ആരാണ് Good samaritan ( നല്ല ശമര്യക്കാരൻ )?

റോഡപകടങ്ങളിൽ പെടുന്നവരെ സ്വമേധയാ ലാഭേച്ഛയോ, പ്രതിഫലമോ, നഷ്ടപരിഹാരമോ ആഗ്രഹിക്കാതെ രക്ഷിക്കാനും, അടിയന്തിര പ്രഥമ ചികിത്സ നൽകാനും ആശുപത്രിയിലെത്തിക്കാനും സഹായിക്കുന്നവരെ നല്ല ശമര്യക്കാരൻ (good samaritan ) എന്നാണ് അറിയപ്പെടുന്നത്.

മോട്ടോർ വാഹന നിയമപ്രകാരം ഇങ്ങനെയുള്ളവർക്ക് ഒരു തരത്തിലുള്ള വിഷമതകളും ഉണ്ടാകാതിരിക്കാനുള്ള നിയമപരമായ സംരക്ഷണം ഉറപ്പു നൽകുന്നുണ്ട്.(CMVR 168)

ഇത്തരം ആളുകളെ മതം, ജാതി, ദേശീയത, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിൽ യാതൊരു വിവേചനവുമില്ലാതെ മാന്യമായി പരിഗണിക്കണം.

അപകടത്തിൽ പെട്ട വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചവരോ, ആശുപത്രിയിൽ എത്തിച്ചവരോ ആയ നല്ല ശമര്യക്കാരനെ കൂടുതൽ സമയം അവിടെ ഉണ്ടാവണമെന്ന് ആശുപത്രി ജീവനക്കാരോ പോലീസോ നിർബന്ധിക്കാൻ പാടില്ല.

അവർക്ക് സ്വമേധയാ താൽപര്യമില്ലാത്ത പക്ഷം സാക്ഷിയാക്കാനോ, പേരുവിരങ്ങൾ രേഖപ്പെടുത്താനോ പോലീസ് ഓഫീസർ നിർബന്ധിക്കരുത്.

അവർ സ്വമേധയാ പേരുവിരങ്ങൾ നൽകാൻ താൽപര്യമുള്ളവരാണെങ്കിൽ കൂടി അവരെ സാക്ഷി ആക്കാൻ നിർബന്ധിക്കരുത്.

പരിക്കു പറ്റിയവരെ ആശുപത്രിയിലെത്തിച്ച ഒരു നല്ല ശമര്യക്കാരനോട് താഴെ പറയുന്ന കാര്യങ്ങൾക്കായി ആശുപത്രി അധികൃതർ നിർ ബന്ധിക്കരുത്.

1. അവരുടെ പേരു്, വിലാസം, ഫോൺ നമ്പർ എന്നിവ നൽകാൻ

2. ആശുപത്രിയിൽ അഡ്മിഷനു വേണ്ട Procedure പാലിക്കാൻ.

3. ഏതെങ്കിലും തരത്തിലുള്ള ചികിത്സാ ചെലവുകൾ നൽകാൻ.

എന്നാൽ സ്വമേധയാ വളണ്ടീയറായി പേരു വിവരം നൽകുകയാണെങ്കിൽ അവ രാവശ്യപ്പെട്ടാൽ നല്ല ശമര്യക്കാരൻ്റെ പേര്, വിലാസം, അപകടം നടന്ന സ്ഥലം, സമയം എന്നിവ രേഖപ്പെടുത്തിയ രശീതി ആശുപത്രിയുടെ ലെറ്റർപാഡിൽ നൽകേണ്ടതാണ്.

കൂടാതെ അവർ സാക്ഷിയാകാൻ താല്പര്യമുള്ള ആളാണെങ്കിൽ അന്വേഷണത്തിൻ്റെ സഹായത്തിനായി ആ കാര്യം രേഖപ്പെടുത്തേണ്ടതാണ്.

നല്ല ശമര്യക്കാരനെ വിസ്തരിക്കൽ(CMVR 169)

സ്വമേധയാ സാക്ഷിയായി വരാൻ താൽപര്യം പ്രകടിപ്പിച്ച Good Samaritan ആയ ആളിനെ
അയാളുടെ വീട്ടിലൊ, ജോലി സ്ഥലത്തോ അവരുടെ സൗകര്യത്തിന് അനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ വിസ്താരം നടത്താവുന്നതാണ്. ഇങ്ങനെ പോകുന്ന ഉദ്യോഗസ്ഥൻ സാധാരണ ഡ്രസ്സിൽ ആയിരിക്കണം പോകേണ്ടത്.

വിസ്താരത്തിനായി പോലിസ് സ്റ്റേഷനിൽ വരാൻ താൽപര്യമുള്ള നല്ല ശമര്യക്കാരനെ കൂടുതൽ സമയം നഷ്ടപ്പെടുത്താതെ ഒറ്റ പ്രാവശ്യം കൊണ്ട് തന്നെ വിസ്താരം പൂർത്തിയാക്കേണ്ടതാണ്.

#goodsamaritan