ജനതയുടെ ജീവിതം ഏതുവിധമാകണമെന്ന് നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞ നവോത്ഥാന നായകനായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്

ജനതയുടെ ജീവിതം ഏതുവിധമാകണമെന്ന് നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞ നവോത്ഥാന നായകനായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. ഗുരുവിന്‍റെ വാക്കും പ്രവര്‍ത്തിയും മലയാളി സമൂഹത്തില്‍ ആഴ്ന്നിറങ്ങിയതിന്‍റെ പ്രതിഫലനമാണ് ഇന്നത്തെ കേരളം.
ശ്രീനാരായണ ഗുരുദേവന്‍റെ 169-ാമത് ജയന്തി സമ്മേളനം ശിവഗിരി മഠത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നരനും നരനും തമ്മില്‍ സാഹോദര്യത്തോടെ കഴിയണമെന്നുപദേശിച്ച ഗുരുദേവന്‍ ജീവിതത്തിലുടനീളം സാഹോദര്യവും കാരുണ്യവും സ്നേഹവും പകര്‍ന്നു നല്‍കിയതും മനുഷ്യന്‍റെ ജാതി, മനുഷ്യത്വം മാത്രമാണെന്നു പ്രഖ്യാപിച്ചതും ഏറെ ചലനങ്ങളുണ്ടാക്കി. വഴി നടക്കാന്‍ സ്വാതന്ത്ര്യമില്ലാതിരുന്ന മനുഷ്യന്‍ റോഡില്‍ സഞ്ചരിക്കുമ്പോള്‍ ദൃഷ്ടിയില്‍പ്പെട്ടാല്‍ മാറി നടക്കേണ്ട സാഹചര്യം നാട്ടില്‍ നിലനിന്നിരുന്നു. വൈക്കത്ത് എല്ലാവര്‍ക്കും സഞ്ചരിക്കാവുന്ന വഴി തുറക്കപ്പെട്ടതും ആ ദീപശിഖ കേരളമാകെ പകര്‍ന്നതും ഗുരുവിന്‍റെ ദര്‍ശനമഹിമ ഒന്നുകൊണ്ടു മാത്രമായിരുന്നു. താഴ്ന്ന വിഭാഗത്തില്‍ നിന്നും വലിയൊരു ജനതയെ മാനവ സമൂഹത്തിന്‍റെ മുന്നണിയിലെത്തിക്കുവാന്‍ ഗുരുദേവന് കഴിഞ്ഞുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.  
രബീന്ദ്രനാഥ ടാഗോറും മഹാത്മാഗാന്ധിയും ശിവഗിരിയിലെത്തി ഗുരുവിനെ സന്ദര്‍ശിച്ച ശേഷം അവര്‍ കണ്ട ഗുരുവിനെ സമൂഹത്തിന് മുന്നില്‍ പരിചയപ്പെടുത്തി യതിലൂടെ ഗുരുദേവനെയും ഗുരുദര്‍ശനത്തെയും ലോകത്തിനു സ്വീകരിക്കേണ്ടി വന്നു. വൃക്ഷങ്ങളിലെ ഇലകളുടെ വ്യത്യാസം പോലെ മനുഷ്യരായാലും വേര്‍തിരിവു കാണാനാവുമെന്ന് അഭിപ്രായപ്പെട്ട മഹാത്മാഗാന്ധിയുടെ വാദം ഗുരു മാറ്റി മാറിച്ചത് ഇലകളില്‍ വ്യത്യാസമുണ്ടെങ്കിലും അവയുടെ സത്ത് ഒന്നുതന്നെയെന്ന ഗുരുവിന്‍റെ വാദത്തോടെയായിരുന്നു. അരുവിപ്പുറത്ത് ഗുരുദേവന്‍ നടത്തിയ പ്രതിഷ്ഠയിലൂടെ മനുഷ്യനായി പിറന്ന ഏവര്‍ക്കും പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിക്കാന്‍ അവകാശമുണ്ടെന്നുളള അറിവ് പകരുകയായിരുന്നു. അതുവഴി പുതിയൊരു ലോകത്തെത്തന്നെ സൃഷ്ടിക്കുകയായിരുന്നു ഗുരുദേവന്‍ ചെയ്തതെന്നും എല്ലാ മതദര്‍ശനവും എല്ലാവര്‍ക്കും സ്വീകാര്യമാകണമെന്നും പരസ്പരം ബഹുമാനിക്കണമെന്നും മാനവ സമൂഹത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ട് ഗുരുദേവന്‍ ലോകത്തിന് പുതിയ സന്ദേശം പകര്‍ന്നു നല്‍കുകയായിരുന്നുവെന്നും മന്ത്രി തുടര്‍ന്ന് പറഞ്ഞു.