ബംഗ്ലദേശിനെതിരായ രണ്ടാം ഏകദിനത്തിലും ടീം ഇന്ത്യയ്ക്ക് തോൽവി. അഞ്ച് റൺസിനാണ് ബംഗ്ലദേശിന്റെ വിജയം. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ബംഗ്ലദേശ് 2–0ന് സ്വന്തമാക്കി. ബംഗ്ലദേശ് ഉയർത്തിയ 272 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 266 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യയ്ക്കായി ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, ക്യാപ്റ്റൻ രോഹിത് ശർമ എന്നിവർ അര്‍ധ സെഞ്ചറി നേടി. അവസാന പന്തുവരെ ക്യാപ്റ്റൻ രോഹിത് ശർമ പൊരുതിയെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ഓപ്പണർമാരായ വിരാട് കോലിയും (ആറ് പന്തിൽ അഞ്ച്), ശിഖർ ധവാനും (പത്ത് പന്തിൽ എട്ട്) തുടക്കത്തിൽ തന്നെ പുറത്തായത് മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്കു തിരിച്ചടിയായി.ശ്രേയസ് അയ്യരുടെ രക്ഷാപ്രവർത്തനം ആദ്യ ഓവറുകളിൽ ഇന്ത്യൻ സ്കോർ ഉയര്‍ത്തി. 102 പന്തുകളിൽ 82 റൺസാണ് അയ്യർ നേടിയത്. മെഹ്ദി ഹസന്റെ പന്തില്‍ അഫിഫ് ഹുസൈന്‍ ക്യാച്ചെടുത്താണു താരത്തെ പുറത്താക്കിയത്. വാഷിങ്ടൻ സുന്ദറിനും (19 പന്തിൽ 11), കെ.എൽ. രാഹുലിനും (28 പന്തിൽ 14) തിളങ്ങാനായില്ല. 56 പന്തിൽ 56 റൺസെടുത്ത ഓൾ റൗണ്ടർ അക്സർ പട്ടേലിനെ എബദത്ത് ഹുസൈന്റെ പന്തിൽ ഷാക്കിബ് അൽ ഹസൻ ക്യാച്ചെടുത്തു മടക്കി. വാലറ്റത്ത് ബാറ്റു ചെയ്യാനെത്തിയ ക്യാപ്റ്റൻ രോഹിത് ശർമ ഇന്ത്യയെ വിജയത്തിന് അടുത്തുവരെയെത്തിച്ചു. അവസാന രണ്ടു പന്തുകളിൽ ഇന്ത്യയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത് 12 റൺസായിരുന്നു. മുസ്തഫിസുർ റഹ്മാൻ എറിഞ്ഞ അഞ്ചാം പന്ത് രോഹിത് സിക്സടിച്ചെങ്കിലും ആറാം പന്തിലെ യോർക്കർ ഗാലറിയിലെത്തിക്കാൻ രോഹിത്തിനു സാധിച്ചില്ല. ഫലം ഇന്ത്യയ്ക്ക് അഞ്ചു റൺസിന്റെ തോൽവി. 28 പന്തുകൾ നേരിട്ട രോഹിത് ശർമ 51 റൺസെടുത്തു. ഷാർദൂൽ താക്കൂർ (23 പന്തിൽ ഏഴ്), ദീപക് ചാഹർ (18 പന്തിൽ 11), മുഹമ്മദ് സിറാജ് 12 പന്തിൽ രണ്ട്) എന്നിങ്ങനെയാണു പുറത്തായ മറ്റ് ഇന്ത്യൻ താരങ്ങളുടെ സ്കോറുകൾ. ബംഗ്ലദേശിനായി എബദത്ത് ഹുസൈൻ മൂന്നും മെഹ്ദി ഹസൻ, ഷാക്കിബ് അൽ ഹസൻ എന്നിവർ രണ്ടു വിക്കറ്റു വീതവും വീഴ്ത്തി. മുസ്തഫിസുർ, മഹ്മൂദുല്ല എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലദേശ് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷട്ത്തിൽ 271 റൺസെടുത്തു. കഴിഞ്ഞ മത്സരത്തിലെ ഹീറോ മെഹ്‌ദി ഹസ്സൻ (83 പന്തിൽ 100) മഹമൂദുല്ല (96 പന്തിൽ 77) യുമായി ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് തകർച്ചയുടെ പടുകുഴിയിൽ നിന്ന് ബംഗ്ലദേശിനെ കരകയറ്റിയത്. മെഹ്‌ദി ഹസ്സന്റെ കന്നിസെഞ്ചറിയാണിത്. വാഷിങ്ടൻ സുന്ദർ പത്ത് ഓവറിൽ 37 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റ് വീഴ്‌ത്തി. മുഹമ്മദ് സിറാജും ഉമ്രാൻ മാലിക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.