വേഗനിയന്ത്രണത്തിന് സംവിധാനമില്ല : അപകടം പതിയിരുന്ന് വര്‍ക്കല ഇടവ മൂന്നുമൂല ജങ്ഷന്‍

വര്‍ക്കല : അപകടം പതിയിരുന്ന് വര്‍ക്കല-കാപ്പില്‍ തീരദേശ പാതയില്‍ തിരക്കേറിയ ഇടവ മൂന്നുമൂല ജങ്ഷന്‍. വീതികുറഞ്ഞ റോഡും അനധികൃത കച്ചവടവും പാര്‍ക്കിങും വാഹനങ്ങളുടെ അമിതവേഗവുമാണ് അപകടങ്ങള്‍ക്കിടയാക്കുന്നത്. സമീപത്തെ സ്‌കൂളുകളിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ മൂന്നുമൂല വഴിയാണ് കടന്നുപോകുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ഥിനിയെ ബൈക്ക് ഇടിച്ചുവീഴ്ത്തിയതാണ് ഒടുവിലത്തെ അപകടം. വിദ്യാര്‍ഥിനിക്കും ബൈക്ക് മറിഞ്ഞ് ഓടിച്ചയാള്‍ക്കും സാരമായി പരിക്കേറ്റിരുന്നു.

ഗതാഗതനിയന്ത്രണത്തിന് സംവിധാനങ്ങളൊന്നുമില്ലാത്തതിനാല്‍ ഗതാഗതക്കുരുക്കും ഇവിടെ പതിവാണ്. വര്‍ക്കല-കാപ്പില്‍ പാതയില്‍ നിന്നും വര്‍ക്കല ബീച്ച് റോഡിലേക്കുള്ള റോഡ് തിരിയുന്നത് മൂന്നുമൂല ജങ്ഷനില്‍ നിന്നാണ്. രണ്ട് റോഡിലും മൂന്നുമൂല ജങ്ഷനുസമീപം ലെവല്‍ക്രോസുണ്ട്. ഇവ അടച്ചു, തുറക്കുന്ന സമയം ഇരു റോഡുകളിലും വാഹനത്തിരക്കനുഭവപ്പെടും. ഇരു റോഡുകളില്‍ നിന്നും വാഹനങ്ങള്‍ വന്നുകയറുമ്പോള്‍ മൂന്നുമൂല ജങ്ഷനില്‍ ഗതാഗതക്കുരുക്കാകും. മേഖലയിലെ പ്രധാന വിദ്യാലയങ്ങളായ ഇടവ എം.ആര്‍.എം.കെ.എം.എം.എച്ച്.എസ്.എസ്., ലിറ്റില്‍ ഫ്‌ളവര്‍ എച്ച്.എസ്.എസ്. എന്നിവ ബീച്ച് റോഡില്‍ മൂന്നുമൂല ലെവല്‍ക്രോസിനു സമീപമാണ്. നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെയുണ്ട്.

മറ്റു സ്ഥലങ്ങളില്‍നിന്നും വരുന്ന വിദ്യാര്‍ഥികള്‍ മൂന്നുമൂലയില്‍ ബസിറങ്ങിയാണ് സ്‌കൂളുകളിലേക്ക് പോകുന്നത്. ഇതിനൊപ്പം വെണ്‍കുളം ഗവ. എല്‍.പി.എസ്., എല്‍.വി.യു.പി.എസ്. എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും ഇതുവഴി കടന്നുപോകുന്നുണ്ട്. രാവിലെയും വൈകീട്ടും ജങ്ഷനില്‍ വിദ്യാര്‍ഥികള്‍ നിറയും. ഇരു റോഡുകളിലേക്കും വാഹനങ്ങള്‍ വരുന്നതിനാല്‍ ജങ്ഷനില്‍ റോഡ് മറികടക്കാന്‍ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടുകയാണ്.