ബോട്ടിന്റെ മുകളിലായതിനാൽ ചാടാൻ സാധിച്ചു; ബോട്ടിൽനിന്ന് രക്ഷപ്പെട്ട ഫൈസൽ

ബോട്ടിന്റെ മുകളിൽ നിന്നതിനാൽ ബോട്ട് ചെറിയുമ്പോൾ വെള്ളത്തിലേക്ക് ചാടി രക്ഷപെടാൻ സാധിച്ചെതെന്ന് പാലക്കാട് മണ്ണാർക്കാട് സ്വദേശി ഫൈസൽ പറഞ്ഞു. താഴെ നിന്നവരാണ് കുടുങ്ങിയത്. അപകടത്തിൽപെട്ടവരിൽ ഭാര്യ ഫസ്‌നയും ഉണ്ടായിരുന്നു എന്നും ഫൈസൽ വ്യക്തമാക്കി. വെള്ളത്തിലേക്ക് ചാടുമ്പോൾ ഭാര്യയും ഒപ്പം ഉണ്ടായിരുന്നു. പക്ഷെ, ഭാര്യക്ക് നീന്താൻ അറിയാതിരുന്നതിനാൽ മറിഞ്ഞു കിടക്കുന്ന ബോട്ടിന്റെ സമീപത്തേക്ക് നീങ്ങി അതിൽ പിടിച്ചു നിന്നു എന്നും അദ്ദേഹം വ്യക്തമാക്കി.പത്ത് മിനുറ്റിനുള്ളിൽ മറ്റൊരു ബോട്ട് സഹായത്തിന് വന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ, കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് ഫസ്‌ന. ബോട്ടിൽ അമിതമായി ആളെ കയറ്റിയിരുന്നു എന്നും യാത്ര തുടങ്ങി 300 മീറ്റർ പിന്നിട്ടപ്പോഴേക്കും അപകടം നടന്നു എന്നും ഫൈസൽ വ്യക്തമാക്കി.

ഏഴ് മണിയോടെയാണ് ബോട്ട് എടുത്തത്. മുന്നൂറ് മീറ്റർ നീങ്ങിയതും ബോട്ട് അപ്രതീക്ഷിതമായി ഇടത് ഭാഗത്തേക്ക് ചെരിഞ്ഞ് മറിയുകയായിരുന്നു. ബോട്ട് ചരിഞ്ഞപ്പോൾ ബോട്ടിൽ ഉണ്ടായിരുന്നവരും ഭീതിയിൽ ആ വശത്തേക്ക് നീങ്ങി. തുടർന്ന്, ബോട്ട് മുങ്ങിയെന്നും ഫൈസൽ പറഞ്ഞു. മുകളിൽ ഉണ്ടായിരുന്നവർ വെള്ളത്തിലേക്ക് ചാടി. ഒന്ന് രണ്ടു കുട്ടികൾക്ക് ലൈഫ് ജാക്കറ്റ് കൊടുക്കുന്നത് കണ്ടു. മറ്റുള്ളവർക്ക് കിട്ടില്ലെന്നും ഫൈസൽ വ്യക്തമാക്കി.ഇന്നലെ വൈകിട്ടാണ് താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ നാല്പതോളം വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയത്. ഒരു കുടുംബത്തിലെ പതിനൊന്ന് പേരടക്കം 22 പേരാണ് ദുരന്തത്തിൽ മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിന് കാരണമായ നിയമലംഘനങ്ങളിൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാരും അറിയിച്ചിട്ടുണ്ട്.