ആദ്യ വിജയം കൊതിച്ച് ലങ്കയും ഓസീസും; ലഖ്‌നൗവില്‍ ഇന്ന് നിലനിൽപ്പിൻ്റെ പോരാട്ടം

ലഖ്‌നൗ: ലോകകപ്പില്‍ ഇന്ന് മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും. ആദ്യവിജയം ലക്ഷ്യമിട്ടാണ് ഇരുടീമുകളും മൂന്നാം മത്സരത്തിനെത്തുന്നത്. സെമി പ്രതീക്ഷകള്‍ അസ്തമിക്കാതിരിക്കാന്‍ ഇരുടീമുകള്‍ക്കും ഇന്ന് വിജയം അനിവാര്യമാണ്. ലഖ്‌നൗവിലെ ഏകാന സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുക.ആദ്യ മത്സരത്തില്‍ ഇന്ത്യയോടും രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടും പരാജയപ്പെട്ടാണ് ഓസീസ് എത്തുന്നത്. അഞ്ചുതവണ ലോകകിരീടം ചൂടിയവര്‍ ഈ ലോകകപ്പില്‍ ദയനീയ പരാജയമാണ് വഴങ്ങുന്നത്. ഓസീസ് നിരയില്‍ ഇതുവരെ ആര്‍ക്കും അര്‍ധസെഞ്ച്വറി തികക്കാനായിട്ടില്ല. ലക്ഷ്യബോധമില്ലാത്ത ബൗളര്‍മാരും കൈകൾ ചോരുന്ന ഫീല്‍ഡര്‍മാരും തലവേദനയാണ്. കഴിഞ്ഞ രണ്ടുമത്സരങ്ങളിലായി ആറ് ക്യാച്ചുകളാണ് ഓസീസ് ഫീല്‍ഡര്‍മാര്‍ കൈവിട്ടത്. ഒരു മത്സരത്തില്‍ പോലും ടീം ടോട്ടല്‍ 200 കടത്താന്‍ കഴിയാത്ത ഓസീസ് പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയാണ്.

മറുവശത്ത് പാകിസ്താനോടും ദക്ഷിണാഫ്രിക്കയോടും തോറ്റാണ് ലങ്കയുടെ വരവ്. എന്നാല്‍ രണ്ട് മത്സരങ്ങളിലും സ്‌കോര്‍ 300 കടത്തിയെന്ന മുന്‍തൂക്കവും ആത്മവിശ്വാസവും സിംഹളപ്പടയ്ക്കുണ്ട്. ബാറ്റിങ്ങില്‍ കരുത്തുകാട്ടിയ ലങ്കയ്ക്ക് പിഴച്ചത് ബൗളിങ്ങിലാണ്. ക്യാപ്റ്റന്‍ ദസുന്‍ ശനക പരിക്കേറ്റ് പുറത്തായതാണ് ലങ്ക ഇന്ന് നേരിടുന്ന പ്രധാന തിരിച്ചടി. വിക്കറ്റ് കീപ്പര്‍ ബാറ്ററായ കുശാല്‍ മെന്‍ഡിസാണ് പകരം ക്യാപ്റ്റനാവുക.