തീയില്ലാത്തയിടത്ത് പുകയുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമം,സംഘപരിവാറിന്റെ ആളുകളുടെ ശബ്ദം സഭയില്‍ ഉയര്‍ത്താനാണ് ശ്രമമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാര്‍ കേസില്‍ അനാവശ്യ പഴി സംസ്ഥാന സര്‍ക്കാര്‍ കേള്‍ക്കേണ്ട കാര്യമില്ല എന്നതിനാലാണ് പരാതിക്കാരിയുടെ ആവശ്യം അംഗീകരിച്ച്‌ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സോളാര്‍ കേസില്‍ കേസെടുത്തത് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. ഇപ്പോള്‍ കെട്ടിപ്പൊക്കാന്‍ ശ്രമിക്കുന്നതും അതും തമ്മില്‍ ബന്ധിപ്പിക്കുന്നതെങ്ങനെയാണ്?. സ്വര്‍ണക്കടത്തു കേസ് സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്ന് എങ്ങനെ ആക്ഷേപിക്കാനാകും. സംസ്ഥാന സര്‍ക്കാരല്ലല്ലോ കേസ് അന്വേഷിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

രഹസ്യമൊഴി തിരുത്തിക്കാന്‍ സര്‍ക്കാര്‍ ഇടനിലക്കാര്‍ ശ്രമിച്ചു എന്ന ആക്ഷേപം എതെങ്കിലും തരത്തിലുള്ള വസ്തുതകളുടെ അടിസ്ഥാനത്തിലാണോ പ്രതിപക്ഷം ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചു. 164 പ്രകാരമുള്ള രഹസ്യമൊഴി ആദ്യമായിട്ടല്ല നല്‍കിയിട്ടുള്ളത്. മുൻപും രഹസ്യമൊഴി നല്‍കിയിരുന്നു. ഇടനിലക്കാര്‍ മുഖേന ശ്രമിച്ചു എന്നത് കെട്ടുകഥയാണ്. രഹസ്യമൊഴിയില്‍ എന്തുണ്ടെന്നാണ് പ്രമേയ അവതാരകന്‍ മനസ്സിലാക്കിയത്. ഏതിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ പ്രതിപക്ഷത്തിന് ലഭിച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു.

മൊഴി തിരുത്തിയാല്‍ മാത്രം തീര്‍ന്നുപോകുന്ന കേസാണോ സ്വര്‍ണക്കടത്തെന്ന് മുഖ്യമന്ത്രി ചോദിച്ചു. മൊഴി മാറ്റിയാല്‍ ഇല്ലാതാകുന്ന കേസാണോ ഇത്. ഓരോ ദിവസവും മാറ്റിപ്പറയാന്‍ കഴിയുന്നതാണോ 164 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്. കേസില്‍ പ്രതിയായ യുവതിക്ക് വ്യക്തമായ ഭൗതിക സാഹചര്യം ഒരു സംഘടന ഒരുക്കിക്കൊടുക്കുന്നുണ്ട്. വിശദമായി പരിശോധിച്ചാല്‍ സംഘപരിവാര്‍ ബന്ധം വ്യക്തമാകും. ജോലി, ശമ്പളം, താമസം, വക്കീല്‍, പ്രധാനമന്ത്രിക്ക് കത്തെഴുതാന്‍ ലെറ്റര്‍ ഹെഡ് വരെ സംഘടന നല്‍കുന്നു. ചെല്ലും ചെലവും കൊടുത്തു വളര്‍ത്തുന്നു എന്ന പഴമൊഴിക്ക് തുല്യമാണത്.

ഈ വ്യക്തിയുടെ വാക്കുകളാണ് പ്രതിപക്ഷത്തിന് വേദവാക്യമായി മാറുന്നത്. സംസ്ഥാനത്തെ പൊതു അന്തരീക്ഷം കലുഷിതമാക്കാനുള്ള അന്തരീക്ഷമാണെന്ന് പ്രഥമദൃഷ്ട്യാ തെളിവു ലഭിക്കുമ്പോൾ പൊലീസ് കേസെടുക്കും. പ്രതികള്‍ നിയമത്തിന്റെ വഴി തേടിയിട്ടുമുണ്ട്. പ്രതികള്‍ക്ക് മേല്‍ ഏതെങ്കിലും തരത്തില്‍ സമ്മര്‍ദ്ദമുണ്ടെങ്കില്‍ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. നിയമത്തിൻ്റെ വഴികളിലൂടെയാണ് സര്‍ക്കാര്‍ സഞ്ചരിച്ചിട്ടുള്ളത്. ചില പ്രത്യേക ലക്ഷ്യത്തോടെ കേസില്‍ പ്രതിയായ വ്യക്തി, രാഷ്ട്രീയ നേതാക്കളെയും ഭരണകര്‍ത്താക്കള്‍ക്കുമെതിരെ സസ്‌പെന്‍സ് നിലനിര്‍ത്തുന്ന ആരോപണം ഉന്നയിക്കുബോൾ, അന്വേഷണം നടത്തുന്നതിന് വേവലാതിപ്പെടുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഇടനിലക്കാരനുമായി സംസാരിച്ചതിനെക്കുറിച്ചാണ് പറയുന്നത്. ഇതിന്റെ ഉത്തരവാദിത്തവും സര്‍ക്കാരിന്റെ മേല്‍ കെട്ടിവെക്കാനാണ് ശ്രമിക്കുന്നത്. ഒരു വിഷയത്തിലും ഇടനിലക്കാരനെ വെക്കേണ്ട ആവശ്യം സര്‍ക്കാരിനില്ല. ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായി ബോധ്യപ്പെട്ടാല്‍ നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാരിന് മറുപടിയില്ല. സത്യം വെളിച്ചത്തുവരണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. പ്രതിപക്ഷത്തിന്റെ തിരക്കഥയിലെ സൃഷ്ടിയാണ് ഇടനിലക്കാര്‍. ഇതില്‍ ഒരാള്‍ ബിജെപിയുമായി സഹകരിക്കുന്നയാളാണ്. മറ്റൊരാള്‍ നേരത്തെ ജയ്ഹിന്ദ് ചാനലില്‍ പ്രവര്‍ത്തിച്ചിരുന്ന ആളാണ്. പൊതുരംഗത്തു നില്‍ക്കുന്ന രാഷ്ട്രീയക്കാരെ എന്തും വിളിച്ചു പറയാമെന്ന അവസ്ഥ വരുന്നത് ജനാധിപത്യ പ്രക്രിയയെ അസ്ഥിരപ്പെടുത്താനേ ഉപകരിക്കൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മൂന്ന് പ്രബല കേന്ദ്ര ഏജന്‍സികള്‍ രണ്ടു വര്‍ഷം അന്വേഷിച്ചിട്ടും എങ്ങുമെത്തിയില്ല. നാലു കേന്ദ്ര എജന്‍സി ഉഴുതു മറിച്ചു നോക്കിയിട്ടും ഒരു കച്ചിത്തുരുമ്പ് എങ്കിലും കിട്ടിയിരുന്നെങ്കില്‍ ഇവിടെ ആരെയെങ്കിലും ബാക്കി വെച്ചേക്കുമായിരുന്നോ?. തീയില്ലാത്തയിടത്ത് പുകയുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമം. അതല്ലാതെ പ്രമേയത്തിന് യാതൊരു പ്രസക്തിയുമില്ല. സംഘപരിവാര്‍ ചെല്ലും ചെലവും കൊടുക്കുന്ന, സംഘപരിവാറിന്റെ ആളുകളുടെ ശബ്ദം സഭയില്‍ ഉയര്‍ത്താനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് വല്ലാതെ ദുര്‍ബലപ്പെടുന്നു. കൂടെയുള്ളവരെ സംരക്ഷിക്കുന്നവരാണ് സംഘപരിവാര്‍ എന്ന് അവിടെയുള്ള ആര്‍ക്കെങ്കിലും തോന്നലുണ്ടോയെന്ന് ഇതു കാണുമ്പോൾ സംശയം തോന്നുന്നുവെന്ന് മുഖ്യമന്ത്രി

സ്വര്‍ണം കൊടുത്തയച്ചത് ആര്‍ക്ക്?. സ്വര്‍ണം കിട്ടിയത് ആര്‍ക്ക്, സ്വാഭാവികമായും ഉയരുന്ന ചോദ്യമൊന്നും കോണ്‍ഗ്രസ്, ബിജെപി, അവരോടു ബാന്ധവമുള്ള ആരും ചോദിച്ചില്ല. ബിജെപിക്ക് അലോസരമുണ്ടാക്കുന്ന ഒരു ചോദ്യവും ഉയരില്ല. കേരള പൊലീസിൻ്റെ സുരക്ഷ വേണ്ട എന്നു പറയാന്‍ മാത്രം അവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ ശക്തമായത് ആര് എന്നും മുഖ്യമന്ത്രി ചോദിച്ചു. ഇപ്പോള്‍ ചെല്ലും ചെലവും നല്‍കുന്നത് ബിജെപിയാണെന്ന് പറയുന്നു. അതിന് മുൻപ് ചെല്ലും ചെലവും നല്‍കിയത് സര്‍ക്കാരാണ്. നിങ്ങള്‍ രണ്ടു കൂട്ടരും നല്‍കിയതിന് പ്രതിപക്ഷത്തിന് മേല്‍ പഴി ചാരുന്നതെന്തിനെന്ന് മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ വി ഡി സതീശന്‍ ചോദിച്ചു. മുൻപ് അവര്‍ക്ക് ചെല്ലും ചെലവും നല്‍കിയത് കോണ്‍സുലേറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.