തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻ ദേവുമായുള്ള വിവാഹം സെപ്റ്റംബർ നാലിന് നടക്കും. എകെജി ഹാളിൽ വച്ച് രാവിലെ 11നാണ് കല്യാണം. എസ്എഫ്ഐ പ്രവർത്തകരായി തുടങ്ങിയ പരിചയമാണ് ഇരുവരും തമ്മിലുള്ള പുതു ജീവിതത്തിന് വഴിതുറക്കുന്നത്. ഏതാനും മാസം മുൻപ് ഇരുവരുടെയും വീട്ടുകാരും പാർട്ടി നേതാക്കളും ചേർന്ന് വിവാഹ നിശ്ചയം നടത്തിയിരുന്നു.
സിപിഎമ്മിന്റെ യുവതലമുറയുടെ പ്രതീക്ഷകളായ ഇരുവരും തമ്മിലുള്ള വിവാഹം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് പാർട്ടിയും. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ക്ഷണക്കത്ത് തയാറാക്കിയിരിക്കുന്നത്. ആർഭാടങ്ങളൊന്നുമില്ലാത്ത ക്ഷണക്കത്തിൽ സച്ചിന്റെയും ആര്യയുടെയും പാർട്ടിയിലെ ഭാരവാഹിത്വം പറഞ്ഞാണ് പരിചയപ്പെടുത്തൽ.