വ്യാജ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്താൽ നിങ്ങൾ ഓൺലൈൻ തട്ടിപ്പിന് ഇരയായേക്കാം...

ഓൺലൈൻ തട്ടിപ്പുകൾക്കിരയാകുന്നവരിൽ അധികവും വ്യാജ ആപുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടിട്ടുണ്ട്. 
വ്യാജ ആപുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് വഴി നിങ്ങളുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെടാനും തട്ടിപ്പിനിരയാകാനും സാധ്യതയുള്ളതായി കേന്ദ്ര ഐ ടി മന്ത്രാലയത്തിന് കീഴിലുള്ള കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (Cert-In) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  

വാലറ്റുകൾ അധികാരികമായത് എന്ന് ഉറപ്പാക്കിയ ശേഷം പ്‌ളേ സ്റ്റോറുകൾ, ആപ്പ് സ്റ്റോറുകൾ വഴി മാത്രം ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. SMS ലൂടെയോ, മറ്റു ലിങ്കുകളിലൂടെയോ, ഇമെയിൽ വഴിയോ അയച്ചുകിട്ടുന്ന ലിങ്കുകൾ വഴി ഒരിക്കലും ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്.
മൊബൈൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നവേളയിൽ പലതരത്തിലുള്ള പ്രവേശന അനുമതി (access permission ) ആവശ്യപ്പെടാറുണ്ട്.
എന്നാൽ, അൽപ്പം മുൻകരുതലോടെ ആപ്പുകളെ സമീപിച്ചാൽ സുരക്ഷാഭീഷണി കുറയ്ക്കാനാകും. ആവശ്യമുള്ള പെര്‍മിഷനുകള്‍ക്ക് മാത്രം അനുമതി കൊടുക്കുകയും അല്ലാത്തവ ഡിസേബിള്‍ ആക്കി വെക്കുകയും ചെയ്യുക. കൂടുതല്‍ പെര്‍മിഷനുകള്‍ ചോദിക്കുന്ന ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക.  

പരസ്യങ്ങളുടെ ആധിക്യവും ശല്യപ്പെടുത്തുന്ന വിധത്തിലുള്ള പോപ് അപ് പരസ്യങ്ങളും അശ്ലീല മയമായ പരസ്യങ്ങളും മാത്രമല്ല വ്യാജ ആപ്ലിക്കേഷനുകള്‍ മുഖേനയുള്ള പ്രശ്‌നങ്ങള്‍. നമ്മുടെ എല്ലാ സ്വകാര്യ വിവരങ്ങളും ഈ ആപ്ലിക്കേഷനുകള്‍ ചോര്‍ത്തിയെടുക്കും. കൂടാതെ, ക്യാമറകളുടെ നിയന്ത്രണം ഏറ്റെടുക്കാനും മൊബൈലില്‍ നാം ടൈപ്പ് ചെയ്യുന്ന പിന്‍കോഡുകളും പാസ് വേഡുകളും കൈവശപ്പെടുത്താനും കൈമാറാനും ഇവക്കാവും. ഉപയോഗിക്കുന്നവര്‍ക്ക് പ്രശ്‌നമാകുന്ന തരത്തില്‍ എല്ലാ വ്യക്തി വിവരങ്ങളും വ്യാജ ആപ്പുകള്‍ ചോര്‍ത്തിയെടുക്കുന്നുണ്ട്. ആയതിനാൽ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന സമയത്ത് നല്ല ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. 

ഏതൊരു ആപ്പുകള്‍ക്ക് താഴെയും ആപ്പുകളുടെ ഡവലപ്പറുടെയും കമ്പനിയുടെ പേരും കോണ്ടാക്ട് ഡീറ്റെയില്‍സും ഔദ്യോഗിക വെബ്‌സൈറ്റ്, ഇ-മെയില്‍ വിവരങ്ങളും നല്‍കിയിരിക്കും. ചെറിയ സ്‌പെല്ലിംഗ് വ്യത്യാസത്തോടെയായിരിക്കും വ്യാജന്മാര്‍ നല്‍കിയിട്ടുണ്ടാവുക. സ്‌പെല്ലിംഗ് നല്ല പോലെ ശ്രദ്ധിച്ചു മാത്രം ഡൗണ്‍ലോഡ് ചെയ്യുക. സൈബർ കുറ്റവാളികൾ ഉപഭോക്താക്കളെ കബളിപ്പിച്ച് യഥാർത്ഥ ആപ്പുകൾ പോലെ തോന്നിക്കുന്ന വ്യാജ ആപ്പുകൾ ഡൗൺലോഡ് ചെയ്യിക്കാനും അവരുടെ സ്‌മാർട്ട്‌ഫോണിലേക്ക് ബാക്ക്‌ഡോർ എൻട്രി അനുവദിക്കാനും കഴിയും.
ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പായി ആപ്പ് റിവ്യൂ പരിശോധിക്കേണ്ടതുണ്ട്. യൂസര്‍ റിവ്യൂകളും വായിക്കുന്നത് നല്ലതാണ്. വ്യാജ ആപ്പുകളെ തിരിച്ചറിയാന്‍ യൂസര്‍ റിവ്യൂകള്‍ കൊണ്ട് സാധിക്കും. മോശം കമന്റുകളും കുറഞ്ഞ റേറ്റിംഗുമായിരിക്കും വ്യാജ ആപ്പുകള്‍ക്കുണ്ടാവുക. വ്യാജ അപ്ലിക്കേഷനുകൾ കണ്ടെത്താനും നീക്കംചെയ്യാനും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിരവധി സുരക്ഷാ പരിശോധനകൾ നിലവിലുണ്ട്. ആപുകൾ സംബന്ധിച്ച പരാതികൾ നിങ്ങൾക്കും റിപ്പോർട്ട് ചെയ്യാവുന്നതാണ്.  

നിങ്ങൾ ഓൺലൈൻ തട്ടിപ്പിനിരയായാൽ സൈബർ ഹെൽപ്പ്‌ലൈൻ നമ്പർ ആയ 1930 ൽ വിളിക്കാവുന്നതാണ്.

#keralapolice #onlinefraud #cybercrime