*മീഡിയ 16*പ്രഭാത വാർത്തകൾ*2022 | ഡിസംബർ 3 | ശനി*|

◾വിഴിഞ്ഞത്ത് തുറമുഖ നിര്‍മാണ സുരക്ഷയ്ക്കു ഹൈക്കോടതി വഴി കേന്ദ്രസേനയെ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രസേന അദാനി ഗ്രൂപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു സംരക്ഷണം നല്‍കുമെന്ന പ്രതീക്ഷയാണ് പിണറായി സര്‍ക്കാരിന്. വിഴിഞ്ഞത്തു കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ പോലീസിനെക്കൊണ്ടു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത് ഇതിനുവേണ്ടിയാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്. അദാനി ഗ്രൂപ്പിന്റെ ആവശ്യമനുസരിച്ച് കേന്ദ്രസേനയെ നിയോഗിക്കണമെന്നു ഹൈക്കോടതി ബുധനാഴ്ച ഉത്തരവിറക്കിയേക്കും. (കടല്‍ക്കൊള്ള... 

◾വിഴിഞ്ഞം പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് രാഷ്ട്രീയ - സാംസ്‌കാരിക- സാമൂഹിക മണ്ഡലങ്ങളിലെ 113 പ്രമുഖര്‍. വിഴിഞ്ഞത്തെ സംഘര്‍ഷം സര്‍ക്കാരും പോലീസും ആസൂത്രണം ചെയ്തതാണെന്ന് ആരോപിച്ചിട്ടുമുണ്ട്. മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണം. കള്ളക്കേസുകള്‍ പിന്‍വലിക്കണം. നവംബര്‍ 26 ന് തുറമുഖത്തേക്കുള്ള ലോറികള്‍ സമരക്കാര്‍ തടഞ്ഞു. തുറമുഖത്തെ അനുകൂലിക്കുന്നവര്‍ കല്ലേറു നടത്തി. പോലീസ് ഇടപെട്ടില്ല. പിറ്റേന്ന് നവംബര്‍ 27 ന് ഒരാളെ അറസ്റ്റു ചെയ്തു. അന്വേഷിക്കാന്‍ പോയവരെയും അറസ്റ്റു ചെയ്തു. ഭര്‍ത്താവിന്റെ അറസ്റ്റിനെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് സ്റ്റേഷനില്‍ പോയ സ്ത്രീയെ മര്‍ദ്ദിച്ചു. സംഭവമറിഞ്ഞ് സ്റ്റേഷന്‍ പരിസരത്തെത്തിയ സ്ത്രീകളും പുരുഷന്മാരും അടങ്ങിയ ജനക്കൂട്ടത്തെ പൊലീസ് ആക്രമിച്ചതാണ് സ്റ്റേഷന്‍ ആക്രമണത്തിനു കാരണമെന്ന് ഇവര്‍ കുറ്റപ്പെടുത്തി. ബിആര്‍പി ഭാസ്‌കര്‍, എംകെ മുനീര്‍ എംഎല്‍എ, കവി കെജിഎസ്, കെ അജിത, എംഎന്‍ കാരശേരി, ഇവി രാമകൃഷ്ണന്‍, അംബികാസുതന്‍ മാങ്ങാട്, സംവിധായകന്‍ ജിയോ ബേബി, മുന്‍ എംപി തമ്പാന്‍ തോമസ്, റിയാസ് കോമു, കല്‍പ്പറ്റ നാരായണന്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം, സിആര്‍ നീലകണ്ഠന്‍ തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്.

◾ശബരിമലയില്‍ വീണ്ടും നിയമപ്രശ്നം. ഹൈക്കോടതിയില്‍ ഇന്നു പ്രത്യേക സിറ്റിംഗ്. ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരാകാന്‍ കേരളത്തില്‍ ജനിച്ച മലയാളി ബ്രാഹ്‌മണനാകണമെന്ന വ്യവസ്ഥയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് പരിഗണിക്കുക. ദേവസ്വം ബോര്‍ഡ് പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ ഈ നിര്‍ദേശം ഭരണഘടനയിലെ മൗലികാവകാശ ലംഘനമാണെന്ന് ആരോപിച്ചാണു ഹര്‍ജി.

◾കാസര്‍കോട് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു. കരിന്തളം സ്വദേശി ശ്രീരാഗ്, കൊന്നക്കാട് സ്വദേശി അനീഷ്, കുമ്പളപ്പള്ളിയിലെ കിഷോര്‍ എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീലേശ്വരം ചോയംകോട് മഞ്ഞളംകാട് രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. വടകരയിലേക്ക് ചെങ്കല്ലു കൊണ്ടുപോകുകയായിരുന്ന ലോറിയും യുവാക്കള്‍ സഞ്ചരിച്ച ആള്‍ട്ടോ കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

◾മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്. ഇരുനില കെട്ടിടമായ ക്ലിഫ് ഹൗസില്‍ ഇതാദ്യമായാണ് ലിഫ്റ്റ് പണിയുന്നത്. ക്ലിഫ് ഹൗസില്‍ ചുറ്റുമതിലും കാലിത്തൊഴുത്തും നിര്‍മ്മിക്കാനായി 42.90 ലക്ഷം രൂപ അനുവദിച്ചത് ഏതാനും മാസങ്ങള്‍ക്കു മുമ്പായിരുന്നു.

◾ജിദ്ദയില്‍നിന്നും കോഴിക്കോട്ടേക്കുള്ള സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാര്‍മൂലം കൊച്ചിയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. മൂന്നു തവണ ശ്രമിച്ച ശേഷമാണ് വിമാനം റണ്‍വേയില്‍ ഇറക്കാനായത്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാറുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.

◾കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കള്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിക്കു ഗവര്‍ണര്‍ നല്‍കിയ ശുപാര്‍ശ ഒന്നരവര്‍ഷം പൂഴ്ത്തിവച്ച ശേഷമാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തു വിട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എന്തിനാണ് ഗവര്‍ണറുടെ കത്ത് ഇത്രയും കാലം ഒളിപ്പിച്ചുവച്ചത്? ഇതുവരേയും ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ കൊടുക്കല്‍ വാങ്ങല്‍ നടക്കുകയായിരുന്നുവെന്നും സതീശന്‍.

◾മുഖ്യമന്ത്രി പിണറായി വിജയന്‍ മാസ് ഡയലോഗുകള്‍ അവസാനിപ്പിച്ച് ക്രമസമാധാനപാലം ഉറപ്പാക്കണമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. വിഴിഞ്ഞത്ത് ജനങ്ങളും പൊലീസും ആക്രമിക്കപ്പെട്ടു. ഇരുന്നൂറ് കോടിരൂപയുടെ നഷ്ടമുണ്ടായെന്ന് കമ്പനി പറയുന്നു. ഇതുവരേയും മാളത്തിലിരുന്ന മുഖ്യമന്ത്രി മാസ് ഡയലോഗുമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

◾വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം ആസൂത്രിതമായിരുന്നുവെന്നും വൈദികരുടെ വര്‍ഗീയ പ്രചാരണവും കലാപാഹ്വാനവും ജനം തള്ളിക്കളയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വിഴിഞ്ഞം സമരത്തെയല്ല, സമരത്തിന്റെ മറവില്‍ ചിലര്‍ നടത്തുന്ന കലാപാഹ്വാനത്തെയാണ് തള്ളുന്നതെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

◾വിഴിഞ്ഞത്ത് കേന്ദ്രസേനയെ എത്തിക്കാന്‍ സര്‍ക്കാരും പോലീസും ആസൂത്രണം ചെയ്ത കലാപത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് വിഴിഞ്ഞം സമരസമിതി നേതാക്കള്‍. തുറമുഖം പണിയുന്നതുമൂലം കിടപ്പാടവും ജീവിതവും കടലെടുത്തു വഴിയാധാരമായവരെ അധികാര ഹുങ്കോടെ അധിക്ഷേപിക്കുന്നവരാണു യഥാര്‍ത്ഥ കലാപകാരികളെന്ന് സമരസമിതി നേതാവ് ഫാ. തിയോഡേഷ്യസ് പറഞ്ഞു.

◾തക്കാളിക്കു വില ഒരു രൂപ. വിലത്തകര്‍ച്ചമൂലം ദുരിതത്തിലായ പാലക്കാട്ടെ കര്‍ഷകരില്‍നിന്ന് സര്‍ക്കാര്‍ കിലോയ്ക്കു 15 രൂപ നിരക്കില്‍ തക്കാളി സംഭരിക്കും. സഹകരണ വകുപ്പു മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചതാണ് ഇക്കാര്യം.

◾രാജ്യത്തെ ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസ മേഖല കേരളത്തിലേതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പത്തു ലക്ഷത്തോളം കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ എത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഊരൂട്ടമ്പലം യുപി സ്‌കൂളിന്റെ പേര് അയ്യങ്കാളി - പഞ്ചമി സ്മാരക സ്‌കൂള്‍ എന്നാക്കി മാറ്റുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

◾പ്രശസ്ത ഗായകന്‍ എംജി ശ്രീകുമാര്‍ കായല്‍ കയ്യേറി വീടു നിര്‍മ്മിച്ചെന്ന പരാതിയില്‍ കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. അഴിമതി നിരോധന നിയമ പ്രകാരമാണ് കേസ്. മുളവുകാട് ഗ്രാമപഞ്ചായത്തിലെ ബോള്‍ഗാട്ടി പാലസിന് സമീപമുള്ള ബോട്ടു ജെട്ടിക്കടുത്താണ് എംജി ശ്രീകുമാര്‍ വീടു പണിതത്.

◾ഹോളിവുഡ് ചിത്രമായ അവതാര്‍ 2 കേരളത്തിലെ തിയേറ്ററുകളിലും പ്രദര്‍ശിപ്പിക്കും. തീയേറ്റര്‍ ഉടമകളും വിതരണക്കാരും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു. ചിത്രം റിലീസ് ചെയ്ത് ആദ്യത്തെ രണ്ടാഴ്ച വിതരണക്കാര്‍ക്ക് 55 ശതമാനവും തീയേറ്ററുടമകള്‍ക്ക് 45 ശതമാനവും എന്ന രീതിയില്‍ വരുമാനം പങ്കിടാന്‍ ധാരണയായി. ഡിസംബര്‍ 16 നു തന്നെ ചിത്രം കേരളത്തിലും റിലീസ് ചെയ്യും.

◾തലശേരി ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതി ഉള്‍പ്പെടെ അഞ്ചു പേരെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. ലഹരി വില്‍പന ചോദ്യം ചെയ്തതിന് നിട്ടൂര്‍ സ്വദേശികളായ ഖലീദും ഷമീറും കൊല്ലപ്പെട്ട കേസില്‍ കൂടുതല്‍ തെളിവെടുപ്പിനാണു കസ്റ്റഡിയില്‍ വിട്ടത്.

◾കോഴിക്കോട് കോര്‍പറേഷന്റെ അക്കൗണ്ടില്‍നിന്നു തട്ടിയെടുത്ത 15 കോടിയിലധികം രൂപ ബാങ്ക് മാനേജര്‍ റജില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിനും ഓഹരി നിക്ഷേപത്തിനും വിനിയോഗിച്ചെന്ന് സൂചന. തട്ടിയെടുത്ത പണത്തിലേറെയും പിതാവിന്റെ അക്കൗണ്ടിലേക്കാണു മാറ്റിയത്. എന്നാല്‍ റെജില്‍തന്നെ കൈകാര്യം ചെയ്തിരുന്ന ഈ അക്കൗണ്ടിലും ഇപ്പോള്‍ കാര്യമായ ബാലന്‍സില്ല.

◾കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്ന് 15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് മേയര്‍ ബീന ഫിലിപ്പ്. എംപി, എംഎല്‍എ ഫണ്ടിനു പുറമേ, കുടുംബശ്രീ ഫണ്ടില്‍നിന്ന് 10 കോടിയിലേറെ രൂപയും നഷ്ടപ്പെട്ടു. മൂന്നു ദിവസത്തിനകം പണം തിരികെ തരുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് ഉറപ്പ് നല്‍കിയെന്നും മേയര്‍ പറഞ്ഞു.

◾പയ്യന്നൂരില്‍ രണ്ടു കോടി രൂപയുടെ സിപിഎം പാര്‍ട്ടി ഫണ്ട് തിരിമറി ചൂണ്ടിക്കാണിച്ചതിന് നടപടി നേരിട്ട മുന്‍ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ സിപിഎമ്മില്‍ തിരിച്ചെത്തിക്കാന്‍ വീണ്ടും ശ്രമം. കുഞ്ഞികൃഷ്ണന്‍ മടങ്ങിയെത്തുമെന്നു ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു. എന്നാല്‍ ഫണ്ട് തിരിമറി നടത്തിയ പയ്യന്നൂരിലെ ടി.ഐ മധുസൂധന്‍ എംഎല്‍എക്കെതിരെ നടപടി ഇല്ലാതെ നിലപാട് മാറ്റില്ലെന്നു കുഞ്ഞികൃഷ്ണന്‍ അറിയിച്ചു.

◾ആട് ഫാമിന്റെ പേരില്‍ മലപ്പുറം അരീക്കോട് നടന്നത് നാലു കോടി രൂപയുടെ തട്ടിപ്പെന്ന് പൊലീസ്. മൂന്നു പ്രതികളുടെ അക്കൗണ്ടുകളില്‍ ഈ വര്‍ഷം നാലു കോടിയോളം രൂപയുടെ ഇടപാട് നടന്നു. അരീക്കോട് ഒതായിയില്‍ ഹലാല്‍ ഗോട്ട് ഫാം എന്ന സ്ഥാപനം തുടങ്ങിയെന്ന പേരില്‍ ലക്ഷക്കണക്കിനു രൂപ നിക്ഷേപമായി സ്വീകരിച്ച് മുങ്ങി എന്നാണു കേസ്.

◾പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ തീപിടുത്തം. കീഴില്ലം ത്രിവേണിയിലെ ഫാല്‍കന്‍സ് ഇന്‍ഡസ് പ്ലൈവുഡ് കമ്പനിയിലാണ് തീപ്പിടുത്തമുണ്ടായത്. ഫയര്‍ ഫോഴ്‌സ് യുണിറ്റ് എത്തി തീയണച്ചു.

◾ഗുരുവായൂര്‍ ഏകാദശി ഉല്‍സവത്തിരക്കിനിടെ ക്ഷേത്ര നടയില്‍ ആന ഇടഞ്ഞു. ഗുരുവായൂര്‍ കേശവന്‍ അനുസ്മരണത്തിന് എത്തിച്ച ദേവസ്വത്തിന്റെ കൊമ്പന്‍ ദാമോദര്‍ദാസാണ് ഇടഞ്ഞത്.

◾അഴിമതിക്കാരിയായ തിരുവനന്തപുരം മേയര്‍ രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കോര്‍പറേഷന്‍ ഓഫീസിനു മുന്നില്‍ യുഡിഎഫ് നടത്തുന്ന സത്യഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരായ പോരാട്ടം കോണ്‍ഗ്രസ് ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

◾പതിനേഴുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ സഹോദരന് മൂന്നു ജീവപര്യന്തം കഠിന തടവു ശിക്ഷ വിധിച്ച് കോടതി. പ്രതി ജീവിതകാലം മുഴുവന്‍ കഠിന തടവിനു വിധേയമാകണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഒന്നരലക്ഷം രൂപ പിഴയടയ്ക്കണം. പിഴത്തുകയില്‍നിന്ന് ഒരു ലക്ഷം രൂപ അതിജീവിതയ്ക്കു നല്‍കണമെന്നും ഉത്തരവിട്ടു.

◾ആലപ്പുഴ എസ്ഡി കോളജില്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ കൊട്ടികലാശത്തിനിടെ എസ്എഫ്ഐ- എഐഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പെണ്‍കുട്ടികളടക്കം ആറു പേര്‍ക്ക് പരിക്ക്. തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐയും എഐഎസ്എഫും രണ്ടു ചേരിയിലാണ് മത്സരിക്കുന്നത്.

◾വയനാട് മേപ്പാടി പോളി ടെക്നിക് കോളജില്‍ തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ പ്രവര്‍ത്തകരും യുഡിഎസ്എഫ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. എസ്എഫ്ഐ ജില്ലാ ജോയിന്‍ സെക്രട്ടറി അപര്‍ണാ ഗൗരി, യുഡിഎസ്എഫ് ചെയര്‍മാന്‍ മുഹമ്മദ് സാലിം തുടങ്ങിയവര്‍ക്കു പരിക്കേറ്റു. വിദ്യാര്‍ത്ഥികളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. അപര്‍ണ ഗൗരിയെ ആക്രമിച്ചത് ലഹരിക്കടിമകളായ വിദ്യാര്‍ത്ഥികളെന്ന് എസ്എഫ്ഐ ആരോപിച്ചു.

◾പാലക്കാട്ട് മദ്യപിച്ച് സഹോദരനെ കുത്തിക്കൊന്ന കേസിലെ പ്രതി പൊള്ളാച്ചി കൊള്ളുപാളയം സ്വദേശി മണികണ്ഠന്‍ അറസ്റ്റില്‍. ഇയാളുടെ സഹോദരന്‍ ദേവയാണ് കൊല്ലപ്പെട്ടത്.

◾കുമളിക്കടുത്ത് അട്ടപ്പളളത്തുള്ള ബീവറേജസ് മദ്യശാലയ്ക്കു മുന്നില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്കു വെട്ടേറ്റു. കുമളി സ്പ്രിംഗ്വാലി സ്വദേശികളായ റോയി മാത്യു, ജിനു സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആക്രമിച്ച കഞ്ഞിക്കുഴി സ്വദേശി അമലിനെ പോലീസ് തെരയുന്നു.

◾പ്രണയപ്പകയില്‍ പാനൂരിലെ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതി ശ്യാംജിത് നല്‍കിയ ജാമ്യാപേക്ഷയാണ് തലശേരി ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.

◾ബൈക്ക് നല്‍കാത്തതിന് ഹീമോഫീലിയ രോഗിയെ മര്‍ദ്ദിച്ച ഗുണ്ടയെ അറസ്റ്റു ചെയ്തു. തൃശൂര്‍ അഞ്ചേരി സ്വദേശി മിഥുനാണ് മര്‍ദ്ദനമേറ്റത്. അഞ്ചേരിയിലെ വൈശാഖാണ് അറസ്റ്റിലായത്.

◾രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തുടരും. ഒരാള്‍ക്ക് ഒരു പദവി എന്ന ചിന്തന്‍ ശിബിര്‍ തീരുമാനമനുസരിച്ച് പ്രതിപക്ഷ നേതൃ പദവി ഖര്‍ഗെ രാജിവച്ചാണ് എഐസിസി അധ്യക്ഷ സ്ഥാനത്തേക്കു മല്‍സരിച്ചത്. പകരം ആരെന്നു തീരുമാനമാകാത്തതിനാലാണ് തത്കാലം ഖര്‍ഗെ തുടരാന്‍ ധാരണയായത്.

◾ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയം സംവിധാനം ഏറ്റവും സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സുപ്രീംകോടതി. കൊളീജിയത്തെ അവതാളത്തിലാക്കരുത്. കടമ നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നും ജസ്റ്റീസുമാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

◾ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്റെ ഡെപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരസ്യയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. കല്‍ക്കരി ഇടപാടു കേസിലാണ് അറസ്റ്റ്. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റു ചെയ്തത്.

◾ആന്ധ്രാപ്രദേശ് സംസ്ഥാന സര്‍ക്കാര്‍ 1,400 ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കും. 1,060 ക്ഷേത്രങ്ങളുടെ നിര്‍മ്മാണം സംസ്ഥാന സര്‍ക്കാര്‍ നടത്തുമെന്ന് ഉപമുഖ്യമന്ത്രി കോട്ടു സത്യനാരായണ പറഞ്ഞു. രാജ്യത്തെ ഏറ്റവും വരുമാനമുള്ള ക്ഷേത്രങ്ങളിലൊന്നായ തിരുമല തിരുപ്പതി ക്ഷേത്രത്തിന്റെ സഹായത്തോടെ ഗ്രാമങ്ങളിലാണു ക്ഷേത്രങ്ങള്‍ നിര്‍മിക്കുക. സംഘപരിവാര്‍ ബന്ധമുള്ള സമരസത സേവാ ഫൗണ്ടേഷന്‍ 330 ക്ഷേത്രങ്ങളുടെ നിര്‍മ്മാണം ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾ഇന്‍ഡോറിലെ സര്‍ക്കാര്‍ ലോ കോളേജിലെ ആറു പ്രഫസര്‍മാരെ എബിവിപിയുടെ പരാതിയെത്തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തു. കോളജില്‍ മാംസാഹാരവും ലൗ ജിഹാദും പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ചാണ് അധ്യാപകര്‍ക്കെതിരെ പരാതിപ്പെട്ടത്.

◾നിരപരാധിയെ പോക്സോ കേസില്‍ അറസ്റ്റുചെയ്ത് ഒരു വര്‍ഷത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചതിന് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ അഞ്ചു ലക്ഷം രൂപ പിഴയടക്കണമെന്ന് മംഗലാപുരം കോടതി. കേസില്‍ കുറ്റവിമുക്തനാക്കിയ നവീന്‍ സെക്വീരയ്ക്ക് സബ് ഇന്‍സ്പെക്ടര്‍ പി.പി റോസമ്മ, ഇന്‍സ്പെക്ടര്‍ രേവതി എന്നിവര്‍ അടയ്ക്കുന്ന പിഴത്തുക നഷ്ടപരിഹാരമായി നല്‍കണം. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഉത്തരവിട്ടു.

◾കര്‍ണാടകത്തില്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കു ഹിജാബ് ധരിക്കാവുന്ന പത്ത് സ്‌കൂളുകളും കോളജുകളും തുറക്കാന്‍ കര്‍ണാടക ഖഖഫ് ബോര്‍ഡിന് അനുമതി നല്‍കിയെന്ന പ്രചാരണം അസംബന്ധമാണെന്നു കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സര്‍ക്കാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

◾കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെയും നേതാവ് സുനില്‍ ജാക്കറെയും ബിജെപി ദേശീയ എക്സിക്യുട്ടീവില്‍ ഉള്‍പ്പെടുത്തി.

◾ട്രെയിനിലെ വിന്‍ഡോ സീറ്റിലിരുന്നു യാത്ര ചെയ്യവേ പുറത്തുനിന്ന് ഇരുമ്പ് കമ്പി ജനലിലൂടെ കഴുത്തില്‍ തുളച്ചുകയറി യാത്രക്കാരന്‍ മരിച്ചു. ഹിതേഷ് കുമാര്‍ എന്ന യാത്രക്കാരനാണ് മരിച്ചത്. ഡല്‍ഹിയില്‍നിന്ന് കാണ്‍പൂരിലേക്ക് പോവുകയായിരുന്ന നിലാഞ്ചല്‍ എക്‌സ്പ്രസിലാണ് സംഭവം.

◾ഫൈവ് ജി വികസനത്തിനായി വോഡഫോണ്‍ ഐഡിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് പതിനയ്യായിരം കോടി രൂപ വായ്പയെടുക്കും. ഒരു മാസത്തിലേറെയായി ഇതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നാണു റിപ്പോര്‍ട്ട്.

◾ഖത്തര്‍ ലോകകപ്പില്‍ അട്ടിമറികള്‍ തുടരുന്നു. അവസാനം ബ്രസീലും വീണു. ഇന്ന് വെളുപ്പിന് ജി ഗ്രൂപ്പില്‍ നടന്ന മത്സരത്തില്‍ കാമറൂണ്‍ നേരത്തെ തന്നെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ബ്രസീലിനെ അട്ടിമറിച്ചു. മറ്റൊരു ത്രില്ലര്‍ പോരാട്ടത്തില്‍ സ്വിറ്റ്സര്‍ലണ്ട് സെര്‍ബിയയെ തോല്‍പിച്ച് പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു.

◾നേരത്തെ തന്നെ പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചിരുന്നതിനാല്‍ പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമമനുവദിച്ച് കളത്തിലിറങ്ങിയ ബ്രസീല്‍ തുടക്കം മുതലേ ആക്രമിച്ചു കളിച്ചു. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും അതൊന്നും ഗോളാക്കി മാറ്റാന്‍ ബ്രസീലിയന്‍ താരങ്ങള്‍ക്കായില്ല. കാമറൂണും ആക്രമണങ്ങള്‍ക്ക് പിരകിലായിരുന്നില്ലെങ്കിലും അവര്‍ക്കും നിശ്ചിത സമയം വരെ ഗോളടിക്കാനായില്ല. പക്ഷെ കളി സമനിലയിലേക്കെന്നു തോന്നിപ്പിച്ച സമയത്താണ് ഇഞ്ചുറി ടൈമില്‍ ബ്രസീലിനെ ഞെട്ടിപ്പിച്ച് കൊണ്ട് കാമറൂണ്‍ സൂപ്പര്‍ താരം വിന്‍സന്റ് അബൗബക്കര്‍ കാമറൂണിനായി വിജയഗോള്‍ നേടിയത്. ഗോള്‍ തിരിച്ചടിക്കാന്‍ സമയമില്ലാതിരുന്ന ബ്രസീല്‍ തോല്‍വി വഴങ്ങിയിട്ടും ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു.

◾ആവേശത്തിലാറാടിയ ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ സ്വിറ്റ്സര്‍ലണ്ടിന് വിജയം, ഒപ്പം പ്രീക്വാര്‍ട്ടര്‍ പ്രവേശനവും. സെര്‍ബിയയുമായുള്ള മത്സരത്തില്‍ ആദ്യം ഗോളടിച്ചത് സ്വിറ്റ്സര്‍ലണ്ടായിരുന്നു. പിന്നാലെ രണ്ടു ഗോളടിച്ച് സെര്‍ബിയ കളിയുടെ ആവേശം കൂട്ടി. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിനു മുന്നേ സമനില പിടിച്ച് സ്വിറ്റ്സര്‍ലണ്ട് ആവേശം ചോരാതെ സൂക്ഷിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നിലെത്തി. പിന്നീടങ്ങോട്ട് സമനിലഗോളിനായി സെര്‍ബിയ ആക്രമണങ്ങള്‍ തുടര്‍ന്നു. പ്രത്യാക്രമണങ്ങളുമായി സ്വിറ്റ്സര്‍ലാണ്ടും. ആവേശം കയ്യാങ്കളി വരെയെത്തിയ മത്സരം അവസാനം സ്വിറ്റ്സര്‍ലണ്ടിനൊപ്പം നിന്നു.

◾ഖത്തര്‍ ലോകകപ്പില്‍ വീണ്ടും ഏഷ്യന്‍ മാജിക്. പോര്‍ച്ചുഗലിന് തോല്‍പിച്ച് യുറുഗ്വായെ പുറത്താക്കി ദക്ഷിണ കൊറിയന്‍ തേരോട്ടം. ഗ്രൂപ്പ് എച്ചില്‍ ഇന്നലെ നടന്ന മത്സരത്തില്‍ പോര്‍ച്ചുഗലിനെ തോല്‍പിച്ച ദക്ഷിണ കൊറിയ പ്രീക്വാര്‍ട്ടറില്‍ കടന്നു. മറ്റൊരു മത്സരത്തില്‍ യുറുഗ്വായ് ഘാനയെ തോല്‍പിച്ചെങ്കിലും ഗോള്‍ ശരാശരിയില്‍ ദക്ഷിണ കൊറിയക്കു പിന്നില്‍ വന്നതോടെ യുറുഗ്വായ്ക്ക് ക്വാര്‍ട്ടര്‍ കാണാതെ പുറത്തു പോകേണ്ടി വന്നു.

◾ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പോര്‍ച്ചുഗലിനെ അട്ടിമറിച്ചാണ് ദക്ഷിണ കൊറിയ പ്രീക്വാര്‍ട്ടറില്‍ കടന്നത്. രണ്ട് കളി ജയിച്ച് ആറ് പോയിന്റ് നേടിയിരുന്ന പോര്‍ച്ചുഗല്‍ നേരത്ത തന്നെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. ഇന്നലെ നടന്ന കളിയുടെ അഞ്ചാം മിനിറ്റില്‍ തന്നെ പോര്‍ച്ചുഗല്‍ മുന്നിലെത്തയതാണ്. എന്നാല്‍ 27-ാം മിനിറ്റില്‍ ഗോള്‍ തിരിച്ചടിച്ച് സമനില പിടിച്ച്് കൊറിയ കളിയിലേക്ക് തിരിച്ചു വന്നു.നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഗോളാക്കി മാറ്റാന്‍ സാധിക്കാതിരുന്ന ദക്ഷിണകൊറിയ ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ പോര്‍ച്ചുഗലിനെ ഞെട്ടിച്ച് വിജയഗോള്‍ നേടി.

◾ഘാനയെ തോല്‍പിച്ചിട്ടും യുറുഗ്വായ് ഖത്തര്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് യുറുഗ്വായ് ഘാനയെ തോല്‍പിച്ചത്. പോര്‍ച്ചുഗലിനെ തോല്‍പിച്ച ദക്ഷിണ കൊറിയയാണ് യുറുഗ്വായുടെ പ്രതീക്ഷകളെ തകര്‍ത്തത്. 26-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ യുറുഗ്വായ് 32-ാം മിനിറ്റില്‍ രണ്ടാമത്തെ ഗോള്‍ നേടി കളിയില്‍ ആധിപത്യം പുലര്‍ത്തി.

◾പ്രീക്വാര്‍ട്ടറില്‍ ബ്രസീലിന് എതിരാളികള്‍ ദക്ഷിണ കൊറിയ, ക്രൊയേഷ്യക്ക് ജപ്പാനും. പോര്‍ച്ചുഗലിന് സ്വിറ്റ്സര്‍ലണ്ടാണ് എതിരാളികളെങ്കില്‍ മൊറോക്കയാണ് സ്പെയിനിന്റെ എതിരാളികള്‍.

◾ഖത്തര്‍ ലോകകപ്പില്‍ ഇന്നു മുതല്‍ നോക്ക് ഔട്ട് മത്സരങ്ങള്‍ക്ക് തുടക്കം. ഇന്ന് രാത്രി 8.30 ന് നടക്കുന്ന ആദ്യ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഗ്രൂപ്പ് എ ചാമ്പ്യന്മാരായെത്തിയ നെതര്‍ലണ്ട്സ് ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായെത്തിയ യുഎസ്എയുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30 ന് നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പ് സി ചാമ്പ്യന്മാരായെത്തിയ അര്‍ജന്റീന ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ ആസ്ട്രേലിയയുമായി ഏറ്റുമുട്ടും.

◾കോര്‍പ്പറേറ്റ് കമ്പനികള്‍ സാമൂഹിക സേവനത്തിനായി ചെലവഴിക്കേണ്ട തുകയായ സി.എസ്.ആര്‍ ഫണ്ടില്‍ മുന്നില്‍ റിലയന്‍സ്. ബര്‍ഗണ്ടി പ്രൈവറ്റ് ഹുറൂണ്‍ ഇന്ത്യ 500 ലിസ്റ്റിലാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് ചെലവഴിക്കുന്ന കമ്പനിയെന്ന് റിപ്പോര്‍ട്ട് ഉള്ളത്. എച്ച്.ഡി.എഫ്.സി ബാങ്ക്, ടാറ്റ കണ്‍സള്‍ട്ടന്‍സി, ടാറ്റ സ്റ്റീല്‍ തുടങ്ങിയ കമ്പനികളാണ് റിലയന്‍സിന് പിന്നില്‍ ഇടംപിടിച്ചത്. ഇന്ത്യയിലെ കമ്പനികള്‍ 8,753 കോടി രൂപയാണ് സി.എസ്.ആര്‍ ഫണ്ടായി ചെലവഴിച്ചത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 4 ശതമാനം കുറവാണിത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 813 കോടി, എച്ച്.ഡി.എഫ്.സി ബാങ്ക് 736 കോടി, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് 727 കോടി, ടാറ്റ സ്റ്റീല്‍ 406 കോടി, ഐ.ടി.സി 355 കോടി എന്നിങ്ങനെയാണ് കമ്പനികള്‍ ചെലവഴിച്ച സി.എസ്.ആര്‍ ഫണ്ട്. ആക്സിസ് ബാങ്ക്, ബുര്‍ഗാണ്ടി പ്രൈവറ്റ്, ഹാരുണ്‍ ഇന്ത്യ എന്നിവര്‍ സംയുക്തമായാണ് ലിസ്റ്റ് പുറത്തിറക്കിയത്.

◾ഹോളിവുഡ് ചിത്രമായ അവതാര്‍ 2 പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തിയറ്റര്‍ ഉടമകളും വിതരണക്കാരും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു. ഇതോടെ ഡിസംബര്‍ 16ന് തന്നെ ചിത്രം കേരളത്തിലും റിലീസ് ചെയ്യും. റിലീസ് ചെയ്ത് ആദ്യത്തെ രണ്ടാഴ്ച വിതരണക്കാര്‍ക്ക് 55 ശതമാനവും തിയറ്ററുടമകള്‍ക്ക് 45 ശതമാനവും എന്ന രീതിയില്‍ വരുമാനം പങ്കിടാമെന്ന ധാരണയിലാണ് പ്രശ്ന പരിഹാരമായത്. 1832 കോടി രൂപ നിര്‍മാണ ചെലവില്‍ ഒരുക്കിയ ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുഗ്, മലയാളം, കന്നഡ എന്നീ 6 ഭാഷകളിലായാണ് ഇന്ത്യയില്‍ റിലീസ് ചെയ്യാനിരിക്കുന്നത്. ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത് 2009-ല്‍ റിലീസ് ചെയ്ത അവതാര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അവതാര്‍ 2: ദ വേ ഓഫ് വാട്ടര്‍ എന്ന ചിത്രം. സാം വര്‍ത്തിങ്ടന്‍, സോ സല്‍ദാന, സ്റ്റീഫന്‍ ലാങ്, മാട്ട് ജെറാള്‍ഡ്, കേറ്റ് വിന്‍സ്ലെറ്റ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മെറ്റ്കയിന എന്ന പാറകളില്‍ വസിക്കുന്ന നവിയുടെ പുതിയ വംശത്തെയാണ് കാണിക്കുന്നത്. ആദ്യഭാഗം റിലീസ് ചെയ്ത് 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് രണ്ടാം ഭാഗം വരുന്നത്.  

◾ഹാരിസന്‍ ഫോര്‍ഡിന്റെ സാഹസിക ചിത്രം ഇന്ത്യാന ജോണ്‍സ് അഞ്ചാം ഭാഗം റിലീസിനൊരുങ്ങുന്നു. 'ഇന്ത്യാന ജോണ്‍സ് ആന്‍ഡ് ദ് ഡയല്‍ ഓഫ് ഡെസ്റ്റിനി' എന്ന് പേരിട്ട സിനിമയുടെ ടീസറെത്തി. ജയിംസ് മാന്‍ഗോള്‍ഡ് ആണ് സംവിധാനം. ഇന്ത്യാന ജോണ്‍സിന്റെ മറ്റ് നാല് ഭാഗങ്ങളും സംവിധാനം ചെയ്തത് സ്റ്റീവന്‍ സ്പീല്‍ബെര്‍ഗും തിരക്കഥ ഒരുക്കിയത് ജോര്‍ജ് ലൂക്കാസുമായിരുന്നു. ഇരുവരും അഞ്ചാം ഭാഗത്തില്‍ എക്സിക്യൂട്ടിവ് പ്രൊഡ്യുസേഴ്സ് ആണ്. ഇന്ത്യാന ജോണ്‍സ് എന്ന കഥാപാത്രമായി ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച ഹാരിസണ്‍ ഫോര്‍ഡിന്റെ വിടവാങ്ങല്‍ ചിത്രം കൂടിയാകും ഈ അഞ്ചാം ഭാഗം. ഫെബെ വാളെര്‍, ജോണ്‍ റിസ്, മാഡ്സ് മിക്കെല്‍സണ്‍, ടോബി ജോണ്‍സ്, അന്റോണിയോ ബന്‍ഡെറാസ് എന്നിവരാണ് മറ്റ് താരങ്ങള്‍. ചിത്രം അടുത്ത വര്‍ഷം ജൂണ്‍ 30ന് തിയറ്ററുകളിലെത്തും.

◾പുതിയ ഇന്നോവ ക്രിസ്റ്റ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ടൊയോട്ട. അടുത്തവര്‍ഷം ആദ്യം പുതിയ ഇന്നോവ ക്രിസ്റ്റ പുറത്തിറക്കുമെന്നാണ് സൂചനകള്‍. ഡീസല്‍ എഞ്ചിന്‍ കൂടാതെ ഒരു സിഎന്‍ജി വേരിയന്റ് കൂടി പുതിയ തലമുറ ഇന്നോവ ക്രിസ്റ്റയിലുണ്ടാകുമെന്നാണ് ഏറ്റവും പുതിയ സൂചന. നിലവിലുള്ള 2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് സിഎന്‍ജി വേരിയന്റ് ലഭ്യമാകുക. മാരുതി സുസുക്കിയുമായുള്ള ധാരണയാണ് ടൊയോട്ടക്ക് സിഎന്‍ജി വാഹനം പുറത്തിറക്കാനുള്ള പ്രചോദനം. നിലവില്‍ പെട്രോള്‍ വേരിയന്റ് ക്രിസ്റ്റ ലഭ്യമാണെങ്കിലും ക്രിസ്റ്റയുടെ വില്‍പ്പനയുടെ സിംഹഭാഗവും വന്നിരുന്നത് ഡീസല്‍ വേരിയന്റിലായിരുന്നു. നേരത്തെ ഗ്ലാന്‍സക്കും അവര്‍ക്ക് സിഎന്‍ജി പുറത്തിറക്കിയിരുന്നു. കൂടാതെ അര്‍ബന്‍ ക്രൂയിസര്‍ ഹൈ റൈഡറിനും ഒരു സിഎന്‍ജി വേര്‍ഷന്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്നോവ ഹൈക്രോസും ഇന്നോവ ക്രിസ്റ്റയും ഒരേസമയം വിപണിയില്‍ വരുന്നതോടെ ക്രിസ്റ്റയുടെ ഉയര്‍ന്ന വേരിയന്റുകള്‍ പിന്‍വലിക്കാന്‍ സാധ്യതയുണ്ട്.

◾മനുഷ്യജീവിതപ്രയാണത്തിലെ ഓരോ അനുഭവവും എല്ലാവരെയും ബാധിക്കുന്നുണ്ട്. ഒരാളും ഒറ്റയ്ക്കൊരു തുരുത്തല്ലെന്നും സമൂഹമായി ഒരാളെ നിലനിര്‍ത്തുന്നതില്‍ ഈ അനുഭവങ്ങള്‍ വലിയ പങ്കു വഹിക്കുന്നുണ്ടെന്നും നമുക്കറിയാം. എന്നാല്‍ മനസ്സ് എങ്ങനെയൊക്കെയാണ് ഓരോ അനുഭവത്തെയും സമീപിക്കുന്നത്, എങ്ങനെയാണ് ജീവിതബന്ധങ്ങളെ വ്യാഖ്യാനിച്ച് അതിലെ ശരി തെറ്റുകളെ തരം തിരിക്കുകയും ഒരേസമയം ആന്തരികവും ബാഹ്യവുമായ അറിവുകളെ ഈ പ്രക്രിയയില്‍ ഉപയോഗിക്കുകയും ചെയ്യേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. അത്തരം കാര്യങ്ങള്‍ വളരെ ലളിതമായി പറയുകയാണ് ഫാ. രഞ്ജന്‍ നെല്ലിമൂട്ടില്‍ 'കഥതേടുന്ന മനസ്സ്' എന്ന ഈ പുസ്തകത്തില്‍. ഡിസി ബുക്സ്. വില 171 രൂപ.

◾കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും കുറക്കാന്‍ തേന്‍ കഴിച്ചാല്‍ മതിയെന്ന് വിദഗ്ധര്‍. കാനഡയിലെ ടൊറന്റോ സര്‍വകലാശാലയിലെ ഗവേഷകര്‍ അടുത്തിടെ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ദിവസവും രണ്ട് സ്പൂണ്‍ തേന്‍ കഴിച്ചാല്‍ മതിയെന്നും പഠന റിപ്പോര്‍ട്ടിലുണ്ട്. പ്രോട്ടീനുകള്‍, ബയോ ആക്റ്റീവ് സംയുക്തങ്ങള്‍, പഞ്ചസാര, ഓര്‍ഗാനിക് ആസിഡുകള്‍ തുടങ്ങി നിരവധി പ്രകൃതിദത്ത ചേരുവകളുടെ സങ്കീര്‍ണ്ണ ഘടനയാണെന്ന് തേനെന്ന് ന്യൂട്രീഷന്‍ റിവ്യൂസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 1000 ആളുകളിലാണ് പഠനം നടത്തിയത്. ഇവര്‍ക്ക് ശരാശരി രണ്ട് ടേബിള്‍സ്പൂണ്‍ ( 40 ഗ്രാം ) തേന്‍ നല്‍കി. എട്ടാഴ്ചയോളം നടത്തിയ പരീക്ഷണത്തില്‍ തേന്‍ കൂടുതല്‍ ഗുണം ചെയ്യുന്നതായി കണ്ടെത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. തേനിലെ ആന്റിഓക്‌സിഡന്റുകള്‍ ഹൃദയ ധമനികള്‍ ചുരുങ്ങുന്നതു തടയുകയും രക്തപ്രവാഹം വര്‍ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ തേന്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. തേനിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. തേനിലെ പഞ്ചസാര ശരീരത്തിലെ ഇന്‍സുലിന്‍ അളവ് വര്‍ധിപ്പിക്കും. ഇതിലൂടെ ഇന്‍സുലിന്‍ കുറവു മൂലം പ്രമേഹരോഗ സാധ്യതയും കുറയും. തേനിലെ ആന്റിഓക്സിഡന്റുകള്‍ റിയാക്ടീവ് ഓക്സിജന്‍ സ്പീഷീസുകളുടെ ന്യൂട്രലൈസേഷനും ടൈപ്പ്-2 പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യതയും കുറയ്ക്കുമെന്ന് നേരത്തെതന്നെ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ലോകകപ്പ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരായ ബെല്‍ജിയത്തെ 22-ാം സ്ഥാനക്കാരായ മൊറോക്കോ പട എതിരില്ലാത്ത രണ്ട് ഗോളിന് അട്ടിമറി വിജയം നേടി. മത്സരത്തിന് ശേഷം മൊറോക്കോയുടെ ഡിഫെന്റര്‍ അഷ്‌റഫ് ഹക്കീമി ഗാലറിയിലേക്ക് ഓടിക്കയറി. അവിടെ ക്ഷീണിച്ച് അവശയായ ഒരു സ്ത്രീ മൊറോക്കോ പതാക പുതച്ച് ഇരിക്കുന്നുണ്ടായിരുന്നു. അവരെ കെട്ടിപ്പിടിച്ച് ഉമ്മ നല്‍കി. ലോകത്തിന്റെ കണ്ണുകള്‍ മുഴുവന്‍ അപ്പോള്‍ ആ സ്ത്രീയിലായിരുന്നു. അഷറഫ് ഹക്കീമിയുടെ അമ്മ. സെയ്തമാവ്.. തെരുവ് കച്ചവടക്കാരനായിരുന്നു ഹക്കീമിയുടെ അച്ഛന്‍. ഫ്രാന്‍സിലെ വീടുകളില്‍ വീട്ടുജോലി ചെയ്താണ് തന്റെ മക്കളില്‍ ഫുട്ബോള്‍ പ്രേമിയായ മകന് വേണ്ടി ആ അമ്മ പണം കണ്ടെത്തിയത്. അതോടൊപ്പം തന്നെ അവന്റെ സഹോദരങ്ങളുടെ പല ആഗ്രഹങ്ങളും കണ്ടില്ലെന്ന് വെച്ചു ആ അമ്മ സ്വരുക്കൂട്ടിയ പണമായിരുന്നു അവന്റെ പരിശീലനത്തിനായി വിനിയോഗിച്ചത്. ഫുട്ബോള്‍ ഹക്കീമിക്ക് സാമ്പത്തിക ഭദ്രത നല്‍കിയപ്പോഴും അയാള്‍ ഇപ്പോഴും പറയുന്നു: അതെ, ഞാന്‍ ഒരു തെരുവ് കച്ചവടക്കാരന്റെയും വീട്ടുജോലിക്കാരിയുടേയും മകനാണ്. അവരുടെ കഷ്ടപ്പാടുകളുടെയും ത്യാഗത്തിന്റയും ഫലമാണ് എന്റെ ഈ നേട്ടങ്ങളെല്ലാം.. അഷ്റഫ് ഹക്കീമിയുടെ ജീവിതകഥ നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഒന്നുണ്ട്.. ആകാശത്തോളം വളരുമ്പോഴും സ്വന്തം തായ്വേരില്‍ കാലുറപ്പിച്ചു തന്നെ നില്‍ക്കുക എന്നത് ഒരു നിലപാടാണ്.. നമുക്കും നമ്മുടെ ജീവിതത്തിലേക്ക് സ്വീകരിക്കാവുന്ന നിലപാട്. - ശുഭദിനം.
മീഡിയ 16 ന്യൂസ്‌