വാഹനം ഓഫാക്കാതെ ഡ്രൈവർ ഓഫായി; മദ്യപിച്ച ഡ്രൈവർ ലോറി നടുറോഡിൽ നിർത്തി ഉറങ്ങി


മദ്യപിച്ചു ലക്കുകെട്ട ഡ്രൈവർ ലോറി നടുറോഡിൽ നിർത്തിയിട്ട് ഉറങ്ങി. കൊല്ലം-തിരുമംഗലം ദേശീയപാതയിലെ ഒറ്റക്കല്ലിൽ ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. തമിഴ്നാട്ടിൽനിന്ന് സിമന്റ് കയറ്റിവന്ന ലോറി ഒറ്റക്കൽ ഹയർ സെക്കൻഡറി സ്കൂളിനുമുമ്പിലെത്തിയപ്പോൾ നടുറോഡിൽ നിർത്തുകയായിരുന്നു.മദ്യപിച്ച ഡ്രൈവറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് സഹായി ഇതിനിടയിൽ മറ്റൊരു ലോറിയിൽ കയറി സ്ഥലംവിടുകയും ചെയ്തു. സ്റ്റാർട്ട് ചെയ്ത ലോറി റോഡിൽത്തന്നെ കിടക്കുന്നതുകണ്ട് പ്രദേശവാസികൾ നോക്കിയപ്പോൾ ഡ്രൈവർ ഉറങ്ങുന്നതാണു കണ്ടത്. 15 മിനിറ്റ് കഴിഞ്ഞ് ഡ്രൈവർ ലോറിയെടുത്തു പോകാൻ ശ്രമിച്ചങ്കിലും വിജയിച്ചില്ല.
ഇതിനിടയിൽ ലോറി പിന്നോട്ടുരുളാൻ തുടങ്ങിയത് മറ്റുള്ള വാഹനങ്ങൾക്കും ഭീഷണിയായി. പിന്നീട് ഒരു വിധത്തിൽ റോഡിന്റെ വലതുവശത്തേക്ക് ലോറി ഒതുക്കിയിട്ടു. വിവരമറിഞ്ഞ് തെന്മല പോലീസ് സ്ഥലത്തെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തുഇയാൾക്കെതിരേ കേസെടുത്തതായി തെന്മല പോലീസ് അറിയിച്ചു.