എ ഗ്രൂപ്പുകാരനായിരുന്ന അലോഷ്യസ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പിന്തുണയോടെയാണ് പ്രസിഡന്റായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുഹമ്മദ് ഷമ്മാസ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും ആന്‍ സെബാസ്റ്റ്യന്‍ എ ഗ്രൂപ്പിന്റെയും നോമിനിയാണ്. കെഎസ് യു സംസ്ഥാന പ്രസിഡന്റ് സ്ഥാനം സ്വമേധയാ ഒഴിഞ്ഞ കെ എം അഭിജിത്തിനെ എന്‍എസ് യു ദേശീയ ജനറല്‍ സെക്രട്ടറിയായും എഐസിസി നിയമിച്ചു.
നേരത്തെ കെഎസ് യു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് അലോഷ്യസിന്റെ പേര് ഉയര്‍ന്ന വന്നപ്പോള്‍ സംഘടനയിലെ ഒരു വിഭാഗം കടുത്ത എതിര്‍പ്പ് ഉന്നയിച്ചിരുന്നു. പ്രായപരിധി കഴിഞ്ഞു എന്നുള്ളതാണ് അലോഷ്യസിനെ എതിര്‍ക്കുന്നവര്‍ മുഖ്യമായി ഉയര്‍ത്തിക്കാട്ടിയത്. സ്ഥാനമൊഴിഞ്ഞ കെഎം അഭിജിത്തിനേക്കാള്‍ പ്രായമുള്ള അലോഷ്യസിനെ സംസ്ഥാന പ്രസിഡന്റാക്കുന്നത് സംഘടനയെ ദുര്‍ബലമാക്കുമെന്നും എതിര്‍പ്പുന്നയിക്കുന്നവര്‍ വാദിക്കുന്നു.
കാലങ്ങളായി എ ഗ്രൂപ്പില്‍ നിന്നുള്ള വിദ്യാര്‍ത്ഥി നേതാക്കളാണ് കെ എസ് യു സംസ്ഥാന അധ്യക്ഷ പദവിയില്‍ എത്തുന്നത്. ഇത്തവണയും ആ രീതിക്ക് മാറ്റം ഉണ്ടായില്ല. എ ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന നേതാവാണ് അലോഷ്യസ് സേവ്യര്‍. എ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശവും അലോഷ്യസിനെ പ്രസിഡന്റാക്കണമെന്നതായിരുന്നു.അലോഷ്യസിനെ പ്രസിഡന്റാക്കുന്നതില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കൂടി പിന്തുണ ലഭിച്ചതോടെ, തീരുമാനം അനുകൂലമാകുകയായിരുന്നു.