വർക്കലയിൽ വീട്ടുമസ്ഥരെ കബളിപ്പിച്ച് മോഷണം, ആഭരണങ്ങൾ കവർന്നത് മുക്കുപണ്ടം പകരം വെച്ച്; വീട്ടുജോലിക്കാരി പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ വീട്ടുടമസ്ഥരെ കബളിപ്പിച്ച് സ്വർണ്ണം കവർന്ന് പണയം വച്ച കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. വർക്കല സ്വദേശിനി സോജാ എന്ന് വിളിക്കുന്ന സരിതയാണ് വർക്കല പോലീസിന്റെ പിടിയിലായത്. 80000 രൂപ വിലമതിപ്പുള്ള വൈറ്റ് ഗോൾഡ് ഫാഷനിലുള്ള 14.5 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ നെക്ലസ്സും 4 ഗ്രാം തുക്കം വരുന്ന സ്വർണ്ണ മോതിരവും 16 ഗ്രാമ തൂക്കം വരുന്ന 2 വളകളുമാണ് മോഷ്ടിച്ചത്

പല തവണകളായി വീട്ടുകാർക്ക് സംശയം തോന്നാത്ത തരത്തിലാണ് ആണ് മോഷണം നടത്തിയത്. 11 വർഷമായി സുനിൽകുമാറിന്റെ വീടുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന സരിത വീട്ടുകാരുടെ വിശ്വസ്ഥയായിരുന്നു. സുനിൽകുമാറിന്റെ ഭാര്യ സ്ഥിരമായി ഉപയോഗിക്കുന്ന വള കുളിക്കാൻ പോകുമ്പോഴും ഉറങ്ങുമ്പോഴും ഊരി വയ്ക്കുക പതിവായിരുന്നു. താനുപയോഗിക്കുന്ന വള മുക്കുപണ്ടം ആണെന്ന് സംശയം തോന്നിയ വീട്ടുകാരി, സരിതയെ വിളിച്ചു വരുത്തി ഇതേപ്പറ്റി ചോദിച്ചു.എന്നാൽ പരസ്പര വിരുദ്ധമായാണ് സരിത മറുപടി നൽകിയത്. ഇതിൽ സംശയം തോന്നിയ സുനിൽകുമാർ വർക്കല പോലീസിൽ പരാതി നൽകുകയായിരുന്നു. സുനിൽകുമാറിന്റെ ഭാര്യയും മകളും ധരിക്കുന്ന സ്വർണ്ണത്തിന്റെ അതേ മോഡലിൽ ഉള്ള മുക്കുപണ്ടങ്ങൾ സംഘടിപ്പിച്ച ശേഷം യഥാർത്ഥ സ്വർണ്ണം മോഷ്ടിക്കുകയാണ് സരിത ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.വള മാത്രമാണ് മോഷണം നടത്തിയത് എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വകാര്യ ബാങ്കിൽ അന്വേഷിക്കുമ്പോഴാണ് ലക്ഷങ്ങൾ വിലമതിപ്പുള്ള സ്വർണ്ണം പണയം വച്ചിരിക്കുന്നത് പോലീസ് കണ്ടെത്തുന്നത്. മോഷ്ടിച്ച സ്വർണ്ണം സ്വകാര്യ ബാങ്കിൽ പണയം വച്ച് ലക്ഷങ്ങൾ കൈക്കലാക്കുകയായിരുന്നു. സരിതയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 1.30 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. വർക്കല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു