കർണാടകയിൽ അംഗീകാരമില്ലാത്ത കോളേജിൽ പ്രവേശനം; നഴ്സിംഗ് തട്ടിപ്പിൽ ഇര മലയാളികൾ

കർണാടകയിൽ നഴ്‌സിംഗ് പഠനത്തിനെത്തുന്ന മലയാളി വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് നിരവധി തട്ടിപ്പുകൾ. അംഗീകാരമില്ലാത്ത കോളജുകളിൽ പ്രവേശനം നൽകി ഏജന്റുമാർ തട്ടിയെടുക്കുന്നത് കോടികൾ. ദേവാമൃത് എന്ന ഒരു ട്രസ്റ്റിന്റെ പേരിൽ മാത്രം തട്ടിയെടുത്തത് 75 കോടി രൂപയാണ്. വഴിയാധാരമായത് 220 മലയാളി വിദ്യാർത്ഥികളും. ഓരോ വർഷവും ഇത്തരത്തിൽ കബളിപ്പിക്കപ്പെടുന്നത് നൂറുകണക്കിന് വിദ്യാർത്ഥികളാണ്. നഴ്‌സിംഗ് പഠനത്തിനായി വിദ്യാർത്ഥികളെ തേടിയെത്തുന്ന ഏജന്റുമാർ പ്രവേശനം നൽകാമെന്ന് വാഗ്ദാനം ചെയ്യുന്നത് അംഗീകാരവും പ്രശസ്തിയുമുള്ള കോളജുകളിലായിരിക്കും. ഇതു വിശ്വസിച്ച് ലക്ഷങ്ങൾ നൽകി കർണാടകയിൽ എത്തി മാസങ്ങൾ കഴിയുമ്പോഴാണ് കബളിപ്പിക്കപ്പെട്ടത് അറിയുക. പ്രവേശനം ലഭിച്ചത് അംഗീകാരമില്ലാത്ത കോളജുകളിൽ. അഡ്മിഷൻ ലെറ്റർ കർണാടകയിൽ എത്തിയ ശേഷമാണ് നൽകുന്നത്. സർവകലാശാലയുടെ രജിസ്‌ട്രേഷനിൽ പേരില്ലെന്ന് അറിയുമ്പോൾ മാത്രമാണ് ഈ തട്ടിപ്പ് മനസിലാകൂക.

പല കോളജുകളുടെ കാമ്പസുകളിലുള്ള ചെറിയ മുറികളിലായിരിക്കും ക്ലാസ് നൽകുന്നത്. ഇത്തരത്തിൽ ദേവാമൃത് ചാരിറ്റബിൾ ട്രസ്റ്റ് എന്ന ഒരു ട്രസ്റ്റ് മാത്രം കബളിപ്പിച്ചത് 220 മലയാളി വിദ്യാർത്ഥികളെയാണ്. കിളിമാനൂരിലുള്ള സ്മാക്ക് എന്ന ഏജൻസി പോലെ കേരളത്തിൽ നിരവധി ഏജൻസികളാണ് ദേവാമൃതിനുള്ളത്.പ്രശസ്തമായ ഒരു കോളജിന്റെ പേരിൽ അതേ കാമ്പസിൽ തന്നെയുള്ള സബ്‌കോളജുകളിലാകും പ്രവേശനം നൽകുക. ഫീസിനു പുറമെ ട്രസ്റ്റിൽ രജിസ്റ്റർ ചെയ്യുന്നതിനായി അൻപതിനായിരം രൂപ വരെ വാങ്ങും. കോളജുമായി ഒത്തുചേർന്നുള്ള ഈ കച്ചവടത്തിൽ ഒരു പങ്ക് കോളജിലെ പ്രധാനപ്പെട്ടവർക്കും ലഭിക്കും. കേരളത്തിൽ നിന്നും വിദ്യാർത്ഥികളെ എത്തിക്കാനുള്ള ഏജന്റുമാർക്കു പുറമെ ഇത്തരം ട്രസ്റ്റ് നടത്തുന്നതും മലയാളികളാണ്. കോളജിൽ ബന്ധപ്പെട്ടാൽ ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് കോളജ് അധികൃതർ പറയുന്നത്.