സർവീസ് നടത്തുന്നത് ഇരുന്നൂറോളം ബസുകൾ സ്ഥലപരിമിതിയിൽ വീർപ്പുമുട്ടി ആറ്റിങ്ങൽ ബസ് സ്റ്റാൻഡ്

ആറ്റിങ്ങൽ : സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുകയാണ് ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡ്. ബസ് ജീവനക്കാരുടെ അശ്രദ്ധമൂലമുണ്ടാകുന്ന അപകടങ്ങളും ഇവിടെ തുടരുകയാണ്. ഉത്രാടദിവസം രാത്രിയിൽ ബസിൽ കയറുന്നതിനിടെ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചതാണ് ഒടുവിലത്തെ സംഭവം.

മടവൂർ തുമ്പോട് സീമന്തപുരം കൊപ്പത്തിൽവീട്ടിൽ ഭാസ്കരക്കുറുപ്പ് (55) ആണ് മരിച്ചത്. ഏഴിന് രാത്രി ഏഴരയോടെ വർക്കലയിലേക്ക്‌ പോകുന്ന ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതിവീണു. ഭാസ്കരക്കുറുപ്പിന്റെ കാലിലൂടെ ബസ് കയറി. പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചു. എട്ടിന് വൈകീട്ട് മരിച്ചു. അപകടത്തിൽപ്പെട്ടതാരാണെന്ന് തിരിച്ചറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഇതുപോലുള്ള നിരവധി സംഭവങ്ങൾ ബസ് സ്റ്റാൻഡിൽ ഉണ്ടായിട്ടും പരിഹാരനടപടികൾ ഒന്നും ഉണ്ടായിട്ടില്ല.

നഗരഹൃദയത്തിലാണ് ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡ് പ്രവർത്തിക്കുന്നത്. സ്വകാര്യ ബസുകൾക്കു മാത്രമായുള്ള സ്റ്റാൻഡാണിത്. നവീകരണവും സ്റ്റാൻഡ് മാറ്റലും പറഞ്ഞുകേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല. നഗരസഭയ്ക്ക് കാര്യമായ വരുമാനം നേടിക്കൊടുക്കുന്ന ഇടമായിരുന്നിട്ടും ആവശ്യമായ കരുതൽ സ്റ്റാൻഡിന് ലഭിക്കുന്നില്ലെന്ന് വർഷങ്ങളായി പരാതിയുണ്ട്. കൃത്യമായ ആസൂത്രണത്തിലൂടെ സ്റ്റാൻഡ് നവീകരിച്ചാൽ വർഷാവർഷം കോടികൾ വരുമാനമുണ്ടാക്കാവുന്ന ഇടമായി ഇത് മാറുമെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.സർക്കാരോഫീസുകൾ, കോടതികൾ, പോലീസ് സ്റ്റേഷൻ, താലൂക്കാശുപത്രി, ഹയർ സെക്കൻഡറി സ്കൂളുകൾ, കോളേജുകൾ, പോളിടെക്‌നിക്, ഐ.ടി.ഐ. എന്നിങ്ങനെ പൊതുജനങ്ങൾ നിത്യേന ഇടപെടേണ്ട ഒരുപാട് കേന്ദ്രങ്ങൾ ആറ്റിങ്ങലിലുണ്ട്. ഇവിടങ്ങളിലേക്കെല്ലാം വിവിധ ആവശ്യങ്ങൾക്കായി ദിവസവും നൂറുകണക്കിനാളുകൾ വന്നുപോകുന്നു. ഇവരിൽ ഭൂരിപക്ഷവും മുനിസിപ്പൽ ബസ് സ്റ്റാൻഡിനെയാണ് ആശ്രയിക്കുന്നത്.


നഗരസഭയ്ക്ക് ലക്ഷങ്ങൾ വരുമാനം നൽകുന്ന ബസ്‌ സ്റ്റാൻഡ്


ദേശീയപാതയ്ക്കും പാലസ് റോഡിനും ഇടയ്ക്കുള്ള നഗരസഭാ ഭൂമിയിൽ 1957ലാണ് ബസ് സ്റ്റാൻഡ് പ്രവർത്തനം തുടങ്ങിയത്. 2239.74 ചതുരശ്രമീറ്ററാണ് വിസ്തൃതി. 18 ബസുകളാണ് അന്ന് ആറ്റിങ്ങലിൽ നിന്ന് ഗതാഗതം നടത്തിയിരുന്നത്. ഇന്ന് ഇരുന്നൂറോളം ബസുകൾ ഇവിടം കേന്ദ്രമാക്കി സർവീസ് നടത്തുന്നു. വർഷങ്ങൾക്കുമുമ്പ് ദേശീയപാതയോടു ചേർന്ന് ബസ് സ്റ്റാൻഡിനുള്ളിൽ നഗരസഭ ഇരുനിലക്കെട്ടിടം പണിതു. ഈ കെട്ടിടത്തിൽ വ്യാപാരസ്ഥാപനങ്ങളും പരിശീലനകേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. സ്റ്റാൻഡിനുള്ളിൽ ചെറിയ ബങ്കുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽനിന്നെല്ലാം വാടകയിനത്തിൽ ലക്ഷക്കണക്കിന് രൂപ നഗരസഭയ്ക്ക് ലഭിക്കുന്നുണ്ട്.


സ്റ്റാൻഡ് ഉപയോഗിക്കുന്നതിന് ബസുകളിൽനിന്നു ഫീസ് ഈടാക്കുന്നുണ്ട്. ഇത് വർഷാവർഷം ലേലംചെയ്ത് നല്കുകയാണ് പതിവ്. ആവശ്യത്തിന് സ്ഥലമില്ലാത്തതും വെളിച്ചമില്ലാത്തതും ബസ്‌ ജീവനക്കാർക്കും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ബസ് സ്റ്റാൻഡ് മാമത്തേക്ക്‌ മാറ്റാനുള്ള ശ്രമം നഗരസഭ നടത്തിയെങ്കിലും മാമത്തെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കേസുണ്ടായതോടെ അത് നടപ്പാകാതെപോയി. കെ.എസ്.ആർ.ടി.സി.യുടെ ഭൂമി പ്രയോജനപ്പെടുത്തി ബസ് സ്റ്റാൻഡ് മാറ്റാനുള്ള ശ്രമങ്ങളും ഫലം കണ്ടില്ല. ബസ് സ്റ്റാൻഡ് കാലോചിതമായി നവീകരിക്കുന്നതിനുള്ള നടപടികളും ഉണ്ടായില്ല. മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ അപകടങ്ങളൊഴിവാക്കാൻ കർശന നടപടികളുണ്ടാകണമെന്നും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.