സ്വര്‍ണവില കൂടി; വീണ്ടും 44,000 ലെത്തി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 44,000 തൊട്ടു. ഇന്ന് പവന് 240 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 44,000ല്‍ എത്തിയത്. ഗ്രാമിന് 30 രൂപയാണ് ഉയര്‍ന്നത്. 5500 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 44,320 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. 17ന് രേഖപ്പെടുത്തിയ 43,280 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. 21ന് ശേഷം വില ഉയരുന്നതാണ് ദൃശ്യമാകുന്നത്. ഒരാഴ്ചയ്ക്കിടെ ഏകദേശം 700 രൂപയാണ് വര്‍ധിച്ചത്.