'ആടുതോമയ്ക്ക് നൽകുന്ന സ്നേഹത്തിന് വാക്കുകൾക്കതീതമായ നന്ദി': മോഹൻലാൽ

മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം. അതുതന്നെയാണ് സ്ഫടികത്തിന്റെ 4കെ റിലീസിനായി മലയാളികൾ ഒന്നടങ്കം കാത്തിരുന്നത്. 28 വർഷങ്ങൾക്കിപ്പുറം ആടുതോമയും ചാക്കോമാഷും തുളസിയുമെല്ലാം തിയറ്ററിൽ എത്തിയപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ പുത്തൻ സാങ്കേതിക മികവിൽ സ്ഫടികം ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി അറിയിക്കുകയാണ് നടൻ മോഹൻലാൽ. സോഷ്യൽ മീഡിയിയൂടെ ആയിരുന്നു മോഹൻലാലിന്റെ നന്ദി പ്രകടനം."നീണ്ട 28 വർഷങ്ങൾക്ക് ശേഷവും ആടു തോമയുടെ മേൽ ചൊരിയുന്ന അതിശക്തമായ പ്രതികരണത്തിനും സ്നേഹത്തിനും വാക്കുകൾക്കതീതമായ നന്ദി! സ്ഫടികം 4K ATMOS-ന് പിന്നിലുള്ള ഭദ്രൻ സാറിനും ടീമിനും വലിയ നന്ദിയും ധൈര്യവും!", എന്നാണ് മോഹൻലാൽ കുറിച്ചത്. ഒപ്പം സ്ഫടികത്തിലെ സ്റ്റില്ലും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ടെലിവിഷനില്‍ 'സ്‍ഫടികം' കണ്ട് ആവേശംകൊണ്ടവര്‍ക്ക് ചിത്രം ബിഗ് സ്‍ക്രീനില്‍ കാണാനുള്ള അവസരമായിരുന്നു സംവിധായകൻ ഭദ്രൻ ഒരുക്കിയത്. ഒടുവിൽ തിയറ്ററുകളിൽ ചിത്രം നിലയുറപ്പിക്കുകയും ചെയ്തു. മികച്ച പ്രതികരണങ്ങൾക്ക് ഒപ്പം ബോക്സ് ഓഫീസ് കളക്ഷനിലും ചിത്രം മിന്നും പ്രകടനം കാഴ്ചവയ്ക്കുകയാണ്. മമ്മൂട്ടിയുടെ 'ക്രിസ്റ്റഫര്‍' ഉണ്ടായിട്ടും ആദ്യദിനം 'സ്‍ഫടികം' നേടിയത് 77 ലക്ഷമാണ്. മൂവി ട്രാക്കേഴ്‍സായ ഫ്രൈഡേ മാറ്റ്‍നിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതേസമയം, മോഹൻലാലുമായി താൻ വീണ്ടും ഒന്നിക്കുന്നുവെന്ന് ഭദ്രൻ പറഞ്ഞത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ഒരു ബി​ഗ് ബജറ്റ് ചിത്രമാണ് വരുന്നതെന്നും ഇതുവരെ കാണാത്ത ഒരു മോഹൻലാലിനെ സിനിമയിൽ കാണാനാകുമെന്നുമാണ് ഭദ്രൻ  പറഞ്ഞിരുന്നു. ജിം കെനി എന്നാണ് സിനിമയിൽ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേരെന്നും ശക്തമായ കഥാപാത്രങ്ങളുള്ള ഒരു റോഡ് മൂവി ആണെന്നും ഭദ്രൻ മുൻപ് പറഞ്ഞിരുന്നു.