തിരുവനന്തപുരം മ്യൂസിയത്തിലെ സുരക്ഷയ്ക്ക് ഇനി പൊലീസിന്റെ ഇ പട്രോളിങ്

സ്ത്രീകള്‍ക്കെതിരായ അതിക്രമമടക്കം വലിയ തലവേദനയായിരുന്ന തിരുവനന്തപുരം മ്യൂസിയത്തിലെ സുരക്ഷയ്ക്ക് ഇനിമുതല്‍ പൊലീസിന്റെ ഇ പട്രോളിങ്. നിന്നു സഞ്ചരിക്കാവുന്ന ഇ-സ്‌കൂട്ടറാണ് പരീക്ഷണാടിസ്ഥാനത്തില്‍ പട്രോളിങ്ങിനിറങ്ങുന്നത്.

ഒച്ചയും ബഹളവുമില്ലാതെ ആള്‍ക്കൂട്ടത്തിനൊപ്പം അവരിലൊരാളായി പൊലീസ്. ആവശ്യം കഴിഞ്ഞാല്‍ സ്‌കൂട്ടര്‍ മടക്കി കൈയിലെടുത്തു കണ്ടുപോവുകയുമാകാം. നിലവില്‍ പത്ത് കിലോമീറ്ററില്‍ വേഗത പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇത് കൂട്ടി, പെട്ടെന്ന് ഓടിയെത്തലുമാകാം. മ്യൂസിയം പോലെ ഒരുപാടു പേരെത്തുന്ന, എന്നാല്‍ വാഹനങ്ങള്‍ കടക്കാത്ത സ്ഥലങ്ങളില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഇതുവഴി ആകുമെന്നാണ് കണക്കുകൂട്ടല്‍. ക്ലിക്കായാല്‍ സംഗതി വ്യാപിപ്പിക്കും.

വിദേശരാജ്യങ്ങളില്‍ ഇതിനോടകം പ്രചാരം നേടിയതാണ് ഹോവര്‍ബോര്‍ഡ് അഥവാ ഇ സ്‌കൂട്ടറുകള്‍. മാര്‍ക്കറ്റുകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ സുരക്ഷയ്ക്കും വാഹനം പോകാത്ത സ്ഥലങ്ങളില്‍ പൊലീസിന് വേഗത്തിലെത്താനും ഉചിതമാണ് ഇവ.