ടൂർണമെന്റിൽ മൂന്ന് സെഞ്ച്വറി നേടിയ ക്വിന്റൻ ഡീകോക്ക് ഉൾപ്പടെയുള്ള ബാറ്റർമാരും റബാഡയുൾപ്പെടെയുള്ള ബൗളർമാരും മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാൽ ലോകകപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മുൻതൂക്കം ദക്ഷിണാഫ്രിക്കയ്ക്ക് ആണെങ്കിലും(അഞ്ചിൽ മൂന്നെണ്ണത്തിൽ ജയം) അവസാന രണ്ട് ലോകകപ്പുകളിലും നേർക്ക് നേർ വന്നപ്പോൾ ജയം പാകിസ്താന് ഒപ്പമായിരുന്നു.
ഇന്ത്യൻ മണ്ണിൽ ലോകകപ്പ് കളിക്കാനെത്തുന്നത് കിരീടവുമായി മടങ്ങാനാണെന്നായിരുന്നു ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നതിന് മുൻപ് ബാബർ ആത്മവിശ്വാസത്തിൽ പറഞ്ഞിരുന്നത്. ആദ്യ നാലിൽ എത്തുകയല്ല ലക്ഷ്യമെന്നും ഇന്ത്യയിൽ നിന്ന് മടങ്ങുമ്പോൾ കയ്യിൽ ലോകകപ്പ് ഉണ്ടാകുമെന്നുമായിരന്നു അന്ന് ബാബർ പറഞ്ഞിരുന്നത്. എന്നാൽ ആദ്യ മത്സരങ്ങൾക്ക് ശേഷം പാക് ടീമിന് വിജയത്തിൽ സ്ഥിരത കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. മൂന്നു തുടർപരാജയങ്ങളോടെ ലോകകപ്പിൽ പാക്കിസ്ഥാന്റെ നില പരുങ്ങലിലായി. പാക്കിസ്ഥാന് സെമിപ്രതീക്ഷകൾ നിലനിർത്താൻ തുടർ മത്സരങ്ങളിലെ വിജയം അനിവാര്യമാണ്. ഇനി സെമിസാധ്യതകൾ നിലനിർത്താനും നാണക്കേട് മറയ്ക്കാനും ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ന്യൂസിലൻഡ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരെ നടക്കുന്ന മത്സരങ്ങളിൽ വിജയം അനിവാര്യമാണ്.