*റേഷൻ കടകളിൽ ഇനി പുഴുക്കലരിയില്ല; അടുത്തമാസം മുതൽ സമ്പുഷ്ട അരി*

ജില്ലയിലെ റേഷൻ കടകളിൽ ഫെബ്രുവരി മുതൽ പോഷകാംശമേറിയ സമ്പുഷ്ടഅരി (ഫോർട്ടി ഫൈഡ് റൈസ്) വിതരണത്തിന് എത്തും. പുഴുക്കലരിയുടെ രൂക്ഷമായ ക്ഷാമം പരിഹരിക്കാൻ കൂടി ഉദ്ദേശിച്ചാണ് ഏപ്രിൽ മുതൽ നടപ്പാക്കാൻ ഉദ്ദേശിച്ച പദ്ധതി അടുത്ത മാസം തന്നെ നടപ്പാക്കുന്നത്.

ഇനി റേഷൻ വിഹിതമായി പുഴുക്കലരി ഉണ്ടാകില്ല. ആവശ്യമായ കരുതൽ അരി ഇതിനകം അങ്ങാടിപ്പുറം എഫ്സിഐ ഗോഡൗണിൽ സംഭരിച്ചിട്ടുണ്ട്. അയേൺ, ഫോളിക് ആസിഡ്, വൈറ്റമിൻ ബി 12 തുടങ്ങിയവ നിശ്ചിത അനുപാതത്തിൽ ഉൾപ്പെടുത്തി പ്രത്യേകം തയാറാക്കിയ അരി തെലങ്കാനയിൽ നിന്നും ആന്ധ്ര പ്രദേശിൽ നിന്നുമാണ് അങ്ങാടിപ്പുറം എഫ്സിഐയിലേക്ക് എത്തിക്കുന്നത്.

ഫെബ്രുവരി മുതൽ സമ്പുഷ്ട അരി വിതരണം ചെയ്യുന്നതിന് അങ്ങാടിപ്പുറം എഫ്സിഐ അധികൃതർക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഈ ഗോഡൗണിൽ നിന്ന് അരി എത്തിക്കുന്ന പെരിന്തൽമണ്ണ, ഏറനാട്, നിലമ്പൂർ താലൂക്കുകളിലെ റേഷൻ കടകളിലാണ് ഫെബ്രുവരിയിൽ അരി ലഭിക്കുക. ജില്ലയിലെ മറ്റു ഭാഗങ്ങളിൽ ഏപ്രിൽ മുതൽ വിതരണം ചെയ്യും.

അങ്ങാടിപ്പുറം എഫ്സിഐ ഗോഡൗണിലേക്ക് ഈ മാസം മാത്രം 3 ഗുഡ്സ് വാഗണുകളിൽ സമ്പുഷ്ട അരി എത്തിയിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിൽ സംഭരിച്ചതിന് പുറമേയാണിത്. 

നിലവിൽ സ്കൂളുകളിലേക്കും അങ്കണവാടികളിലേക്കും ഉച്ച ഭക്ഷണത്തിന് സമ്പുഷ്ട അരിയാണ് നൽകുന്നത്. പോഷകാഹാര കുറവു മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് നൽകുന്നത്. 

കഴിഞ്ഞ കുറെ മാസങ്ങളിലായി റേഷൻ വിഹിതമായി ഭൂരിഭാഗവും പച്ചരിയാണ് നൽകുന്നത്. സ്ഥിരം പച്ചരിയായതോടെ പലരും പച്ചരി വിഹിതം റേഷൻ കടകളിൽ നിന്ന് വാങ്ങാത്ത സാഹചര്യമുണ്ട്. പല കടകളിലും അനുവദിച്ച പച്ചരി ഭൂരിഭാഗവും കെട്ടി കിടക്കുകയുമാണ്.