കൊണ്ടുപോയ ആംബുലൻസിൻ്റെ വാതിൽ ലോക്കായി കുടുങ്ങി, പരുക്കേറ്റ രോഗി മരിച്ചു

ആംബുലൻസിന്റെ വാതിൽ തുറക്കാൻ കഴിയാതെ ഏറെ നേരം അകത്തു കുടുങ്ങിയ രോഗി മരിച്ചു. ഫറോക്ക് കരുവൻതിരുത്തി എസ്പി ഹൗസിൽ കോയമോനെ (66) സ്കൂട്ടറിടിച്ചു സാരമായി പരുക്കേറ്റ നിലയിൽ ഗവ. ബീച്ച് ആശുപത്രിയിൽ നിന്നു ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയ ആംബുലൻസിന്റെ വാതിലാണ് തുറക്കാനാവാത്ത വിധം അടഞ്ഞുപോയത്. ഒടുവിൽ മഴു ഉപയോഗിച്ചു വാതിൽ വെട്ടിപ്പൊളിച്ച് പുറത്തെടുത്ത് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ചെറൂട്ടി റോഡിലെ സ്ഥാപനത്തിൽ സുരക്ഷാ ജീവനക്കാരനായ കോയമോൻ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ റെഡ് ക്രോസ് റോഡിനു സമീപത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോഴാണു സ്കൂട്ടർ ഇടിച്ചത്. ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച കോയമോനെ സ്ഥിതി ഗുരുതരമായതോടെ മെഡിക്കൽ കോളജിലേക്കു മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു. ബീച്ച് ആശുപത്രിയിലെ ആംബുലൻസിൽ ഉടൻ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.”

ഒരു ഡോക്ടറും കോയമോന്റെ സുഹൃത്തുക്കളായ 2 പേരും ആംബുലൻസിലുണ്ടായിരുന്നു. മെഡി. കോളജ് അത്യാഹിത വിഭാഗത്തിലെത്തിയപ്പോൾ അകത്തുള്ളവർ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ചവിട്ടിത്തുറക്കാനുള്ള ശ്രമവും ഫലിച്ചില്ല. ഇതിനിടെ ആംബുലൻസ് ഡ്രൈവർ പുറത്തിറങ്ങി സ്ക്രൂഡ്രൈവർ ഉപയോഗിച്ച് വാതിൽ തുറക്കാൻ നോക്കിയിട്ടും നടന്നില്ല. ഇതിനിടയിൽ ഒരാൾ ചെറിയ മഴുകൊണ്ടു വന്നു വാതിൽ വെട്ടിപ്പൊളിച്ചാണ് കോയമോനെ പുറത്തെടുത്തത്.