വളർത്തുനായ്ക്ക് ലൈസൻസും വാക്സിനേഷനും നിർബന്ധം; കർശന നിർദേശം, സർക്കുലർ ഇറക്കി

സംസ്ഥാനത്ത് വളർത്തുനായ്ക്കൾക്ക് ലൈസൻസ്, വാക്സിനേഷൻ എന്നിവ നിർബന്ധമാക്കി സർക്കുലർ. തെരുവുനായ ആക്രമണവും പേപ്പട്ടിയുടെ കടിയേറ്റവരുടെ എണ്ണവും വർധിച്ച സാഹചര്യത്തിൽ പഞ്ചായത്ത് ഡയറക്ടറാണ് സർക്കുലറിറക്കിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ മുഴുവൻ വളർത്തുനായ്ക്കൾക്കും ലൈസൻസ് എടുത്തിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറിമാർ ഉറപ്പാക്കണമെന്നാണ് നിർദേശം. 

പഞ്ചായത്ത് വാർഡ് തലത്തിൽ വാക്സിനേഷൻ ക്യാംപുകൾ സംഘടിപ്പിച്ച് മുഴുവൻ വളർത്തുനായ്ക്കൾക്കും വാക്സിനേഷൻ നടത്തിയെന്നു ഉറപ്പാക്കി റിപ്പോർട്ട് നൽകണമെന്നാണ് സർക്കുലറിൽ പറഞ്ഞിരിക്കുന്നത്. ലൈസൻസിൽ പറഞ്ഞിട്ടുള്ള ചട്ടങ്ങൾ പ്രകാരമുള്ള നിബന്ധനകൾ പാലിക്കാത്ത ഒരു വ്യക്തിക്കും പഞ്ചായത്ത് പ്രദേശത്ത് നായ്ക്കളെ വളർത്താൻ അനുമതിയുണ്ടാകില്ല. ഇതു സംബന്ധിച്ച് കർശന നിർദേശം നൽകി പഞ്ചായത്ത് സെക്രട്ടറിമാർ നോട്ടീസുകൾ പുറപ്പെടുവിക്കണമെന്നും നിർദേഷത്തിൽ പറയുന്നു. 

ജനിക്കുന്ന സമയം തന്നെ നായ്ക്കുഞ്ഞുങ്ങൾക്ക് വാക്സിനേഷൻ നൽകുന്നത് സംബന്ധിച്ചും പേവിഷബാധ, വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന പ്രവണത എന്നിവയ്ക്കെതിരെയും ബോധവത്കരണം നൽകണം. വീട്ടിൽ വളർത്തുന്ന എല്ലാ നായ്ക്കൾക്കും കാലാകാലങ്ങളിൽ വാക്സിനേഷൻ നിർബന്ധമായി എടുക്കുന്നതിന് മൃ​ഗാശുപത്രി മുഖേനയുള്ള സൗജന്യം പ്രയോജനപ്പെടുത്തണമെന്നും നിർദേശത്തിലുണ്ട്