*കനത്ത മഴയിൽ വെള്ളം കയറി ; ആറ്റിങ്ങൽ കൊട്ടിയോട് കിഴക്കുപുറം ഭാഗത്തെ മോളിയും കുടുംബവും ദുരിതത്തിൽ*

ആറ്റിങ്ങൽ: നഗരസഭ 30-ാം വാർഡ് കൊട്ടിയോട് കിഴക്കുപുറം എന്ന പ്രദേശത്തെ മോളി - റിഷി ദമ്പതികളുടെ ശ്രീശൈലമെന്ന കൊച്ചു വീട്ടിലാണ് തോരാതെ പെയ്ത മഴയിൽ വെള്ളം കയറിയത്. നഗരസഭയുടെ ഭവന പദ്ധതിയിലൂടെ സൗജന്യമായി ലഭിച്ച 3 സെന്റ് ഭൂമിയിൽ കഴിഞ്ഞ വർഷമാണ് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഈ കൊച്ചു കുടുംബത്തിന് കഴിഞ്ഞത്. രണ്ടു ദിവസം മുമ്പ് ന്യൂനമർദ്ദം ശക്തിപ്രാപിച്ചതോടെ രാത്രിയിൽ മഴ വെള്ളം വീടിനുള്ളിലേക്ക് ഇരച്ചു കയറി സാധന സാമഗ്രികളും കുട്ടികളുടെ പഠനോപകരണങ്ങളും നശിച്ചു. മൂത്ത മകൾ ആര്യ പിജി വിദ്യാർത്ഥിയും ഇളയ മകൾ സൂര്യ ബിടെക്ക് വിദ്യാർത്ഥിയുമാണ്. വിവരമറിഞ്ഞ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദർശിച്ച ശേഷം കുടുംബാംഗങ്ങളുമായി സംസാരിച്ചു. സമീപത്തെ പരമ്പരാഗത തോടുകൾ ചിലയിടങ്ങളിൽ അപ്രത്യക്ഷമായതായി സംഘം കണ്ടെത്തി. സ്വകാര്യ വ്യക്തികൾ മതിലു കെട്ടി അടച്ചപ്പോൾ ജലമൊഴുക്ക് തടസ്സപ്പെട്ടതാണ് ജനവാസ മേഖലയിലേക്ക് വെള്ളം ഇരച്ചുകയറാൻ കാരണമായത്. ഈ പ്രദേശത്ത് നിർമ്മാണം നടക്കുന്ന മറ്റൊരു വീട്ടിലും ഭാഗീകമായി വെള്ളം കയറിയിട്ടുണ്ട്. അടിയന്തിരമായി തോടുകൾ പുനസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ചെയർപേഴ്സൺ ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി.