വടക്കന്‍ കേരളത്തില്‍ കനത്ത മഴ, മൂന്ന് മരണം,ഡാമുകൾ തുറന്നു

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. കോഴിക്കോട്ട് രണ്ടുപേരും വയനാട്ടില്‍ ഒരാളും മരിച്ചു. വയനാട്ടില്‍ വീടിന്‍റെ സംരക്ഷണ ഭിത്തി നിര്‍മാണത്തിനിടെ മണ്‍തിട്ടയിടിഞ്ഞ് കോളിയാടി നായ്ക്കപ്പടി കോളനിയിലെ ബാബു മരിച്ചു. കോഴിക്കോട്ട് പായല്‍ നിറഞ്ഞ കുളത്തില്‍ വീണ് എടച്ചേരി ആലിശേരി സ്വദേശി അഭിലാഷിനും ജീവന്‍ നഷ്ടമായി.  40 വയസായിരുന്നു. ചെറുവണ്ണൂര്‍ അറക്കല്‍പാടത്ത് സൈക്കിളില്‍ പോയ 12 വയസുകാരന്‍ അമ്മോത്ത് വീട്ടില്‍ മുഹമ്മദ് മിര്‍ഷാദ് കുളത്തില്‍ വീണാണ് മരിച്ചത്. കോഴിക്കോട് കക്കയം ഡാമിന്റെ വ്യഷ്ടിപ്രദേശങ്ങളിൽ കനത്ത മഴയായതിനാൽ ഡാമിൽ നിന്നും പുറത്തു വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. ശക്തമായ മഴയിൽ കുറ്റ്യാടി കായക്കൊടി റോഡിൽ വെള്ളം കയറി. കല്ലാച്ചി ടൗണും വെള്ളത്തിലാണ്. വയനാട്ടിൽ 16 ദുരിതാശ്വാസ ക്യാപുകളിലായി 206 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

അതേസമയം, ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അട്ടപ്പാടി ചുരം വഴിയുള്ള വാഹന യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നു വൈകിട്ട് ആറ് മുതല്‍ ചൊവ്വാഴ്ച വൈകിട്ട് ആറു മണി വരെ ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതം ജില്ലാ കലക്ടർ നിരോധിച്ചു. ടോറസ്, ടിപ്പര്‍, ഗുഡ്‌സ് ലോറികള്‍ തുടങ്ങിയ ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതത്തിനാണ് നിയന്ത്രണം. അട്ടപ്പാടി മേഖലയില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന ഒട്ടേറെ പ്രദേശങ്ങള്‍ ഉള്ളതിനാലും ചുരം റോഡില്‍ മരങ്ങളും ചില്ലകളും വീഴുന്നതായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലുമാണ് നടപടി.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും മുപ്പത് സെന്റീമീറ്റർ വീതം തുറന്നു. നിലവിൽ 111.03 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. റൂൾ കർവ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് പരമാവധി സംഭരണ ശേഷി എത്തും മുൻപ് ഡാം തുറന്നത്. കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴയുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ഉൾപ്പെടെ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. 115.06 മീറ്ററാണ് മലമ്പുഴ ഡാമിന്റെ പരമാവധി സംഭരണ ശേഷി.