഒരു സാധാരണ വിദ്യാര്‍ത്ഥി എങ്ങനെയാണ് രാഷ്ട്രീയത്തിലെ വെള്ളിനക്ഷത്രമാകുന്നത് എന്നതിനൊരു പാഠപുസ്തകമാണ് രമേശ് ചെന്നിത്തല. ആ പുസ്തകത്തെ അടുക്കിപ്പെറുക്കി അവതരിപ്പിക്കുകയാണ് ഈ കൃതിയിലൂടെ. മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ സി.പി. രാജശേഖരന്‍ നടത്തിയ നിരീക്ഷണങ്ങളും പഠനങ്ങളും അനുഭവങ്ങളുമാണ് ഒട്ടും അതിശയോക്തിയോ അപഭ്രംശമോ ഇല്ലാതെ ഇവിടെ വിവരിക്കുന്നത്. രാഷ്ട്രീയരചനകള്‍ വിരസമായ കാലത്ത്, ഒരു നോവല്‍ വായിക്കുന്ന പദസഞ്ചലനമാണ് ഇവിടെ സി.പി. രാജശേഖരന്‍ നടത്തിയിരിക്കുന്നത്. മുപ്പത്തിയെട്ടു വര്‍ഷത്തെ പത്രപ്രവര്‍ത്തനാനുഭവം അദ്ദേഹത്തിനു മുതല്‍ക്കൂട്ടായുണ്ട്. തട്ടും തടസ്സവുമില്ലാതെ വളരെ വേഗത്തില്‍ വായിച്ചുതീര്‍ക്കാവുന്നതാണ് ഇതിലെ ആഖ്യാനശൈലി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ജീവചരിത്രം. 'രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതും'. മാതൃഭൂമി. വില 232 രൂപ.