ഭഗവാനെ തൊഴുത് വണങ്ങിയ ശേഷം മോഷണം; കള്ളൻ പിടിയിൽ

ആലപ്പഴ: ക്ഷേത്രത്തില്‍ ഭഗവാനെ തൊഴുത് വണങ്ങിയ ശേഷം മോഷണം നടത്തിയ കള്ളൻ പിടിയിൽ. മാവേലിക്കരയിൽ നിന്നാണ് രാജേഷ് എന്നയാൾ പിടിയിലായത്. മോഷണം പോയ സ്വർണാഭരണങ്ങളും പൊലീസ് കണ്ടെടുത്തു.
ആലപ്പഴയിലെ അരൂര്‍ പുത്തനങ്ങാടി ശ്രീകുമാര വിലാസം സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു മോഷണം നടന്നത്. തിരുവാഭരണം, കിരീടം, സ്വര്‍ണക്കൂട് എന്നിവയാണ് ക്ഷേത്രത്തിന്‍റെ നിന്ന് മോഷണം പോയത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മുണ്ടും ഷർട്ടും ധരിച്ച് മുഖംമൂടിയുമിട്ടാണ് ദൃശ്യങ്ങളിൽ കള്ളനെ കാണാനാകുന്നത്. ശ്രീകോവിലിലെത്തിയ കള്ളന് ഭഗവാനെ തൊഴുത് വണങ്ങുന്നതാണ് ആദ്യം ദൃശ്യങ്ങളിലുള്ളത്. തുടര്‍ന്ന് തിരുവാഭരണം, കിരീടം, സ്വര്‍ണക്കൂട് എന്നിവ മോഷ്ടിച്ച് കള്ളന്‍ കടന്നുകളയുകയായിരുന്നു. പത്ത് പവന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയെന്നാണ് അധികൃതര്‍ പറയുന്നത്.
അതിനിടെ, സംസ്ഥാനത്ത് വിവിധ ജില്ലകളിലായി അഞ്ഞൂറിലധികം മോഷണ കേസിലെ പ്രതിയെ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കാമാക്ഷി എസ് ഐ എന്ന് അറിയപ്പെടുന്ന കാമാക്ഷി സ്വദേശി വലിയ പറമ്പിൽ ബിജുവാണ് അറസ്റ്റിലായത്. മോഷണം നടത്തി കിട്ടുന്ന തുക കൊണ്ട് ആഡംബര വാഹനങ്ങളും വസ്തുവകകളും വാങ്ങി കൂട്ടുന്ന ബിജുവിന്റെ പേരില്‍ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലുമായി 500 ഓളം മോഷണ കേസുകള്‍ ഉണ്ട്. വിവിധ കേസുകളിലായി 15 വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരി, തങ്കമണി, കട്ടപ്പന പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്ന്  അഞ്ചോളം ബുള്ളറ്റുകള്‍ മോഷണം നടന്നിരുന്നു. മോഷണം ചെയ്ത രണ്ട് ബുള്ളറ്റുകള്‍ പെട്രോള്‍ തീര്‍ന്നതിനാല്‍ വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. മോഷ്ടിച്ച ബുള്ളറ്റുകള്‍ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ വില്പന നടത്തുകയാണ് പ്രതിയുടെ പതിവ്. ഇത് കൂടാതെ നിരവധി ആരാധനാലയങ്ങളിലെ കാണിക്ക വഞ്ചി കുത്തിപൊളിച്ച് മോഷണം നടത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് നൂറിലധിം  സിസിടിവി ദൃശ്യങ്ങള്‍ വെച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.