വിശ്വാസ വോട്ട് തേടാൻ ഗവർണറുടെ നിർദ്ദേശം, മഹാരാഷ്ട്രയില്‍ നാളെ നിർണായകം

മുംബൈ: മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്. ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നാളെ നിയമസഭയില്‍ വിശ്വാസവോട്ട് തേടും.വിശ്വാസ വോട്ട് തേടുന്നതിനായി നാളെ നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി നിയമസഭ സെക്രട്ടറിക്ക് കത്തു നല്‍കി. നാളെ രാവിലെ 11 മണിയ്ക്ക് നിയമസഭ ചേരാനാണ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

വിശ്വാസവോട്ടെടുപ്പ് മാത്രമാകും നിയമസഭയുടെ അടിയന്തര സമ്മേളനത്തിന്റെ അജന്‍ഡ്. വൈകീട്ട് അഞ്ചുമണിയ്ക്കകം സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ നിയമസഭയില്‍ കര്‍ശന സുരക്ഷാ നടപടികല്‍ ഒരുക്കണം. വോട്ടെടുപ്പ് വീഡിയോയില്‍ പകര്‍ത്തണം. വിശ്വാസ വോട്ടെടുപ്പ് സംപ്രേക്ഷണം ചെയ്യാനും ഗവര്‍ണര്‍ കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അതിനിടെ ഗുവാഹത്തിയിലുള്ള വിമത എംഎല്‍എമാര്‍ നാളെ മുംബൈയിലേക്ക് മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശ്വാസ വോട്ടിന് ശേഷം ഭാവി പരിപാടികള്‍ സ്വീകരിക്കുമെന്ന് വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. ഷിന്‍ഡെയുടേ നേതൃത്വത്തില്‍ 39 ശിവസേന എംഎല്‍എമാരും ഏഴ് സ്വതന്ത്രരും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഗാഡി സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തി രംഗത്തെത്തിയതോടെയാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്