സേ പരീക്ഷ ജൂണ്‍ ഏഴ് മുതല്‍; സര്‍ട്ടിഫിക്കറ്റ് ജൂണ്‍ ആദ്യവാരം ഡിജി ലോക്കറില്‍; പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലായ് 5 മുതല്‍

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോ കോപ്പിയ്ക്കുള്ള അപേക്ഷകള്‍ മെയ് 20 മുതല്‍ 24 വരെ ഓണ്‍ലൈനായി നല്‍കാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.
ഉപരിപഠനത്തിന് അര്‍ഹത നേടാത്ത കുട്ടികള്‍ക്കുള്ള സേ പരീക്ഷ ജൂണ്‍ എഴ് മുതല്‍ പതിനാല് വരെ നടത്തും ജൂണ്‍ അവസാനം ഫലം പ്രസിദ്ധികരിക്കും. പരമാവധി മൂന്ന് വിഷയങ്ങള്‍ വരെ സേ പരീക്ഷയെഴുതാമെന്നും മന്ത്രി പറഞ്ഞു.
പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് ജൂണ്‍ ആദ്യവാരം മുതല്‍ ഡിജി ലോക്കറില്‍ ലഭ്യമാകും. പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലായ് 5 മുതല്‍ ആരംഭിക്കും. എസ്‌എസ്‌എല്‍സി പരീക്ഷയില്‍ കഴിഞ്ഞ തവണത്തെ വിജയത്തേക്കാള്‍ ഇത്തവണ .44 ശതമാനമാണ് വര്‍ധനവ്. 68604 വിദ്യാര്‍ഥികള്‍ എല്ലാവിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം ഇത് 44363 പേര്‍ക്കായിരുന്നു എപ്ലസ്. വര്‍ധനവ് 24241.
ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത് കണ്ണൂര്‍ ജില്ലയിലാണ്. 99.94 ശതമാനമാണ് വിജയം. വിജയശതമാനം ഏറ്റവും കുറവ് വയനാട്ടില്‍. 98.41 ശതമാനമാണ് വിജയം. നൂറ് ശതമാനം വീതം വിജയമുള്ള വിദ്യാഭ്യാസ ജില്ലകള്‍ പാലായും മൂവാറ്റുപുഴയുമാണ്. ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയിലാണ്. അവിടെ 4856 വിദ്യാര്‍ഥികള്‍ എ പ്ലസ് നേടി.
വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. വിജയശതമാനം99.70ആണ്. 2060 സെന്ററുകളിലായി 4.20 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 417864 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞവര്‍ഷം 99.26 ശതമാനം ആയിരുന്നു വിജയശതമാനം. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും പിന്തുണ നല്‍കിയ അധ്യാപകരെയും മന്ത്രി അഭിനന്ദിച്ചു.