ഹോഗ്വാർട്ട്സിലെ പ്രൊഫ. ഡംബിൾഡോർ ഇനിയില്ല; മൈക്കിൾ ഗാംബൻ അന്തരിച്ചു

ഹോഗ്വാർട്ട്സിലെ പ്രൊഫ. ഡംബിൾഡോർ ഇനിയില്ല; മൈക്കിൾ ഗാംബൻ അന്തരിച്ചു പ്രശസ്ത ഹോളിവുഡ് നടൻ സർ മൈക്കിൾ ഗാംബൻ (82) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. ഹാരി പോട്ടർ സീരീസിലെ പ്രൊഫ. ആൽബസ് ഡംബിൾഡോർ എന്ന കഥാപാത്രത്തിലൂടെ ലോകപ്രശസ്തനായ താരമാണ് മൈക്കിൾ ഗാംബൻ. അഞ്ച് ദശാബ്ദക്കാലത്തിലേറെ ടിവി, സിനിമ, നാടകം, റേഡിയോ എന്നിവയിൽ മൈക്കിൾ പ്രവർത്തിച്ചിട്ടുണ്ട്. നാല് തവണ ബ്രിട്ടീഷ് അക്കാദമി ഫിലിം പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്.

ഹാരി പോട്ടറിലെ വേഷത്തിനൊപ്പം, ഐടിവി സീരീസായ മൈഗ്രറ്റിൽ ഫ്രഞ്ച് ഡിറ്റക്ടീവ് ജൂൾസ് മൈഗ്രെറ്റ്, ബിബിസിയിലെ ഡെന്നിസ് പോട്ടറിന്റെ 'ദി സിംഗിംഗ് ഡിറ്റക്ടീവി'ലെ ഫിലിപ്പ് മാർലോ എന്നിങ്ങനെയുള്ള കഥാപാത്രത്തിലൂടെയും അദ്ദേഹം ശ്രദ്ധേയനായിരുന്നു. ലണ്ടനിലെ റോയൽ നാഷണൽ തിയേറ്ററിൽ നിന്ന് കരിയർ ആരംഭിച്ച അദ്ദേഹം നിരവധി ഷേക്സ്പീരിയൻ നാടകങ്ങളിൽ സുപ്രധാന വേഷങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. വിനോദ വ്യവസായത്തിലെ ഏറ്റവും മികച്ച സേവനങ്ങൾക്ക് 1998 ൽ അദ്ദേഹത്തെ നൈറ്റ് പദവി നൽകി ആദരിച്ചു.