പച്ചക്കറിക്ക് തീവില; ബീൻസിന്റെ വില 100 കടന്നു, കാരറ്റ് സെഞ്ചുറിക്ക് അരികെ, മുരിങ്ങക്കായയും മാങ്ങയും നാടൻ പയറും 90ന് മുകളിൽ

തിരുവനന്തപുരം  : ട്വന്റി 20 ലോകകപ്പിൽ വിരാട് കോലിയുടെ പ്രകടനത്തെ വെല്ലുന്ന പ്രകടനമാണ് പച്ചക്കറി വില നടത്തുന്നത്. കോലിയുടെ മിന്നും സിക്സറിൽ സന്തോഷിച്ചവർ ഈ ‘പ്രകടനത്തിൽ’ സന്തുഷ്ടരല്ല. ഒരു കിലോ ബീൻസിന്റെ വില ഇന്നലെ പലയിടങ്ങളിലും സെഞ്ചുറി കടന്നു. കാരറ്റ് (96 രൂപ) സെഞ്ചുറിക്ക് അരികെയാണ്. മുരിങ്ങക്കായ, മാങ്ങ, നാടൻ പയർ തുടങ്ങിയ താരങ്ങളും 90 രൂപ നേട്ടത്തിൽ തുടരുകയാണ്. അടുക്കളയിൽ സാമ്പാറും അവിയലും തയാറാകണമെങ്കിൽ പോക്കറ്റ് കാലിയാകുമെന്ന് ജനങ്ങൾ പറയുന്നു. ഒരു കിലോ ചെറിയ ഉള്ളിക്ക് കൊടുക്കണം 90 രൂപയ്ക്കു മുകളിൽ. കഴിഞ്ഞ മൂന്ന് മാസമായി ചെറിയ ഉള്ളി, മുരിങ്ങക്കായ എന്നിവയുടെ വില 90% ഉയർന്നു. കഴിഞ്ഞ ഒരു മാസമായി മറ്റു പച്ചക്കറികൾക്കും 20% വരെ വിലക്കയറ്റം ഉണ്ടായിട്ടുള്ളതായി കച്ചവടക്കാരും പറയുന്നു.മൊത്ത വിപണിയിൽ ഏതാനും ദിവസങ്ങൾക്കിടയിൽ ബീൻസ് വില കിലോയ്ക്ക് 30–40 രൂപ വരെ വർധിച്ചു. കാരറ്റ്, പയർ എന്നിവയ്ക്കും കിലോയ്ക്ക് 30 രൂപ വർധിച്ചു. സവാള, കിഴങ്ങ് എന്നിവയുടെ വില
കുറച്ചു ദിവസമായി ഉയർന്നു നിൽക്കുകയാണ്.എന്നാൽ തക്കാളിയുടെ മൊത്തവ്യാപാര വില 25 രൂപയായി കുറഞ്ഞു. കുറച്ചു ദിവസങ്ങൾക്കു മുൻപു 50 രൂപയായി ഉയർന്നിരുന്നു. കിഴങ്ങിന് ഇപ്പോൾ 35 മുതൽ 45 രൂപ വരെയാണ് വില. ഗുജറാത്തിൽ നിന്നു വരുന്നവയ്ക്കാണ് 35 രൂപ. ഊട്ടിയിൽ നിന്നുള്ള കിഴങ്ങിനു 45 രൂപയാണ് മൊത്തവിപണിയിലെ വില.വിവിധ സംസ്ഥാനങ്ങളിൽ കാലം തെറ്റി പെയ്ത മഴ തന്നെയാണ് വിലക്കയറ്റത്തിനു കാരണം. മഴയെത്തുടർന്നു പച്ചക്കറി ചെടികളിലെ പൂവ് നഷ്ടപ്പെട്ട് ഉൽപാദനം കുറഞ്ഞു. മിക്കയിടങ്ങളിലും ആവശ്യത്തിന് സാധനങ്ങൾ ലഭ്യമാകുന്നില്ല. ലേല തുക കൂടും. ലഭ്യതക്കുറവ് വിലക്കയറ്റത്തിന് കാരണമാകുന്നു.