അട്ടിമറി തുടരുന്നു, ലങ്കയെയും വീഴ്ത്തി സെമി സാധ്യത സജീവമാക്കി അഫ്ഗാനിസ്ഥാന്‍; ജയം 7 വിക്കറ്റിന്

പൂനെ: ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്‍റെ അട്ടിമറികള്‍ അവസാനിക്കുന്നില്ല. ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനും മുന്‍ ചാമ്പ്യന്‍മാരായ പാകിസ്ഥാനും പിന്നാലെ മറ്റൊരു മുന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്കയും അഫ്ഗാന്‍ കരുത്തിന് മുന്നില്‍ വീണു. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാന്‍ അടിച്ചെടുത്തത്. സ്കോര്‍ ശ്രീലങ്ക 49.3 ഓവറില്‍ 241ന് ഓള്‍ ഔട്ട്, അഫ്ഗാനിസ്ഥാന്‍ 45.2 ഓവറില്‍ 242-3
ജയത്തോടെ ആറ് കളികളില്‍ ആറു പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ ഓസ്ട്രേലിയക്ക് പിന്നില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയരാനും സെമി സാധ്യതകള്‍ സജീവമാക്കാനും അഫ്ഗാനായി. ലങ്കന്‍ ലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ അഫ്ഗാന് അക്കൗണ്ട് തുറക്കും മുമ്പെ ആദ്യ ഓവറില്‍ തന്നെ റഹ്മാനുള്ള ഗുര്‍ബാസിനെ(0) നഷ്ടമായെങ്കിലും ഇബ്രാഹിം സര്‍ദ്രാനും റഹ്മത്ത് ഷായും ചേര്‍ന്ന് അവരെ കരകയറ്റി. 39 റണ്‍സെടുത്ത സര്‍ദ്രാനെ ദില്‍ഷന്‍ മധുശങ്ക പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചെങ്കിലും പിന്നീടെത്തിയ ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദിക്കൊപ്പം റഹ്മത്ത് ഷാ അഫ്ഗാനെ 100 കടത്തി.സ്കോര്‍ 131ല്‍ നില്‍ക്കെ റഹ്മത്ത് ഷായെ മടക്കി കസുന്‍ രജിത ശ്രീലങ്കക്ക് പ്രതീക്ഷ നല്‍കിയെങ്കിലും അസ്മത്തുള്ള ഒമര്‍സായി(63 പന്തില്‍ 73*) ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദിക്ക്(58*) മികച്ച കൂട്ടായതോടെ കൂട്ടുകെട്ട് പൊളിക്കാനാവാതെ ലങ്ക മുട്ടുകുത്തി. പിരിയാത്ത നാാലം വിക്കറ്റ് കൂ്ടുകെട്ടില്‍ 111 റണ്‍സെടുത്താണ് ഇരുവരും അഫ്ഗാനെ മൂന്നാം ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ഇലങ്കക്കായി ദില്‍ഷന്‍ മധുശങ്ക രണ്ട് വിക്കറ്റെടുത്തു.നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലങ്കക്ക് തുടക്കത്തിലെ കരുണരത്നെയെ(15) നഷ്ടമായെങ്കിലും പാതും നിസങ്കയും(46), ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസും(39) ചേര്‍ന്ന് മികച്ച അടിത്തറയിട്ടു. പിന്നീടെത്തിയ സരമവിക്രമെയും(36) ചരിതസ് അസലങ്കയും(22) നല്ല തുടക്കങ്ങല്‍ മുതലാക്കാനാവാതെ മടങ്ങിയപ്പോള്‍ ഏയ്ഞ്ചലോ മാത്യൂസ്(23), മഹീഷ തീക്ഷണ(29) എന്നിവരുടെ പോരാട്ടവീര്യമാണ് ലങ്കയെ 200 കട്തി ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.അഫ്ഗാനായി ഫസലുള്ള ഫാറൂഖി നാലു വിക്കറ്റെടുത്തപ്പോള്‍ മുജീബ് ഉര്‍ റഹ്മാന്‍ രണ്ടും അസ്മത്തുള്ളയും റാഷിദ് ഖാനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. നെതര്‍ലന്‍ഡ്സും ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് ലോകകപ്പില്‍ ഇനി അഫ്ഗാന്‍രെ എതിരാളികള്‍.