ക്രൈംബ്രാഞ്ച് നിർബന്ധിച്ച് പറയിപ്പിച്ചത്; സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ മൊഴി മാറ്റി മുഖ്യസാക്ഷി

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ മുഖ്യസാക്ഷി പ്രശാന്ത് മൊഴി മാറ്റി. കോടതിയിൽ നൽകിയ രഹസ്യമൊഴിയാണ് മാറ്റിയത്. സഹോദരൻ പ്രകാശാണ് ആശ്രമം കത്തിച്ചതെന്നായിരുന്നു പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നത്. പ്രകാശ് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് വെളിപ്പെടുത്തിയെന്നായിരുന്നു പ്രകാശിന്‍റെ ആദ്യ മൊഴി. എന്നാല്‍, ക്രൈംബ്രാഞ്ച് നിർബന്ധിച്ച് പറയിപ്പിച്ചതാണെന്നാണ് മജിസ്ട്രേറ്റിന് മുന്നിൽ പ്രശാന്ത് മൊഴി മാറ്റിയത്. 

അഡി. മജിസ്ട്രറ്റിന് മുന്നിലാണ് മൊഴി നൽകിയത്. മൊഴി മാറ്റിയ കാര്യം വ്യക്തമല്ലെന്ന് ക്രൈംബ്രാഞ്ച് പ്രതികരിച്ചു. മൊഴി മാറ്റാനിടയായ സാഹചര്യം വ്യക്തമല്ലെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. പ്രശാന്ത് വ്യക്തമായി അന്വേഷണ ഉദ്യോഗസ്ഥനോട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. പ്രശാന്തിന്റെ സമ്മതത്തോടെയാണ് രഹസ്യമൊഴിക്ക് അപേക്ഷ നൽകിയതെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. എന്നാല്‍, വിഷയത്തില്‍ പ്രതികരിക്കാന്‍ സാക്ഷി പ്രശാന്ത് തയ്യാറായില്ല.2018 ഒക്ടോബർ 27 ന് ആണ് തിരുവനന്തപുരം കുണ്ടമൺ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപിടിച്ച നിലയിൽ കണ്ടെത്തുന്നത്. ആശ്രമത്തിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. കത്തിച്ചശേഷം ആശ്രമത്തിനുമുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും ആക്രമികൾ വെച്ചിരുന്നു.