കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ

ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍. പുരുഷന്മാരുടെ 61 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഗുരുരാജ പൂജാരി വെങ്കലം നേടി. ആകെ 269 കിലോ ഉയര്‍ത്തിയാണ് ഗുരുരാജ വെങ്കലം നേടിയത്.

സ്‌നാച്ചില്‍ 118 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 151 കിലോയും ഉയര്‍ത്തിയാണ് താരം വെങ്കലമെഡല്‍ കഴുത്തിലണിഞ്ഞത്. ഈ ഇനത്തില്‍ മലേഷ്യയുടെ അസ്‌നില്‍ ബിന്‍ ബിഡിന്‍ മുഹമ്മദ് സ്വര്‍ണം നേടി. 285 കിലോ ഉയര്‍ത്തിയാണ് താരം സ്വര്‍ണം നേടിയത്. പാപ്പുവ ന്യൂ ഗിനിയയുടെ മൊറിയ ബാരു വെള്ളി നേടി.

സ്‌നാച്ചിലെ ആദ്യ ശ്രമത്തില്‍ 115 കിലോ ഉയര്‍ത്തിയ ഗുരുരാജ രണ്ടാം ശ്രമത്തില്‍ 118 കിലോ ഉയര്‍ത്തി. എന്നാല്‍ 120 കിലോ ഉയര്‍ത്താനുള്ള മൂന്നാം ശ്രമം പാഴായി. സ്‌നാച്ച് അവസാനിക്കുമ്പോള്‍ താരം നാലാമതായിരുന്നു.

എന്നാല്‍ ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ ഉജ്ജ്വല പ്രകടനം പുറത്തെടുത്തതോടെയാണ് താരം വെങ്കലമെഡല്‍ ഉറപ്പിച്ചത്. ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ ആദ്യ ശ്രമത്തില്‍ 144 കിലോയും രണ്ടാം ശ്രമത്തില്‍ 148 കിലോയും ഉയര്‍ത്തിയ ഗുരുരാജ മൂന്നാം ശ്രമത്തില്‍ 151 കിലോ ഉയര്‍ത്തി വെങ്കലമുറപ്പിച്ചു.

2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുരുരാജ വെള്ളിമെഡല്‍ നേടിയിരുന്നു. കോമണ്‍വെല്‍ത്തില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ 127-ാം മെഡലാണിത്.