കായംകുളം കള്ളനോട്ട് കേസ്; അഞ്ച് പ്രതികൾ കൂടി അറസ്റ്റിൽ.

കായംകുളത്ത് കള്ളനോട്ട് പിടികൂടിയ കേസിൽ അഞ്ച് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. 

കീരിക്കാട് കണ്ണമ്പള്ളിഭാഗം വലിയപറമ്പിൽ വീട്ടിൽ നൗഫൽ(38),കായംകുളം പുത്തേത്ത് ബംഗ്ലാവിൽ ജോസഫ്(34),ഓച്ചിറ ചങ്ങൻകുളങ്ങര കോലേപ്പള്ളിൽ വീട്ടിൽ മോഹനൻ(66),ആലപ്പുഴ സക്കറിയാ ബസാർ യാഫിപുരയിടം വീട്ടിൽ ഹനീഷ് ഹക്കിം(35),ഓച്ചിറ ചങ്ങൻകുളങ്ങര വവ്വാക്കാവ് പൈങ്കിളി പാലസ് വീട്ടിൽ ജയചന്ദ്രൻ (അമ്പിളി-54) എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ 2,32,500 രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തു. 

ഒന്നാംപ്രതി സുനിൽ ദത്തിനെയും രണ്ടാം പ്രതി അനസിനേയും നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ഇവരിൽ നിന്ന് പിടിച്ചെടുത്തതടക്കം 2,69,000 രൂപയുടെ കള്ളനോട്ട് ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. 

ജോസഫാണ് രണ്ടര ലക്ഷം രൂപ മുടക്കി അഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ട് വാങ്ങിയത്. 

വയനാട് കല്പറ്റ സ്വദേശിയിൽ നിന്നും ഹനീഷ് ഹക്കീം ആണ് നോട്ട് വാങ്ങി നൽകിയത്.

വയനാട് സ്വദേശിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി കായംകുളം സി.ഐ. മുഹമ്മദ് ഷാഫി അറിയിച്ചു.

വവ്വാക്കാവിലെ പ്രമുഖ വ്യവസായിയും കാഷ്യു ഫാക്ടറി ഉടമയുമായ ജയചന്ദ്രൻ ഫാക്ടറിയിലെ തൊഴിലാളികൾക്ക് കള്ളനോട്ടുകൾ വേതനമായി നൽകിയതായും സംശയമുണ്ട്.