തിരുവനന്തപുരം നഗരത്തില്‍ ഓടുന്ന ബസുകളുടെ സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബസ് ഡ്രൈവറെ ആക്രമിച്ച സംഭവത്തില്‍ രണ്ടു പേരെ വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു ബസിലെ ജീവനക്കാരായ വെങ്ങാനൂര്‍ കട്ടച്ചാല്‍ കുഴി സ്വദേശി ഗബ്രി എന്ന സുധീഷ് (38), തിരുമല കുഞ്ചാലുംമൂട് സ്വദേശി അബ്ദുല്‍ ഹക്കീം (28) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ തകരപറമ്പിലെ പാര്‍ക്കിങ് ഏരിയായില്‍ വച്ചായിരുന്നു ആക്രമണം. മര്‍ദനമേറ്റ ഡ്രൈവര്‍ ബാലകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതിനു പിന്നാലെയാണ് അറസ്റ്റ്.പിടിയിലായവര്‍ മറ്റു ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നു പൊലീസ് അറിയിച്ചു.