അത്തത്തെ വരവേറ്റ് വടക്കുംനാഥന്റെ തെക്കേ നടയിൽ ഭീമൻ പൂക്കളം

തൃശൂർ: അത്തത്തെ വരവേറ്റ് വടക്കുംനാഥന്റെ തെക്കേ നടയിൽ ഭീമൻ പൂക്കളം വിരിഞ്ഞു. തൃശൂർ തേക്കിൻകാടിലെ സായാഹ്ന സൗഹൃദ കൂട്ടായ്മയാണ് പൂക്കളം ഒരുക്കിയത്. 1500 കിലോ പൂക്കൾ ഉപയോഗിച്ച് 60 അടി വ്യാസത്തിലാണ് പൂക്കളം തയ്യാറാക്കിയത്.

അത്തം പുലരുമ്പോൾ വടക്കുംനാഥന്റെ തെക്കേ ഗോപുര നടയിലേക്ക് ആളുകൾ ഒഴുകിയെത്തും. പൂരത്തിന് വർണ്ണങ്ങളുടെ മത്സരമായി കുടമാറ്റം നടക്കുന്ന തെക്കേ നടയിൽ ഈ ദിവസം വിരിയുന്നത് സൗഹൃദത്തിന്റെ വർണ്ണങ്ങളാണ്. തൃശൂർ തേക്കിൻകാട്ടിൽ ഒത്തുചേരുന്ന സായാഹ്ന സൗഹൃദ കൂട്ടായ്മ ഒരുക്കുന്ന ഭീമൻ പൂക്കളത്തിന് ചരിത്രത്തിൽ ഇടമുണ്ട്. പുലർച്ചെ 5 മണിക്ക് ആരംഭിച്ച പൂക്കളത്തിന്റെ നിർമ്മാണം 10 മണിയോടെയാണ് പൂർത്തിയായത്. കൂട്ടായ്മയിലെ 100 ലധികം അംഗങ്ങൾ പൂക്കളം ഒരുക്കാൻ എത്തി

സായാഹ്ന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭീമൻ പൂക്കളം ഒരുക്കാൻ തുടങ്ങിയിട്ട് പതിനഞ്ചാണ്ട് പിന്നിട്ടു. കൊവിഡ് പ്രതിസന്ധിയിലും പ്രതീകാത്മകമായി പൂക്കളം ഒരുക്കാൻ ഇവർ മറന്നില്ല. നിയന്ത്രണങ്ങൾ അവസാനിച്ച ഈ വർഷം ഭീമൻ പൂക്കളം നാട്ടുകാർക്കും ആവേശമായി.പൂക്കളം കാണാനും സെല്‍ഫി എടുക്കാനും നിരവധി പേരാണ് ഈപ്പോഴും ഇവിടേയ്ക്ക് എത്തുന്നത്.