വൈദ്യുതി ബില്ലിന്റെ പേരില്‍ പുതിയ തട്ടിപ്പ്; കുരുക്കുന്നത് ഇങ്ങനെ, ജാഗ്രത പാലിക്കണമെന്ന് കെഎസ്‌ഇബി

വൈദ്യുതി ബില്ലിന്റെ പേരില്‍ പുതിയ തട്ടിപ്പ്; 
കുരുക്കുന്നത് ഇങ്ങനെ, 
ജാഗ്രത പാലിക്കണമെന്ന് കെഎസ്‌ഇബി

 വൈദ്യുതി ബില്ലിന്റെ പേരുപറഞ്ഞ് പുതിയ തട്ടിപ്പ്. വൈദ്യുതി 
ബില്ലടച്ചിട്ടും വീണ്ടും പണമടയ്ക്കണമെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘങ്ങള്‍ 
ആളുകളെ വിളിക്കുന്നത്.

 വൈദ്യുതി ബില്ല് അടച്ചത് കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് 
പറയുന്ന ഇവര്‍ പ്ലേ സ്റ്റോറില്‍ നിന്നും പ്രത്യേക ആപ്ളിക്കേഷൻ ഇൻസ്റ്റാള്‍ 
ചെയ്യാനും ആവശ്യപ്പെടും.
മഴുവന്നൂര്‍ സ്വദേശിയായ പൊതു പ്രവര്‍ത്തകൻ ജെയിംസ് പാറേക്കാട്ടിലിനാണ് 9508885813 എന്ന നമ്ബറില്‍ 
നിന്ന് ഇംഗ്ലീഷ് കലര്‍ന്ന മലയാളത്തില്‍ വിളി വന്നത്. കെ.എസ്.ഇ.ബി ഓഫീസില്‍ 
നിന്നാണ് വിളിക്കുന്നതെന്നാണ് പറഞ്ഞാണ് സംസാരം തുടങ്ങിയത്. സംസാരത്തില്‍ 
പന്തികേട് തോന്നിയതിനാല്‍ കോലഞ്ചേരി കെ.എസ്.ഇ.ബി ഓഫീസില്‍ 
അന്വേഷിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. ഉപഭോക്താവിന്റെ ജാഗ്രതയില്‍
 പണമൊന്നും നഷ്ടപ്പെട്ടില്ലെന്ന് ചുരുക്കം.
തട്ടിപ്പിന്റെ വഴികള്‍
കെ.എസ്.ഇ.ബി
 ഉദ്യോഗസ്ഥൻ ചമഞ്ഞ് ഫോണ്‍ വിളി കൂടാതെ അയച്ചു നല്‍കുന്ന ലിങ്കിലൂടെ 
പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷൻ ഫോണില്‍ ഇൻസ്റ്റാള്‍ ചെയ്യാൻ 
ആവശ്യപ്പെട്ടുള്ള തട്ടിപ്പുമുണ്ട്. ഇതിലൂടെ ഉപഭോക്താവിന്റെ മൊബൈല്‍ ഫോണ്‍ 
വിദൂരത്തുനിന്ന് നിയന്ത്രിക്കാൻ തട്ടിപ്പുകാരന് സാധിക്കും. ബാങ്ക് 
വിവരങ്ങളും ഒ.ടി.പി സന്ദേശവും അടക്കം ഇത്തരത്തില്‍ തട്ടിയെടുക്കും.
ജാഗ്രത പാലിക്കണം
ഓണ്‍ലൈൻ
 തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ 
മുന്നറിയിപ്പ് നല്‍കുന്നു. ഔദ്യോഗികമായി അയക്കുന്ന സന്ദേശങ്ങളില്‍ 13 അക്ക 
കണ്‍സ്യൂമര്‍ നമ്ബര്‍, കുടിശിക തുക, ഇലക്‌ട്രിക്കല്‍ സെക്ഷന്റെ പേര് എന്നിവ
 കാണും. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ഉപഭോക്താവിന്റെ മൊബൈല്‍ നമ്ബറിലേക്ക്
 മാത്രമേ സന്ദേശം എത്തുകയുള്ളൂ. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട്, ഒ.ടി.പി
 തുടങ്ങിയ വിവരങ്ങള്‍ കെ.എസ്.ഇ.ബി ആവശ്യപ്പെടില്ല. സംശയം തോന്നിയാല്‍ 
പണമടക്കുന്നതിനുമുമ്ബ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ 
നമ്ബറായ 1912ല്‍ വിളിക്കണം. 9496001912 
എന്ന നമ്ബറിലേക്ക് വാട്‌സാപ് സന്ദേശം അയച്ചാലും വിവരം ലഭിക്കും. ബില്‍തുക 
അടയ്ക്കുന്നതിന് ഔദ്യോഗിക വെബ്‌സൈറ്റോ വിശ്വസനീയമായ ബാങ്ക് അക്കൗണ്ടുകളോ 
ജിപേ സംവിധാനമോ മാത്രം ഉപയോഗിക്കുക.