പ്രഭാത വാർത്തകൾ 2023 ഓഗസ്റ്റ് 29 ചൊവ്വ.

പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ മീഡിയ 16 ന്യൂസ്

◾സൂര്യനിലേക്ക് ഇന്ത്യ. ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം ആദിത്യ എല്‍ വണ്‍ സെപ്റ്റംബര്‍ രണ്ടിനു വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍നിന്ന് രാവിലെ 11.50 നാണ് വിക്ഷേപണം. പിഎസ്എല്‍വിയാണു വിക്ഷേപണ വാഹനം.  15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലെത്തിച്ച് എല്‍ വണ്ണിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം.

◾ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അഞ്ചു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരേ സിബിഐ കേസ്. പവന്‍ ഖാത്രിക്കേതിരേയും കൈക്കൂലി നല്‍കിയ ക്ലാരിഡ്ജ് ഹോട്ടല്‍ ശ്രംഖല മേധാവി ദീപക് സങ്വാന് എതിരേയുമാണു കേസ്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതിയായ കേസിലാണ് കൈക്കൂലി വാങ്ങിയത്.

◾ചന്ദ്രനിലെ ഗര്‍ത്തത്തില്‍ വീഴാതെ ചന്ദ്രയാന്‍ മൂന്നിലെ പര്യവേഷണ വാഹനമായ പ്രഗ്യാന്‍ റോവര്‍. ഗര്‍ത്തത്തിനു മുന്നിലെത്തിയ പ്രഗ്യാന്‍ റോവര്‍ പിറകോട്ടു മാറിയും ദിശമാറ്റി സഞ്ചരിച്ചും പര്യവേഷണം തുടര്‍ന്നു. പ്രഗ്യാനില്‍നിന്നുള്ള ആദ്യ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്ത് വിട്ടു. ഗര്‍ത്തത്തിന്റെയും പിന്നോട്ട് നീങ്ങിയപ്പോള്‍ റോവറിന്റെ ചക്രങ്ങള്‍ ചന്ദ്രോപരിതലത്തിലുണ്ടാക്കിയ അടയാളങ്ങളുടെയും ചിത്രമാണ് പുറത്തുവിട്ടത്.

◾സൈബര്‍ ആക്രമണത്തിനു സെക്രട്ടറിയേറ്റിലെ മുന്‍ ഉദ്യോഗസ്ഥനെതിരെ അച്ചു ഉമ്മന്‍ പൊലീസിനും സൈബര്‍ സെല്ലിനും വനിതാ കമ്മീഷനും പരാതി നല്‍കി. തന്റെ തൊഴിലുമായി ബന്ധപ്പെട്ടു സാമൂഹ്യ മാധ്യമങ്ങളിലുള്ള ചിത്രങ്ങള്‍ അപഹരിച്ച് വ്യാജപ്രചരണങ്ങള്‍ നടത്തിയതിന്റെ ലിങ്കുകളും സ്‌ക്രീന്‍ ഷോട്ടുകളും സഹിതമാണു പരാതി നല്‍കിയത്.

◾ഉപതെരഞ്ഞെടുപ്പു നടക്കുന്ന പുതുപ്പള്ളിയിലും ഓണക്കിറ്റ് വിതരണം ചെയ്യാമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി. എന്നാല്‍ ഓണക്കിറ്റിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പു പാടില്ലെന്നു വിലക്കിയിട്ടുണ്ട്.

◾ഓണം ഐശ്വര്യപൂര്‍ണമാക്കാന്‍ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് വേണ്ടതെല്ലാം ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐശ്വര്യ - വികസനത്തിന്റെ ആഘോഷമാകട്ടെ ഓണമെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

◾ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമാണ് ഓണം. ഓണം സാമൂഹ്യ സൗഹാര്‍ദ്ദത്തിന്റെ ഉത്സവമാണ്. രാഷ്ട്രപതി പറഞ്ഞു.

◾ആലപ്പുഴ പള്ളിപ്പാട് എയര്‍ഗണ്ണില്‍നിന്നു വെടിയേറ്റ് ഒരാള്‍ മരിച്ചു. പള്ളിപ്പാട് വഴുതാനത്ത് സോമന്‍ ആണ് മരിച്ചത്. അയല്‍വാസിയും ബന്ധുവുമായ പ്രസാദിനെ പൊലീസ് അറസ്റ്റു ചെയ്തു.

◾മലപ്പുറം പെരുമ്പടപ്പില്‍ എയര്‍ ഗണ്ണില്‍നിന്ന് വെടിയേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ സുഹൃത്തിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. മരിച്ച ഷാഫിയുടെ സുഹൃത്ത് സജീവിനെ അന്നുത്തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. സജീവിന്റെ വീട്ടില്‍വച്ചാണ് ഷാഫിക്കു നെഞ്ചില്‍ വെടിയേറ്റു മരിച്ചത്. സജീവിനൊപ്പം സുഹൃത്തുക്കളായ മുഫീദ്, സുല്‍ഫിക്കര്‍ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

◾മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ പുഷ്പാലംകൃതമായ ഊഞ്ഞാലില്‍ ഇരുത്തി ഭര്‍ത്താവ് മന്ത്രി മുഹമ്മദ് റിയാസ് ആട്ടുന്ന ചിത്രം വൈറലായി. ഇരുവരും നീലവസ്ത്രങ്ങളണിഞ്ഞുള്ള ഊഞ്ഞാലാട്ട ഫോട്ടോ മന്ത്രിയുടെ ഓണാശംസ സന്ദേശത്തിനൊപ്പമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തത്.

◾സ്വന്തമായി കിണറില്ലാത്തതിനാല്‍ അയല്‍വീട്ടിലെ കിണറില്‍നിന്നു വെള്ളം കോരാന്‍ വന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റിലായി. തിരുവനന്തപുരം കിളിമാനൂര്‍ ഞാവേലിക്കോണം, ചരുവിളപുത്തന്‍ വീട്ടില്‍ റഹീം (39)ആണ് കിളിമാനൂര്‍ പൊലീസിന്റെ പിടിയിലായത്.

◾ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ മാപ്പപേക്ഷയുമായി അധ്യാപിക തൃപ്ത ത്യാഗി. കുട്ടി പഠിക്കണമെന്നു മാത്രമായിരുന്നു ലക്ഷ്യം. കസേരയില്‍നിന്ന് എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് കുട്ടികളോട് അടിക്കാന്‍ നിര്‍ദ്ദേശിച്ചത്. സംഭവത്തെ വര്‍ഗീയവത്കരിക്കരുതെന്നും അധ്യാപിക അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് സ്‌കൂള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്.

◾ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളില്‍ സഹപാഠികളെ കൊണ്ട് അധ്യാപിക വിദ്യാര്‍ത്ഥിയെ തല്ലിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കേസ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തിരിച്ചറിയുന്ന വിധത്തില്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനും സാമുദായിക സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതിനുമാണു കേസ്.

◾ലോക്സഭാ തെരഞ്ഞെടുപ്പ് ഡിസംബറില്‍ നടത്തിയേക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സുപ്രീം കോടതിയുടെ ഉത്തരവു മറികടക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം സംബന്ധിച്ച പുതിയ ബില്‍ തിടുക്കത്തില്‍ കൊണ്ടുവരുന്നത് അതുകൊണ്ടാണ്. തൃണമൂല്‍ കോണ്‍ഗ്രസ് യുവജന റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മമത ബാനര്‍ജി.

◾ഇന്ത്യ മുന്നണിയുടെ യോഗം 31 ന് മുംബൈയില്‍ ചേരും. കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി പങ്കെടുക്കും. മുന്നണിയുടെ ലോഗോ പ്രകാശനം ചെയ്യും. മുന്നണിയുടെ പൊതുഅജണ്ട ചര്‍ച്ച ചെയ്യും. സീറ്റു വിഭജന ചര്‍ച്ചകള്‍ക്കു തുടക്കമാകുകയും ചെയ്യും.

◾രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ദുരന്തത്തിലേക്കു ടിക്കറ്റ് എടുക്കുന്നതിനു സമാനമായിരിക്കുമെന്ന് ബിജെപി. രാഹുല്‍ഗാന്ധിയായിരിക്കും കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന്  രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

◾കര്‍ണാടകത്തിലെ ദാവണഗരെ സബ് ജയിലിന്റെ 40 അടി ഉയരമുള്ള മതില്‍ ചാടിയ ബലാത്സംഗ കേസിലെ പ്രതി തൊട്ടടുത്ത ദിവസം പിടിയിലായി. 23 കാരന്‍ വസന്ത് ആണ് ജയില്‍ ചാടി പിടിയിലായത്. മതില്‍ചാട്ടത്തിന്റെ ദൃശ്യങ്ങള്‍ ജയിലിന്റെ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു.

◾അടുത്ത മാസം എട്ടു മുതല്‍ മൂന്നു ദിവസം ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കായി വിപുലമായ ഒരുക്കങ്ങള്‍. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ള ലോക രാഷ്ട്രത്തലവന്മാര്‍ എത്തുന്ന ഉച്ചകോടിക്കു വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് സജ്ജമാക്കുന്നത്. പ്രധാനവേദിയായ ഭാരത് മണ്ഡപത്തിനരികിലും താമസിക്കുന്ന ഹോട്ടലുകളിലും വിമാനത്താവളങ്ങളിലും ആധുനിക ആംബുലന്‍സുകളും മെഡിക്കല്‍ ടീമും അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.

◾ജി 20 യോഗത്തിന് എത്തില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. റഷ്യന്‍ വിദേശകാര്യ മന്ത്രി ജി 20 യോഗത്തില്‍ പങ്കെടുക്കുമെന്നും പുടിന്‍ മോദിയെ അറിയിച്ചു.

◾സാമ്പത്തിക തിരിമറി കേസില്‍ ജയിലിലായ പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന് മെച്ചപ്പെട്ട സൗകര്യങ്ങള്‍ അനുവദിച്ചു. കട്ടിലും കിടക്കയും, കസേര, എയര്‍കൂളര്‍, പുസ്തകങ്ങള്‍, പത്രങ്ങള്‍, ആധുനിക ടോയ്ലറ്റ്, മികച്ച നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം, തുറസായ നടപ്പാതയിലൂടെ നടക്കാനുള്ള അനുമതി, പരിശോധനയ്ക്കും ചികില്‍സയ്ക്കും മെഡിക്കല്‍ ടീം എന്നിവ നല്‍കിയെന്നാണു റിപ്പോര്‍ട്ട്.

◾ചിങ്ങം പിറന്ന ശേഷം കഴിഞ്ഞ 10 ദിവസത്തെ കണക്കെടുത്താല്‍ കേരളീയര്‍ വാങ്ങിക്കൂട്ടിയത് 5,000 കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍. കഴിഞ്ഞ വര്‍ഷം ഓണക്കാലത്തേക്കാള്‍ 20-25 ശതമാനം അധികം. കഴിഞ്ഞ ഓണത്തിന് 4,000-4,200 കോടി രൂപയുടെ വിറ്റുവരവാണുണ്ടായത്. സാധാരണ ദിവസങ്ങളില്‍ മലയാളികള്‍ ശരാശരി 600 കിലോഗ്രാം സ്വര്‍ണം വാങ്ങാറുണ്ടെങ്കില്‍ ഇത്തവണ ഓണനാളുകളില്‍ അത് 800 കിലോയ്ക്കും മേലെയാണ്. രണ്ട് ഗ്രാം മുതല്‍ 4 ഗ്രാം വരെയുള്ള ചെറിയ പര്‍ച്ചേസുകളാണ് ഇക്കുറി കൂടുതലും നടന്നത്. കഴിഞ്ഞ അക്ഷയതൃതീയയില്‍ പാതിയിലേറെയും എക്‌സ്‌ചേഞ്ച് പര്‍ച്ചേസുകളായിരുന്നു. എന്നാല്‍, ഈ ഓണത്തിന് എക്‌സ്‌ചേഞ്ചുകള്‍ പാതിയിലും താഴെയാണ്. കഴിഞ്ഞ മേയ് അഞ്ചിന് 45,760 രൂപയായിരുന്നു ഒരു പവന്‍ വില; ഗ്രാമിന് 5,720 രൂപയും. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു അത്. എന്നാല്‍, ഓണമായപ്പോഴേക്കും വില പവന് 43,600 രൂപയും ഗ്രാമിന് 5,430 രൂപയുമാണ്. അതായത് പവന് 2,160 രൂപയും ഗ്രാമിന് 290 രൂപയും കുറഞ്ഞു. വില കുറഞ്ഞതോടെ ഒരു ഗ്രാം ആഭരണത്തിന് ഏറ്റവും കുറഞ്ഞത് 5,900 രൂപയും ഒരു പവന്‍ ആഭരണത്തിന് 47,200 രൂപയും മതി. മേയ് മാസത്തെ അപേക്ഷിച്ച് ഗ്രാമിന് 300 രൂപയും പവന് 2,400 രൂപയും കുറവ്. ഇത്, ഉപയോക്താക്കള്‍ക്ക് വലിയ ആശ്വാസമായി.

◾മുന്‍വിധികളെ മാറ്റിമറിച്ചു കൊണ്ടുള്ള പ്രകടനമാണ് 'ആര്‍ഡിഎക്സ്' സിനിമ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ചിത്രത്തിന്റെ കളഷന്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ആദ്യ മൂന്ന് ദിനങ്ങളിലെ ചിത്രത്തിന്റെ കളക്ഷന്‍ 6.8 കോടി മുതല്‍ 7.40 കോടി വരെ വരുമെന്നാണ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. അതേസമയം, ചിത്രത്തിന് പ്രേക്ഷകാഭ്യര്‍ഥന മാനിച്ച് കേരളം അങ്ങോളമിങ്ങോളമുള്ള തിയേറ്ററുകളില്‍ 140 ലേറ്റ് നൈറ്റ് ഷോകളാണ് നടന്നത്. ഓണദിനങ്ങളിലും ഈ കളക്ഷന്‍ മുന്നേറ്റം തുടരുമെന്നാണ് വിലയിരുത്തല്‍. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ ടൈറ്റില്‍ കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ഡിഎക്സ്. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവര്‍ തിരക്കഥ എഴുതിയ ചിത്രത്തില്‍ ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. സോഫിയ പോള്‍ ആണ് നിര്‍മ്മാണം.

◾അനൂപ് മേനോന്‍ നായകനായെത്തുന്ന 'നിഗൂഢം' എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകര്‍ക്കരികിലെത്തി. 'പാടത്തെ പൈങ്കിളിയേ' എന്നു തുടങ്ങുന്ന ഗാനം മനോരമ മ്യൂസിക് ആണ് പുറത്തിറക്കിയത്. കൃഷ്ണചന്ദ്രന്‍ സി.കെ വരികള്‍ കുറിച്ച പാട്ടിന് റോണി റാഫേല്‍ ഈണം പകര്‍ന്നു. നടന്‍ അരിസ്റ്റോ സുരേഷ് ആണ് ഗാനം ആലപിച്ചത്. പാട്ട് ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. അജേഷ് ആന്റണി, അനിഷ് ബി.ജെ, ബെപ്സണ്‍ നോര്‍ബെല്‍ എന്നിവര്‍ ചേര്‍ന്നു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് 'നിഗൂഢം'. അനൂപ് മേനോനൊപ്പം ഇന്ദ്രന്‍സും മുഖ്യ വേഷത്തിലെത്തുന്നു. പ്രദീപ് നായര്‍ ആണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ്: സോബിന്‍ സോമന്‍. ജി&ജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജേഷ് എസ്.കെ ആണ് 'നിഗൂഢം' നിര്‍മിക്കുന്നത്.

◾ജപ്പാനീസ് കാര്‍ ബ്രാന്‍ഡായ ഹോണ്ട കാര്‍സ് ഇന്ത്യ തെരഞ്ഞെടുത്ത മോഡലിന് വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 5-ാം ജനറേഷന്‍ സിറ്റി സെഡാന് 73,000 രൂപ വരെയാണ് ഓഫര്‍ വില പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആനുകൂല്യങ്ങളില്‍ 10,000 രൂപ ക്യാഷ് കിഴിവ് അല്ലെങ്കില്‍, 10,946 രൂപ വരെയുള്ള സൗജന്യ ആക്സസറികള്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്. ഉപഭോക്തൃ ലോയല്‍റ്റി ബോണസായി 5,000 രൂപയാണ് ലഭിക്കുക. ഒരു ഹോണ്ട കാര്‍ എക്സ്ചേഞ്ച് ചെയ്താല്‍ 20,000 രൂപ വരെ ബോണസായി ലഭിക്കും. 8000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ 10,000 രൂപയുടെ കാര്‍ എക്സ്ചേഞ്ച് ബോണസുമുണ്ട്. ലൂണാര്‍ സില്‍വര്‍ മെറ്റാലിക്, റേഡിയന്റ് റെഡ് മെറ്റാലിക്, മെറ്റിറോയിഡ് ഗ്രേറ്റ് മെറ്റാലിക്, ഗോള്‍ഡന്‍ ബ്രൗണ്‍ മെറ്റാലിക്, ഓബ്സിഡിയന്‍ ബ്ലൂ പേള്‍ എന്നിങ്ങനെ 6 മോണോടോണ്‍ നിറങ്ങളിലാണ് ഈ മോഡല്‍ ലഭ്യമാകുക. 11.57 ലക്ഷം രൂപ മുതല്‍ 16.05 ലക്ഷം രൂപ വരെയാണ് 5-ാം ജനറേഷന്‍ സിറ്റി സൈഡാന്റെ എക്സ് ഷോറൂം വില.

◾അഴിമുഖത്തിന്റെ സൗന്ദര്യവും വിശാലതയും എന്നും അതിലേക്ക് നമ്മളെ ആകര്‍ഷിക്കും. അത് നെഫിനെയും ആകര്‍ഷിച്ചു. ആ ലോകത്തില്‍നിന്നും ഒരു മോചനം അവള്‍ ആഗ്രഹിച്ചു. തടവറയില്‍നിന്നുള്ള മോചനം ഹംസയും. തന്റെ ലോകത്തേക്കൊരു തിരിച്ചുപോക്കും. വെല്‍ഷ് കടല്‍ത്തീരത്തും സിറിയയിലൂടെയും സഞ്ചരിക്കുന്ന നോവല്‍ തങ്ങളുടേതല്ലാത്ത ലോകത്തില്‍ അകപ്പെട്ട രണ്ട് മനുഷ്യരുടെ കഥ പറയുന്നു. 'ഒഴുക്ക്'. കറെല്‍ ലൂയിസ്. വിവര്‍ത്തനം: സുരേഷ് എം.ജി. ഡിസി ബുക്സ്. വില 284 രൂപ.

◾കാല്‍ വേദന പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം. സന്തുലിതമല്ലാത്ത ശരീരഭാരം, പാകമല്ലാത്തതും ഹീലുള്ളതുമായ ചെരുപ്പുകള്‍, വാതരോഗങ്ങള്‍, പാദങ്ങളിലെ നീര്‍കെട്ട്, നട്ടെല്ലിന്റെ പ്രശ്നങ്ങള്‍, പാദങ്ങളുടെ ഘടനയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ തുടങ്ങിയവയൊക്കെ കാല്‍-പാദ വേദനയ്ക്കു കാരണമാകും. തുടക്കത്തില്‍ തന്നെ ചികിത്സിച്ച് മാറ്റിയില്ലെങ്കില്‍ ഭാവിയില്‍ വളരെ പ്രയാസം അനുഭവിക്കേണ്ടതായി വരുന്നു. അമിതഭാരമുള്ളവര്‍ക്ക് കാല്‍ വേദന ഉണ്ടാകാന്‍ സാദ്ധ്യത കൂടുതലാണ്. യൂറിക് ആസിഡ് കൂടുതലാകുന്നതു കൊണ്ടും ഭാരക്കൂടുതല്‍ കൊണ്ടും പാദങ്ങളില്‍ നീര്‍ക്കെട്ടുണ്ടാകാം. പാദങ്ങളില്‍ നീര്‍ക്കെട്ടു കണ്ടാല്‍ തീര്‍ച്ചയായും വൈദ്യോപദേശം തേടുക. നട്ടെല്ലിന്റെ ഡിസ്‌ക്കിന് ഉണ്ടാകുന്ന അപാകതകള്‍, തേയ്മാനം തുടങ്ങിയവ ശരീരത്തിന്റെ സന്തുലിതാവസ്ഥ തകരാറിലാക്കുകയും വേദനയുണ്ടാക്കുകയും ചെയ്യാം. കാലിന്റെ ബലഹീനത പെട്ടെന്ന് അല്ലെങ്കില്‍ കാലക്രമേണ വികസിച്ചാല്‍ ഡോക്ടറുടെ നിര്‍ദേശം കേള്‍ക്കണം. വീക്കം കുറയ്ക്കാന്‍ നട്ടെല്ല് അല്ലെങ്കില്‍ കാല്‍മുട്ട് സന്ധികളില്‍ ഗൈഡഡ് സ്റ്റിറോയിഡ് കുത്തിവയ്പ്പുകള്‍ എടുക്കുന്നവരുണ്ട്. അതും ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം. ഫിസിയോ തെറാപ്പി ഒരു പരിഹാര മാര്‍ഗമാണ്. നേരിയ വേദനയ്ക്കുള്ള ഓവര്‍-ദി-കൌണ്ടര്‍ അസറ്റാമിനോഫെന്‍ അല്ലെങ്കില്‍ ഇബുപ്രോഫെന്‍ പോലുള്ള മരുന്നുകള്‍, രോഗങ്ങള്‍ക്കോ മറ്റ് അടിസ്ഥാന കാരണങ്ങള്‍ക്കോ വേണ്ടിയുള്ള കുറിപ്പടി മരുന്നുകള്‍. പരിക്ക് ഭേദമാകുന്നത് വരെ ബാക്ക് ബ്രേസ് സപ്പോര്‍ട്ട് ഇട്ട് നടക്കാം. താഴത്തെ പുറകിലെയും കാലിലെയും പേശികളെ ശക്തിപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങള്‍ ചെയ്യാം.