വാതിലിന് മുന്നിൽ സർട്ടിഫിക്കറ്റിനായി ഇങ്ങോട്ടു വരേണ്ടന്ന് ബോർഡ് വച്ച ഡോക്ടറെ...

 മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിങ്ങളുടെ ഔദാര്യമല്ല ,രോഗികളുടെ അവകാശമാണ് എന്നറിയുക.

ചികിത്സാ ധനസഹായ പദ്ധതികളിൽ അപേക്ഷ നൽകാനാകാതെ പ്രതിസന്ധിയിലായി രോഗികൾ.



 ‘ക്ലാർക്ക് തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനാലും 
ശേഷിക്കുന്നവർക്ക് ജോലിഭാരം ഉള്ളതു കൊണ്ടും സർട്ടിഫിക്കറ്റുകൾ ഒപ്പിട്ടു 
നൽകാൻ കഴിയുന്നതല്ല, പരാതിയുള്ളവർ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുക’ 
–മെഡിക്കൽകോളജ് ആശുപത്രിയിലെ സർജറി വിഭാഗം മേധാവി അബ്ദുൽ ലത്തീഫ് തന്റെ 
മേശപ്പുറത്തും വാതിലിലും എഴുതി വച്ചിട്ടുള്ള അറിയിപ്പാണ് ഇത്.
കുറിപ്പ് പ്രദർശിപ്പിച്ച് സർട്ടിഫിക്കറ്റുകൾ നൽകുന്നത് നിർത്തിവച്ചിട്ട്
 6 ദിവസം കഴിഞ്ഞു. ഇതോടെ ചികിത്സാ ധനസഹായ പദ്ധതികളിൽ അപേക്ഷ നൽകാനാകാതെ 
രോഗികൾ പ്രതിസന്ധിയിലായി. അപേക്ഷ സ്വീകരിക്കാൻ ജീവനക്കാരും വിഷയം 
പരിഹരിക്കാൻ അധികൃതരും തയാറാകുന്നില്ല. ഇതോടെ എന്തു ചെയ്യണമെന്നോ ആരോട് 
പരാതി പറയണമെന്നോ അറിയാത്ത സ്ഥിതിയിലാണ് രോഗികളും ബന്ധുക്കളും. 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ചികിത്സാധനസഹായം, 
ഇൻഷുറൻസ് ആനു കൂല്യം, അവധി തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി സമർപ്പിക്കേണ്ട 
മെഡിക്കൽ സർട്ടിഫിക്കറ്റുകൾ എന്നിവയൊക്കെയാണ്  ഇവിടെ നിന്നു ഒപ്പിട്ടു 
കിട്ടേണ്ടത് .  സർട്ടിഫിക്കറ്റുകൾ വൈകിയാൽ   ആനുകൂല്യങ്ങൾ പലതും 
നഷ്ടമായേക്കും. പരാതി ഉണ്ടെങ്കിൽ വിളിച്ച് പറയണമെന്ന് പറഞ്ഞ് മെഡിക്കൽകോളജ്
 പ്രിൻസിപ്പൽ, ഡിഎംഇ എന്നിവരുടെ മൊബൈൽ ഫോൺ നമ്പർ നൽകി പറഞ്ഞു വിടുകയാണ്. 
ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രി വിട്ട തിരുവനന്തപുരം സ്വദേശിയായ രോഗിയുടെ 
ബന്ധു പറഞ്ഞത്: ‘ചികിത്സാ ധനസഹായത്തിനുള്ള സർട്ടിഫിക്കറ്റ് ഒപ്പിട്ട് 
വാങ്ങാൻ രണ്ടു ദിവസമായി കയറി ഇറങ്ങുന്നു. ഓഫിസിലുള്ള ജീവനക്കാർ ആരും 
സഹായിക്കുന്നില്ല. പ്രിൻസിപ്പൽ ഓഫിസിൽ പലതവണ വിളിച്ച് പരാതി അറിയിച്ചു. 
പ്രിൻസിപ്പൽ മീറ്റിങ്ങിലാണെന്ന മറുപടി അല്ലാതെ അവർ ഒന്നും പറയുന്നില്ല.’
ഓഫിസിലെ താൽക്കാലിക ജീവനക്കാരനെ മറ്റൊരു വിഭാഗത്തിലേക്ക് മാറ്റിയതിനു 
പിന്നാലെയാണ് സർട്ടിഫിക്കറ്റുകൾ ഒപ്പിട്ടു നൽകില്ലെന്ന അറിയിപ്പ് 
പ്രത്യക്ഷപ്പെട്ടത്. നിലവിൽ ഡോക്ടർമാർ എഴുതുന്ന സർട്ടിഫിക്കറ്റുകൾ സീൽ 
ചെയ്ത് നൽകാൻ സ്ഥിരം ജീവനക്കാരനായ കോൺഫിഡൻഷ്യൽ അസിസ്‌റ്റന്റും സഹായത്തിന് 
ഒരു അറ്റൻഡറും ഉണ്ട്. എന്നാൽ ഇവർക്ക് ജോലിഭാരം കൂടുതലാണെന്ന് പറഞ്ഞാണ് 
സർട്ടിഫിക്കറ്റ് ഒപ്പിടുന്നത് നിർത്തിയത്. പകരം ക്ലാർക്കിനെ അനുവദിക്കാതെ 
സർട്ടിഫിക്കറ്റുകൾ ഒപ്പിട്ടു നൽകില്ലെന്ന നിലപാടിലാണ് സർജറി വിഭാഗം.
സർജറി വിഭാഗം ജീവനക്കാർ പറഞ്ഞത് 
250 മെഡിക്കൽ വിദ്യാർഥികളും 33 ഫാക്കൽറ്റികളും 72 പി.ജി വിദ്യാർഥികളും 
ഉൾപ്പെട്ട വലിയ യൂണിറ്റാണിത്. ഓഫിസ് ജോലികൾക്കായി രണ്ട് ജീവനക്കാർ 
മാത്രമാണുണ്ടായിരുന്നത്. എച്ച്ഡിഎസ് ജീവനക്കാരനായ ക്ലാർക്കിനെ  
മുന്നറിയിപ്പില്ലാതെ പിൻവലിച്ചു. ഡ്യൂട്ടി ലിസ്റ്റ് തയാറാക്കുന്നത് അടക്കം 
കോൺഫിഡൻഷ്യൽ അസിസ്റ്റന്റിന് മറ്റ് അനേകം ജോലികൾ ഉണ്ട്. സൂപ്രണ്ട് ഓഫിസിൽ 
നിന്നു പ്രതിദിനം 10 മുതൽ 15വരെ അപേക്ഷകളാണ് മെഡിക്കൽ സർട്ടിഫിക്കറ്റിനായി 
എത്തുന്നത്. ഒരു ക്ലാർക്കിനെ കൂടി നിയമിക്കാതെ ഒന്നും ചെയ്യാനാകില്ല.
വൈകാതെ ആളിനെ നൽകും: ഡോ. പി.കലാകേശവൻ (മെ‍ഡിക്കൽ കോളജ് പ്രിൻസിപ്പൽ)
മെഡിക്കൽ കോളജ് ആശുപത്രിയിലെ സർജറി വിഭാഗത്തിൽ ഒരു ക്ലാർക്കിനെ 
നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മേധാവി ഒരു അപേക്ഷ നൽകിയിരുന്നു. 
ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ ആളിനെ നൽകും.