*ബുക്ക് ചെയ്ത സദ്യ സമയത്ത് നല്‍കാതെ തിരുവോണ ദിനം അലങ്കോലമാക്കി; വീട്ടമ്മയ്ക്ക് 40000 രൂപ നഷ്ടപരിഹാരം*

കൊച്ചി: ഹോട്ടലിന്‍റെ വീഴ്ചയില്‍ 2021ലെ തിരുവോണ ദിനം അലങ്കോലമായതിന് വീട്ടമ്മയ്ക്ക് നഷ്ടപരിഹാരം. അഞ്ച് പേര്‍ക്കുള്ള സ്പെഷ്യല്‍ സദ്യ ഓര്‍ഡര്‍ ചെയ്ത് പണവും നല്‍കി കാത്തിരുന്ന് ലഭിക്കാതെ വന്ന വീട്ടമ്മയ്ക്ക് അനുകൂല തീരുമാനവുമായി ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. വൈറ്റില സ്വദേശിനിയായ ബിന്ധ്യയ്ക്ക് 40000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്. കൊച്ചിയിലെ മെയ്സ് റസ്റ്റോറന്‍റിനെതിരെയാണ് വീട്ടമ്മ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതിയെ സമീപിച്ചത്. 

2021ലെ തിരുവോണ ദിനത്തിലാണ് കേസിനാസ്പദമായ സംഭവം. പായസമടക്കമുള്ള സദ്യ ഉച്ചയ്ക്ക് വീട്ടിലെത്തിക്കുമെന്നായിരുന്നു പണം നല്‍കുമ്പോഴത്തെ ഹോട്ടലിന്‍റെ വാഗ്ദാനം. എന്നാല്‍ വൈകുന്നേരമായിട്ടും സദ്യ ലഭിച്ചില്ല. ഹോട്ടലധികൃതരെ നിരവധി തവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും പ്രതികരിച്ചില്ല. തുടർന്ന് വീട്ടമ്മ നീതി തേടി കോടതിയിലെത്തി. പരാതിക്കാരി സദ്യയ്ക്കായി നല്‍കിയ 1295 രൂപയും നഷ്ടപരിഹാരവും കോടതിചെലവും 9 ശതമാനം പലിശ സഹിതം ഹോട്ടല്‍ ഉടമ നല്‍കണം. ഒരു മാസത്തിനുള്ളില്‍ പരാതിക്കാരിക്ക് പണം നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തിരുവോണ സദ്യ ഓരോ മലയാളിക്കും ഏറെ വൈകാരിക അടുപ്പമുള്ളതാണെന്നുള്ള നിരീക്ഷണത്തോടെയാണ് കോടതി ഉത്തരവ്. കൃത്യസമയത്ത് സദ്യ എത്തിക്കുന്നതില്‍ വീഴ്ച വന്നേക്കുമെന്ന വിവരം പരാതിക്കാരിയെ സമയത്ത് അറിയിക്കാന്‍ പോലും ഹോട്ടല്‍ ജീവനക്കാര്‍ തയ്യാറാകാത്തത് നിരുത്തരവാദപരമായ കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.