കണ്ണീരോർമയായി അഫ്ര; ‘ഞാൻ അനുഭവിച്ച വേദന എന്റെ അനിയനുണ്ടാകരുത്’

മാട്ടൂൽ (കണ്ണൂർ) • എല്ലാവരെയും സങ്കടത്തിലാഴ്‍ത്തി, സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗബാധിതയായ മാട്ടൂൽ സെൻട്രലിലെ അഫ്ര അന്തരിച്ചു. പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എസ്എംഎ രോഗബാധിതനായ സഹോദരൻ മുഹമ്മദിനു ചികിത്സാസഹായം ആവശ്യപ്പെട്ടു അഫ്ര വീൽചെയറിൽ ഇരുന്നു നടത്തിയ അഭ്യർഥന ലോകം മുഴുവൻ കേട്ടിരുന്നു. കോടികളുടെ പുണ്യമാണ് അഫ്രയുടെ വീട്ടിലേക്ക് ഒഴുകി എത്തിയത്.

• മറക്കാനാകാതെ മാട്ടൂൽ


അഫ്രയുടെ സൗഖ്യത്തിനായി പ്രാർഥനയിലായിരുന്നു മാട്ടൂൽ ഗ്രാമമൊന്നാകെ. മാട്ടൂൽ സെൻട്രൽ സ്വദേശി അഫ്രയെ ആർക്കും അത്ര വേഗത്തിൽ മറക്കാനാകില്ല. എസ്എംഎ എന്ന അപൂർവ ജനിതകരോഗം ബാധിച്ച കുഞ്ഞനിയൻ മുഹമ്മദിനു മരുന്നു വാങ്ങാൻ‌ സഹായിക്കണമെന്ന്, ഇതേ രോഗം ബാധിച്ച അഫ്ര വിൽചെയറിൽ ഇരുന്നുകൊണ്ട് അഭ്യർഥിച്ചപ്പോൾ നാടു മുഴുവൻ ഏറ്റെടുത്തിരുന്നു. 18 കോടി രൂപയുടെ മരുന്ന് ഇറക്കുമതി ചെയ്യാനാണ് അഫ്ര കുഞ്ഞനിയനുവേണ്ടി സഹായം ചോദിച്ചത്.‌
ഞാൻ അനുഭവിക്കുന്ന വേദന എന്റെ അനിയനുണ്ടാകരുതെന്നു പറഞ്ഞ അഫ്രയുടെ വാക്കുകൾ നാട് ഒന്നായി ഏറ്റെടുത്തു. 46 കോടിയുടെ കാരുണ്യമാണ് നാട് സ്വരുക്കൂട്ടി നൽകിയത്. കുറച്ചു ദിവസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. 2021 ഓഗസ്റ്റ് 24 നാണ് മുഹമ്മദിന് മരുന്നു കുത്തിവച്ചത്. ഫിസിയോ തെറപ്പിയും ചെയ്യുന്നുണ്ട്. അഫ്രയ്ക്കും എസ്എംഎ അസുഖത്തിനുള്ള ചികിത്സ നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് അസുഖ ബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.അസുഖ വിവരമറിഞ്ഞു മുൻപ് സഹായം ചെയ്ത ഒട്ടേറെപ്പേർ ചികിത്സാ സഹായ കമ്മിറ്റിയെയും മാതാപിതാക്കളെയും ബന്ധപ്പെട്ടിരുന്നു. ജില്ലാ പഞ്ചായത്ത് കഴിഞ്ഞ ദിവസം അഫ്രയ്ക്ക് ഇലക്ട്രോണിക് വീൽചെയർ നൽകി. മന്ത്രി ആർ.ബിന്ദു നേരിട്ട് വീട്ടിലെത്തിയാണ് അഫ്രയ്ക്ക് വീൽചെയർ നൽകിയത്. അസുഖം മാറി അഫ്ര തിരിച്ചുവരുന്നതു കാത്തിരിക്കുകയായിരുന്നു നാട്ടുകാർ. മകൾ ആശുപത്രിയിൽ ആയതോടെ വിദേശത്ത് ജോലിക്കു പോയ അഫ്രയുടെ പിതാവ് റഫീഖ് നാട്ടിൽ എത്തിയിരുന്നു.