ഉച്ചയ്ക്ക് വീണ്ടും ഉയർന്ന് സ്വർണവില; 400 രൂപയുടെ വർദ്ധനവ്

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ  സംസ്ഥാനത്തെ സ്വർണവില ഉയർന്നു. ബജറ്റ് നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 2023-24 വർഷത്തിൽ സ്വർണ്ണം, വെള്ളി, ഡയമണ്ട് എന്നിവയുടെ വില വര്ധിക്കുമെന്ന പ്രഖ്യാപനം വന്നതിനു ശേഷമാണു വില വർധന. സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ വ്യത്യാസം വന്നിട്ടില്ലെങ്കിലും ഇറക്കുമതി ചെയ്യുന്ന സ്വർണാഭരണങ്ങളുടെ നികുതി 22  ശതമാനത്തിൽ നിന്നും 25  ശതമാനമായി ഉയർന്നിട്ടുണ്ട്. മൂന്ന് ശതമാനം നികുതി ഉയർന്നതും രൂപയുടെ വിനിമയത്തിലുള്ള വ്യത്യാസവുമാണ് സംസ്ഥാനത്ത് വില ഉയരാൻ കാരണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ ട്രഷറർ അഡ്വ എസ്.അബ്ദുൽ നാസർ  പറഞ്ഞു. വെള്ളിയുടെ ഇറക്കുമതി തീരുവ അഞ്ച് ശതമാനം ഉയർത്തിയിട്ടുണ്ട്. ബജറ്റ് പ്രഖ്യാപിക്കുന്നതിന് മുൻപ് വെള്ളിയുടെ വില 69000 രൂപയായിരുന്നു. എന്നാൽ ബജറ്റിന് ശേഷം ഇത് 72480 രൂപയായി ഉയർന്നിട്ടുണ്ട്. ഒരു കിലോ വെള്ളിയുടെ വിലയിൽ 3450 രൂപയുടെ വ്യത്യാസമാണ് ഉണ്ടാവുക എന്ന് അഡ്വ എസ്.അബ്ദുൽ നാസർ പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന്  200 രൂപ ഉയർന്ന് വിപണിയിലെ വില  42,200 രൂപയായിരുന്നു. ബജറ്റിന് ശേഷം 200  രൂപയുടെ കൂടി വർധനവാണ് ഉണ്ടായിരിക്കുന്നത്. ആകെ സ്വർണത്തിന്റെ വില ഇതോടെ 400 രൂപ ഇന്ന് വർദ്ധിച്ചു. 42,400 രൂപയാണ് നിലവിൽ വിപണി വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് ഉച്ചയ്ക്ക് 25 രൂപ ഉയർന്നു.  ഇന്നത്തെ വിപണി വില 5300 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 20 രൂപയാണ് ഇന്ന് വീണ്ടും  ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4380  രൂപയാണ്.