കിളിമാനൂർ ചെങ്കിക്കുന്നിൽ മര്‍ദനമേറ്റ് മരണം; 3 പേര്‍ അറസ്റ്റില്‍

ചെങ്കിക്കുന്ന് കുറിയിടത്തുകോണം ചരുവിള പുത്തന്‍വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പുഷ്‌കരന്‍(45) ക്രിക്കറ്റ് ബാറ്റ് കൊണ്ട് മര്‍ദനമേറ്റ് മരിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍. നഗരൂര്‍ രാമനല്ലൂര്‍ക്കോണം ചരുവിള വീട്ടില്‍ എസ്.സുജിത്ത് (31), കിളിമാനൂര്‍ കണ്ണയംകോട് പ്രസന്നമന്ദിരത്തില്‍ പി. വിഷ്ണു (30), കിളിമാനൂര്‍ കണ്ണയംകോട് ചരുവിള വീട്ടില്‍ ജി. അഭിലാഷ് (25) എന്നിവരാണ് അറസ്റ്റിലായത്.

 മദ്യപിച്ചത് ചോദ്യം ചെയ്തതും കുറിയിടത്തുകോണം അപ്പൂപ്പന്‍കാവ് ക്ഷേത്രം കമ്മിറ്റിയില്‍ ഉണ്ടായ തര്‍ക്കവും ആണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അടിപിടിയെ തുടര്‍ന്നു ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ നിരീക്ഷണമെന്ന് പൊലീസ് പറഞ്ഞു.

ഞായര്‍ രാത്രി 8.30 മണിയോടെ കുറിയിടത്തുകോണം മേലെ മഠത്തിനു സമീപമാണ് സംഭവം. പുഷ്‌കരനും മകന്‍ ശിവയും ബൈക്കില്‍ ബന്ധു വീട്ടില്‍ പോയി രാത്രി തിരികെ എത്തി. ബന്ധുവായ വേണുവുമായി സംസാരിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ മൂന്നംഗ സംഘം ഇവരുടെ മുന്നിലേക്ക് ഗ്ലാസ് എറിഞ്ഞു ഉടച്ചു. ഇതു ചോദ്യം ചെയ്തത് ഇഷ്ടപ്പെടാത്ത സംഘം കാരണം കൂടാതെ ആദ്യം വേണുവിനെ മര്‍ദിച്ചു. പിന്നീട് പുഷ്‌കരനെ വളഞ്ഞിട്ട് ആക്രമിക്കുകയും ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. 

പരുക്കേറ്റ പുഷ്‌കരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം കിളിമാനൂര്‍ വാലഞ്ചേരിയിലെ കുടുംബ വീട്ടില്‍ നടന്നു. ഭാര്യ: സുനിത. മകന്‍: ശിവ.ആറ്റിങ്ങല്‍ എസ്എച്ച്ഒ: തന്‍സീം അബ്ദുല്‍ സമദ്, നഗരൂര്‍ എസ്‌ഐ: അമ്യത് സിങ് നായകം സംഘവും അറസ്റ്റ് ചെയ്ത പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.