കനത്ത മഴ: തിരുവനന്തപുരത്ത് വീടുകൾക്ക് നാശനഷ്ടം

തിരുവനന്തപുരത്ത് കനത്ത മഴയിൽ വീടുകൾക്ക് നാശനഷ്ടം. കാട്ടാക്കട പന്നിയോട് വീടിൻ്റെ പിൻഭാഗം മഴയിൽ തകർന്നു അയൽവാസിയുടെ വീട്ടിൽ പതിച്ചു. അശോകൻ-ഗായത്രി ദമ്പതികളുടെ വീടിൻ്റെ പിൻവശമാണ് പൂർണമായി തകർന്നത്. മറ്റൊരു സംഭവത്തിൽ പെരിങ്ങമ്മല പഞ്ചായത്തിലെ നരിക്കല്ലിൽ വീട്ടിൽ മണ്ണിടിഞ്ഞു വീണു.കഴിഞ്ഞ ദിവസം രാത്രിയാണ് പന്നിയോട് കാട്ടുകണ്ടത്ത് വീടിന്റെ പിൻഭാഗം തകർന്ന് അയൽവാസിയുടെ വീട്ടിലേക്ക് പതിച്ചത്. അയൽവാസിയായ മേക്കുംകര വീട്ടിൽ പി രാജുവിന്റെ വീട്ടിലെ കുളിമുറിയും ശൗചാലയവും വീടിൻ്റെ ഭിത്തികൾക്കും കേടുപാടുകൾ സംഭവിച്ചു. രാത്രി 11:45 ഓടെ ഉഗ്ര ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് മുകളിലത്തെ വീടിൻ്റെ ഭാഗം തകർന്നതായി കാണുന്നതെന്നും വീട്ടുകാർ പറഞ്ഞു.

സംഭവം നടക്കുമ്പോൾ അശോകനും ഭാര്യയും രണ്ട് പെൺമക്കളും ബന്ധുവിന്റെ വീട്ടിലായിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. മറ്റൊരു മറ്റൊരു സംഭവത്തിൽ പെരിങ്ങമ്മല പഞ്ചായത്തിലെ നരിക്കല്ലിൽ വീട്ടിൽ മണ്ണിടിഞ്ഞു വീണു. സോമരാജൻ എന്നയാളുടെ വീട്ടിലാണ് മണ്ണിടിഞ്ഞത്. ഇന്നലെ വൈകുന്നേരത്തോടെയാണ് മണ്ണ് പൂർണമായും ഇടിഞ്ഞ് വീടിനുള്ളിൽ വീണത്. മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടായ അശാസ്ത്രീയ നിർമാണ പിഴവാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് ആരോപണം