കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിൽ: അഞ്ച് പേര്‍ കുടുങ്ങി കിടക്കുന്നു

കൊല്ലം: കൊല്ലത്തെ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലുണ്ടായ (kumbhavurutty waterfalls) മലവെള്ളപ്പാച്ചിൽ അപകടം. അപ്രതീക്ഷതിമായുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒരാൾക്ക് തലയ്ക്ക് പരിക്കേറ്റു. അഞ്ച് പേര്‍ മലവെള്ളപ്പാച്ചിലിനിടെ കുടുങ്ങി കിടക്കുകയാണെന്നാണ് വനംവകുപ്പ് അധികൃതര്‍ അറിയിക്കുന്നത്.  പൊലീസും ഫയർഫോഴ്‌സും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. തമിഴ്നാട്ടിൽ നിന്നുള്ള സഞ്ചാരികൾ ധാരാളമായി എത്തുന്ന സ്ഥലമാണിത്. അവധി ദിനമായതിനാൽ ഇന്ന് നല്ല നിലയിൽ ഇവിടെ സഞ്ചാരികളുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടായത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്നും ഇന്നലെയും കനത്ത മഴയാണ് പെയ്തത്. വനമേഖലയിൽ പെയ്ത് മഴയെ തുടര്‍ന്നാണ് മലവെള്ലപ്പാച്ചിലുണ്ടായത്. ചെങ്കോട്ട-അച്ചൻകോവിൽ പാതയിൽ നിന്നും നാല് കിലോമീറ്റർ ഉൾവനത്തിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അച്ചൻകോവിൽ ആറിൻ്റെ കൈവഴിയാറും, പുലിക്കവല, കാനയാർ എന്നീ പ്രദേശങ്ങളിലെ നദികളിലൂടെ ഒഴുകിയെത്തുന്ന അരുവികളും സംഗമിച്ചാണ് കുംഭാവുരുട്ടി ജലപാതത്തിൽ എത്തുന്നത്. 250 അടി ഉയരത്തിൽ നിന്നും ശക്തമായി എത്തുന്ന വെള്ളച്ചാട്ടമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. പാറക്കൂട്ടങ്ങളും ചുഴികളും നിറഞ്ഞ ഈ മേഖലയിൽ പക്ഷേ അപകടങ്ങളും പതിവാണ്